എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴസംഘം നാളെ പുറപ്പെടും

Tuesday 5 January 2016 10:17 pm IST

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളി ശബരിമല ദര്‍ശനം നടത്താന്‍ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം നാളെ യാത്ര തിരിക്കും. 51 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഭക്തര്‍ക്കായി രണ്ടുനേരം അന്നദാനവും അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിലും ഭവനങ്ങളിലുമായി 15 ആഴിപൂജകളും നടത്തിയശേഷമാണ് സംഘം യാത്ര ആരംഭിക്കുന്നത്. അമ്പലപ്പുഴയിലെ ഏഴു കരകളില്‍ നിന്നുള്ള സ്വാമിഭക്തര്‍ ഇന്ന് കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തും. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചുറ്റുവിളക്കുകള്‍ തെളിയിച്ച് പ്രത്യേക പൂജകളും നടത്തി എരുമേലി പേട്ടതുള്ളലിന് എഴുന്നെള്ളിക്കാനുള്ള തിടമ്പ് മേല്‍ശാന്തി കേശവന്‍ നമ്പൂതിരി പൂജിച്ച് സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക് കൈമാറും. തുടര്‍ന്ന് തിടമ്പ് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിലേക്ക് എഴുന്നെള്ളിച്ച് രഥയാത്രയ്ക്ക് ആരംഭംകുറിക്കും. നാളെ രാവിലെ 6.30ന് ആരംഭിക്കുന്ന രഥയാത്ര നഗരപ്രദക്ഷിണമായി അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങള്‍ ദര്‍ശിച്ച് രാത്രി 8.30ഓടെ തിരികെയെത്തും. 8ന് രാവിലെ യാത്രതുടര്‍ന്ന് രാത്രിയോടെ കവിയൂര്‍ ക്ഷേത്രത്തില്‍ എത്തി വിശ്രമിക്കും. 9ന് രാവിലെ രഥഘോഷയാത്ര കവിയൂര്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് മണിമലക്കാവ് ദേവീക്ഷേത്രത്തിലെത്തിച്ചേരും. 10ന് ആഴിപൂജ നടത്തിയശേഷം 11ന് സംഘം എരുമേലിയിലെത്തി വിരിവയ്ക്കും. 12നാണ് ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴസംഘത്തിന്റെ എരുമേലി പേട്ടതുള്ളല്‍. രാവിലെ 9ന് പേട്ടപ്പണംവയ്ക്കല്‍ ചടങ്ങോടെ പേട്ടയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. പത്തുമണിയോടെ സംഘം കൊച്ചമ്പലത്തിലേക്ക് യാത്ര തിരിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പേട്ടതുള്ളല്‍. ആകാശത്ത് വട്ടമിട്ടുപറക്കുന്ന കൃഷ്ണപ്പരുന്തിനെ ദൃശ്യമായതിനുശേഷമേ പേട്ടതുള്ളല്‍ ആരംഭിക്കൂ. ചെറിയമ്പലത്തില്‍ നിന്നും ഇറങ്ങുന്ന സംഘം നേരെ വാവരുപള്ളിയില്‍ പ്രവേശിക്കും. കളഭം തളിച്ചും പുഷ്പവൃഷ്ടി നടത്തിയും പള്ളിഭാരവാഹികള്‍ സംഘത്തെ സ്വീകരിക്കും. വാവരുടെ പ്രതിനിധി സംഘത്തോടൊപ്പം വലിയമ്പലത്തിലേക്ക് നീങ്ങും. വലിയമ്പലത്തിനു മുന്നില്‍ ദേവസ്വം ഭാരവാഹികള്‍ സംഘത്തെ സ്വീകരിക്കും. പേട്ടതുള്ളലിനുശേഷം എരുമേലിയില്‍ ആഴിപൂജയും നടത്തി സംഘം പമ്പയിലേക്ക് യാത്രതിരിക്കും. 14ന് പമ്പസദ്യ നടത്തിയശേഷം സംഘം മലകയറും. 15ന് മകരവിളക്കുദിവസം നെയ്യഭിഷേകവും അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടത്തും. മകരവിളക്കിന്റെ പിറ്റേന്ന് മാളികപ്പുറത്തുനിന്നും സന്നിധാനത്തേക്ക് അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി നടത്തും. പതിനെട്ടാം പടിയില്‍ കര്‍പ്പൂരാരാധന നടത്തിയശേഷം ശീവേലി തിരികെ മാളികപ്പുറത്ത് എത്തി ഇറക്കിയെഴുന്നെള്ളിക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് കര്‍പ്പൂരാഴി പൂജയും നടത്തി പത്തുനാള്‍ നീളുന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് സംഘം മലയിറങ്ങും. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. അമ്പലപ്പുഴ അയ്യപ്പഭക്തസംഘം പ്രസിഡന്റ് കെ. ചന്തു, സെക്രട്ടറി ജി. മോഹനന്‍ നായര്‍, ശ്രീകുമാര്‍ തെങ്കരപ്പറമ്പ്, ജി. ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ തമ്പി, സുരേഷ് ബാബു, കരപ്പെരിയോന്മാരായ പി. സദാശിവന്‍പിള്ള, അശോകന്‍, ഗോപകുമാര്‍, ഹരികുമാര്‍, മണിയന്‍, കെ. ചന്തു, പരമേശ്വരന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.