മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം അവലോകനയോഗം വിളിക്കണം: ആക്ഷന്‍ കമ്മിറ്റി

Tuesday 5 January 2016 11:25 am IST

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തില്‍ മലാപ്പറമ്പ് ജംഗ്ഷന്‍ നവീകരിക്കാന്‍ 10 കോടി രൂപയും സ്ഥലം അക്വയര്‍ ചെയ്യുന്നതിന് രണ്ടാം ഗഡുവായി 25 കോടി രൂപയും അനുവദിച്ച സാഹചര്യത്തില്‍ അവലോകന യോഗം വിളിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് വീതികൂട്ടുന്നതിനുള്ള സ്ഥലം നല്‍കുമ്പോള്‍ ബാക്കി സര്‍ക്കാര്‍ ഭൂമി മതില്‍ കെട്ടി സംരക്ഷിക്കുവാന്‍ നാലുകോടി രൂപയും ലഭ്യമായിട്ടുണ്ട്. എം.കെ. രാഘവന്‍ എം.പി, പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് അവലോകന കമ്മിറ്റി. യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം.ജിഎസ് നാരായണന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ എന്നിവര്‍ നഗരപാതാ വികസന പദ്ധതിയുടെ ചുമതല വഹിക്കുന്ന മന്ത്രി ഡോ. എം.കെ. മുനീര്‍, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് എന്നിവരോടാവശ്യപ്പെട്ടു. റോഡ് വികസനവുമായി ബന്ധപ്പെട്ട് മാസം തോറും അവലോകനയോഗം വിളിച്ചു ചേര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നുവെങ്കിലും 2015 മാര്‍ച്ച് 28 ന് ശേഷം യോഗം ചേര്‍ന്നിട്ടില്ല. നാലു തവണ യോഗ നോട്ടീസ് ലഭിച്ചിരുന്നുവെങ്കിലും അവസാന സമയത്ത് അവ മാറ്റിവെച്ചതായി ഫോണില്‍ അറിയിക്കുകയാണുണ്ടായത്. ആദ്യ ഗഡുവായി ലഭിച്ച 25 കോടി രൂപക്ക് മലാപ്പറമ്പ് ജംഗ്ഷനു സമീപം ഏതാനും സ്ഥലവും 40 ഓളം കടകളും ഏറ്റെടുക്കുകയാണ് ചെയ്തത്. റോഡ് വികസനത്തിന് മൊത്തം 64 കോടി രൂപയാണ് ഇതോടെ ലഭ്യമായിട്ടുള്ളത്. പ്രഥമ പരിഗണന നല്‍കി സര്‍ക്കാര്‍ ഭൂമി റോഡിന് ഉടന്‍ ലഭ്യമാക്കിയാല്‍ത്തന്നെ റോഡിലെ വാഹന ഗതാഗതം ഒരു പരിധിവരെ സുഗമമാക്കുവാന്‍ കഴിയും. കടകള്‍ ഒഴിഞ്ഞുകൊടുത്തവര്‍ക്കുള്ള നഷ്ട പരിഹാര പാക്കേജ് ഉടന്‍ നടപ്പിലാക്കുകയും വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ മെഗാ പദ്ധതിയായി പ്രഖ്യാപിച്ച ഈ റോഡ് വികസനത്തിന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കുവാന്‍ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും സമീപിക്കുവാന്‍ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.