മലപ്പുറം: പത്താന്‍കോട്ടില്‍ ഭീകരരെ തുരത്തുന്നതിനിടയില്‍ വീരചരമം പ്രാപിച്ച ലഫ്.കേണല്‍ നിരഞ്ജനെ അവഹേളിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ട മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം കോഡൂര്‍ വരിക്കോടന്‍ വീട്ടില്‍ അന്‍വര്‍ സാദിഖ്(24) ആണ് പിടിയിലായത്. അനു അന്‍വര്‍ എന്ന ഇയാളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുവഴി വളരെ മോശമായ രീതിയിലാണ് നിരഞ്ജന്റെ വീരചരമത്തിനോട് പ്രതികരിച്ചിരിക്കുന്നത്. അങ്ങനെ ഒരു ശല്ല്യം കുറഞ്ഞു. ഇനി ഓന്റെ കെട്ടിയോള്‍ക്ക് ജോലിയും പൈസയും, സാധാരണക്കാരന് ഒന്നുമില്ല, നാറിയ ഇന്ത്യന്‍ ജനാധിപത്യം. ഇതായിരുന്നു പോസ്റ്റ്.
ധീരജവാന്റെ വേര്‍പാടില്‍ രാജ്യം മുഴുവന്‍ കണ്ണീരണിഞ്ഞ് നില്ക്കുന്ന വേളയിലാണ് രാജ്യദ്രോഹപരമായ പോസ്റ്റ്. രാജ്യദ്രോഹക്കുറ്റമാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ മാധ്യമം പത്രത്തിലെ ജീവനക്കാരനാണെന്നാണ് ഫെയ്സ് ബുക്കില്‍ കാണിച്ചിരുന്നത്.നവമാധ്യമങ്ങളില്‍ മാധ്യമത്തിന്റെ പേരില്‍തന്നെ ഇത് പ്രചരിക്കുകയും ചെയ്തു. ഇതോടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് മാധ്യമം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്‍വറിനെ അറസ്റ്റ് ചെയ്തത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ ചൊവായൂര്‍ പോലീസ് കോഡൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ചില രേഖകളും പരിശോധനക്കായി പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മുന്‍പ് പല സംഭവങ്ങളിലും ഇയാള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ കേസ് എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താല്‍ ഒരു വിഭാഗമാള്‍ക്കാര്‍ ഇരവാദവുമായി രംഗത്തെത്തും എന്നതിനാല്‍ പോലീസ് ഒരു നടപടിയും എടുക്കാതെ ഇരിക്കുകയായിരുന്നു. മുന്‍പുണ്ടായ സംഭവങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: