ആന്റിബയോട്ടിക് മരുന്നുകള്‍ കരുതലോടെ ഉപയോഗിക്കണം

Tuesday 5 January 2016 11:21 am IST

കോഴിക്കോട്: അശ്രദ്ധയോടെയുള്ള ആന്റിബയോട്ടിക്ക് മരുന്നുകളുടെ ഉപയോഗം തടയാന്‍ മൃഗസംരക്ഷണവകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും മറ്റു അനുബന്ധവകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. ഇന്ന് ആരോഗ്യമേഖലയെ ആശങ്കപ്പെടുത്തും വിധം വര്‍ദ്ധിച്ചുവരുന്ന ആന്റിബയോട്ടിക് റസിസ്റ്റന്‍സ് എന്ന പ്രതിഭാസം ഒരു വിഭാഗം ആന്റിബയോട്ടിക്കുകളുടെ നിലനില്‍പ്പിനെതന്നെ ദോഷകരമായി ബാധിച്ചു കഴിഞ്ഞു. മനുഷ്യരിലും മൃഗങ്ങളിലും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒന്നുതന്നെയാണ്. പാല്‍, മുട്ട, ഇറച്ചി എന്നിവയിലെ ആന്റിബയോട്ടിക് അംശങ്ങളുടെ അളവ് പരിശോധനയും നിയന്ത്രണവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്ന് ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ ജില്ലാ സമ്മേളനം ചൂണ്ടിക്കാട്ടി. തെരുവുനായ ശല്യത്തിന് പ്രകടമായ കുറവ് വരുത്താന്‍ ഒരു ജില്ലയില്‍ ഇരുപതോളം പ്രത്യേക ശസ്ത്രക്രിയ യൂണിറ്റുകള്‍ നിരന്തരമായി പ്രവര്‍ത്തിക്കണം. അതിനായി അത്രയും ഡോക്ടര്‍മാരെയും സഹായികളെയും നിയമിക്കുകയും പ്രത്യേക ഓപ്പറേഷന്‍ തിയറ്ററുകള്‍ സജ്ജീകരിക്കുകയും ചെയ്യണമെന്ന് കെ.ജിവി.ഒ.എ ആവശ്യപ്പെട്ടു ദിശാബോധമില്ലാത്ത മാലിന്യസംസ്‌ക്കാരം തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സമ്മേളനം മുന്നറിയിപ്പ് നല്‍കി. വെറ്ററിനറി മേഖലയുടെ സേവനം ഭക്ഷ്യസുരക്ഷക്കും പൊതു ജനാരോഗ്യത്തിനും ഒരു പോലെ പ്രയോജനകരമാകണമന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് ഐഎഎസ് അഭിപ്രായപ്പെട്ടു. ഐ.വി.എ ജില്ലാ പ്രസിഡന്റ്‌ഡോ.കെ. മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. കെജിവിഒഎ ജില്ലാ പ്രസിഡന്റ് ഡോ.കെ.കെ. ബേബി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജോണ്‍ കട്ടക്കയം, ഡോ. സിന്ധുബാലന്‍, ഡോ ബിനീഷ് പി.പി, ഡോ. വിനോദ്കുമാര്‍, ഡോ. സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.