മാതാ അമൃതാനന്ദമയീ ദേവിക്ക് കണ്ണൂരില്‍ ഊഷ്മള വരവേല്‍പ്പ്: ബ്രഹ്മസ്ഥാന ക്ഷേത്രം പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ഇന്ന് ആരംഭിക്കും

Tuesday 5 January 2016 9:58 pm IST

കണ്ണൂര്‍: കണ്ണൂര്‍ ബ്രഹ്മസ്ഥാനക്ഷേത്രം വാര്‍ഷിക മഹോത്സവത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതിനായി സദ്ഗുരു മാതാ അമൃതാനന്ദമയീ ദേവി ഇന്നലെ വൈകുന്നേരം കണ്ണൂരിലെത്തി. കണ്ണൂരിലെത്തിയ അമ്മയെ ഭക്തജനങ്ങള്‍ ശിഷ്ടാചാരപ്രകാരം പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ച് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. ഇന്നും നാളെയുമായി പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തില്‍ അമ്മ സംബന്ധിക്കും. ആയിരക്കണക്കിന് ഭക്തര്‍ക്ക് അമ്മ രണ്ടുദിവസങ്ങളിലായി ദര്‍ശനം നല്‍കും. 2011 മെയ് 5ന് ആണ് ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത്. ഇന്ന് രാവിലെ 10.30ന് വേദിയിലെത്തുന്ന അമ്മയെ സാമൂഹിക, സാംസ്‌കാരിക, ആദ്ധ്യാത്മിക പ്രമുഖര്‍ ഹാരാര്‍പ്പണം ചെയ്യും. തുടര്‍ന്ന് അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭക്തിഗാനസുധ, ധ്യാന പരിശീലനം, എന്നിവ ഉണ്ടായിരിക്കും. അതിനു ശേഷം ഓരോരുത്തര്‍ക്കും അമ്മ നേരില്‍ ദര്‍ശനം നല്‍കും. ടോക്കന്‍ സമ്പ്രദായത്തിലൂടെയാണ് ദര്‍ശനത്തിന് ഭക്തര്‍ക്ക് അവസരം ലഭിക്കുക. ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തില്‍ തന്നെ ഭക്തര്‍ക്ക് ടോക്കണുകള്‍ ലഭ്യമാക്കും. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം ദര്‍ശനത്തിന് അവസരം ലഭിക്കും. ഉദയാസ്തമന ശ്രീലളിതാസഹശ്രനാമാര്‍ച്ചന, രാഹുദോഷ നിവാരണ പൂജ, ശനിദോഷ നിവാരണ പൂജ, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, മഹാസുദര്‍ശന ഹോമം, മഹാധന്വന്തരീഹോമം, തുടങ്ങി വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും. രണ്ട് ദിവസങ്ങളിലായി പതിനായിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് കുടിവെള്ളം അവരുടെ ഇരിപ്പിടങ്ങളില്‍ തന്നെ ലഭ്യമാക്കും. കൂടാതെ ക്യാന്റീന്‍ സൗകര്യവും ഉണ്ടായിരിക്കും. മാതാ അമൃതാനന്ദമീ മഠം പ്രസിദ്ധീകരണങ്ങള്‍, അമൃത ആയ്യുര്‍വേദ ഉത്പന്നങ്ങള്‍, ചന്ദനതിരികള്‍, ഓഡിയോ വീഡിയോ സീഡികള്‍, മാതാ അമൃതാനന്ദമയീമഠം നടത്തുന്ന സേവനങ്ങളുടെ എക്‌സിബിഷനുകള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. കണ്ണൂരില്‍ എത്തുന്ന അമ്മയെ സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി തുരീയാമൃതാനന്ദപുരി, സ്വാമി പ്രണവാമൃതാനന്ദപുരി, സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി, സ്വാമിനി കൃഷ്ണാമൃത പ്രാണ തുടങ്ങിയ ശിക്ഷ്യരും വിദേശീയരും, ആശ്രമ അന്തേവാസികളുമടക്കം 800ല്‍ അധികം ആളുകള്‍ അമ്മയെ അനുഗമിക്കും. പരിപാടിയുടെ നടത്തിപ്പിനായി 3000 സന്നദ്ധ സേവകര്‍ പ്രവര്‍ത്തിക്കും. അന്നക്ഷേത്രം, ക്രൗഡ് കണ്‍ട്രോള്‍, കുടിവെള്ള വിതരണം, സെക്യൂരിറ്റി താമസ സൗകര്യം തുടങ്ങിയ വിഭാഗങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാകും. കണ്ണൂരിലെ പരിപാടിക്ക് ശേഷം 8ന് അമ്മ മംഗലാപുരം ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക ഹോത്സവത്തിന് കാര്‍മ്മികത്വം വഹിക്കുന്നതിനായി പോകും. 9, 10 തീയതികളിലാണ് മംഗലാപുരം ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവം. തുടര്‍ന്ന് കോഴിക്കോട്, പാലക്കാട്, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അമ്മ സന്ദര്‍ശനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.