സി.വിയുടെ വസതിയില്‍ തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്രയ്ക്ക് സ്‌നേഹാദര സ്വീകരണം

Monday 4 January 2016 10:12 pm IST

തിരുവനന്തപുരം: മലയാളത്തിന്റെ ചരിത്രത്തെ ജീവിതത്തോട് കൂട്ടിയിണക്കിയ സി.വി. രാമന്‍പിള്ളയുടെ വസതിയില്‍ തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്രയ്ക്ക് സ്‌നേഹാദര സ്വീകരണം. പഴയ തറവാട് വീടിന്റെ വരാന്തകളില്‍ മണ്‍ചെരാതുകള്‍ തെളിയിച്ചുവച്ചാണ് അഭേദാനന്ദപുരത്തുകാര്‍ മണ്ണും മൊഴിയും സംസ്‌കാരവും സംരക്ഷിക്കാനുള്ള തീര്‍ത്ഥയാത്രയെ വരവേറ്റത്. സിവിയുടെ രണ്ടാം തലമുറയില്‍പ്പെട്ട എണ്‍പതുകാരി സരസ്വതി അമ്മയെ യാത്രാ നായകന്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പൊന്നാടയണിയിച്ച് തപസ്യയുടെ ആദരവ് സമര്‍പ്പിച്ചു. പത്ത് വിരലുകളിലും ഭാവന നിറഞ്ഞ, സമാനതകളില്ലാത്ത എഴുത്തുകാരനായിരുന്നു സിവിയെന്ന് അദ്ദേഹം അനുസ്മരിച്ചു. അതിരുകളില്ലാത്ത തീക്കടലിനെ ഉള്ളില്‍ പേറിയ സര്‍ഗാത്മക പ്രതിഭയായിരുന്നു സിവി. രാജഭരണത്തെ ധിക്കരിച്ച് ഇറങ്ങിപ്പോയ കാലഘട്ടത്തിന്റെ പ്രതിപുരുഷന്‍. സി.വി. രാമന്‍ പിള്ളയ്ക്ക് സമാനനായി കാരമസോവ് സഹോദരന്മാര്‍ എഴുതി ദസ്തയേവ്‌സ്‌കിയും പില്‍ക്കാലത്ത് മലയാളത്തില്‍ ഒ.വി. വിജയനുമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ നിരൂപകന്മാര്‍ സിവിയുടെ ഏഴയലത്തുപോലും വരാന്‍ യോഗ്യതയില്ലാത്ത വാള്‍ട്ടര്‍ സ്‌കോട്ടിനോടാണ് അദ്ദേഹത്തെ ഉപമിച്ചത്. ഒരുകാലത്ത് സിവിയെ തമസ്‌കരിക്കാന്‍ ശ്രമിച്ച കേരളം വാരിപ്പുണര്‍ന്നത്, ഇന്ന് ഒരു കുന്തളതൈലത്തിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന ഒരു പഴയ നോവലാണ്. ചന്തുമേനോന്റേയും എംടിയുടേയും ഒക്കെ പ്രശ്‌നം പൈങ്കിളി പ്രശ്‌നങ്ങളായിരുന്നു. എന്നാല്‍ സിവിയ്ക്ക് രാജ്യത്തിന്റെ ദുര്‍ഭരണത്തിലുണ്ടായ അമര്‍ഷമായിരുന്നു വിഷയമായിരുന്നത്. മലയാള സാഹിത്യത്തിലെ സര്‍ഗാത്മക ധിക്കാരിയെന്ന് വിശേഷിപ്പിക്കാവുന്ന കുമാരനാശാന്‍ സിവിയുടെ മരണത്തില്‍ മനംനൊന്ത് വിശേഷിപ്പിച്ചത് വാഗ്‌ദേവതയുടെ ധീരഭടന്‍ എന്നായിരുന്നുവെന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ ചൂണ്ടിക്കാട്ടി. കവി പി. നാരായണക്കുറുപ്പ്, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ഉണ്ണികൃഷ്ണന്‍, ഡോ. ആര്‍. അശ്വതി, സി.സി. സുരേഷ്, ഡോ. ബാലകൃഷ്ണന്‍ കുളവയല്‍, സി.രജിത് കുമാര്‍, അഡ്വ.കെ.പി. വേണുഗോപാല്‍, പി.ജി. ഗോപാലകൃഷ്ണന്‍, കെ.നരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.