ആലപ്പുഴ: ഭാരതീയ വിദ്യാനികേതന്റെ പന്ത്രണ്ടാമത് കലോത്സവം എട്ട്, ഒന്‍പത്, പത്ത് തിയതികളില്‍ മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. പത്തുവേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. നേരത്തെ നടത്തിയ സ്റ്റേജിതര മത്സരങ്ങളുടെ വിജയികളെയും കലോത്സവത്തോടനുബന്ധിച്ച് പ്രഖ്യാപിക്കും.
എട്ടിന് ഉച്ചയ്ക്ക് 2.30ന് മാവേലിക്കര ബുദ്ധ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷന് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സമ്മേളനം കേന്ദ്ര സഹമന്ത്രി പൊന്രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങളുടെ ഉദ്ഘാടനം സംഗീത സംവിധായകന് എം.ജയചന്ദ്രന് നിര്‍വ്വഹിക്കും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എം. വേലായുധന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും.
കൊടിക്കുന്നില്‍ സുരേഷ് എംപി കലോത്സവ സന്ദേശം നല്‍കലും ആദരിക്കലും നിര്‍വ്വഹിക്കും. ആര്. രാജേഷ് എംഎല്‍എ, ഡോ. പി. കെ. മാധവന്, സ്വാമി ഗീതാനന്ദ തുടങ്ങിയവരും വിവിധ സാംസ്കാരിക സാമുദായിക നേതാക്കളും പങ്കെടുക്കും. മാവേലിക്കരയുടെ സമീപപ്രദേശങ്ങളിലുള്ള കലാ സാംസ്കാരിക രംഗത്തെ പന്ത്രണ്ടു പ്രമുഖ വ്യക്തികള്‍ പന്ത്രണ്ടു നിലവിളക്കുകള്‍ തെളിയിക്കും.
വിദ്യാനികേതന്റെ സംസ്ഥാനത്ത അഞ്ഞൂറില്പരം വിദ്യാലയങ്ങളിലെ നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ 165ഓളം ഇനങ്ങളില്‍ പങ്കാളികളാവും. മത്സരാര്‍ത്ഥികള്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പഴയിടം മോഹനന് നമ്പൂതിരിയാണ് പാചകത്തിന് നേതൃത്വം നല്‍കുന്നത്. ശുഭാനന്ദാശ്രമം, വെള്ളാപ്പള്ളി നടേശന് കോളേജ് ഓഫ് എഞ്ചിനീയറിങ് തുടങ്ങിയ സ്ഥലങ്ങളിലാണ് മത്സരാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
10ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം സിനിമാ സംവിധായകന് കെ. മധു ഉദ്ഘാടനം ചെയ്യും. മാവേലിക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലീല അഭിലാഷ് അദ്ധ്യക്ഷത വഹിക്കും. ഡോ. സി.ആര്. വിനോദ്കുമാര്‍, ഒ. എസ്. ഉണ്ണികൃഷ്ണന്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം. ടി. രമേശ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹ സംയോജക് നാരായണഭട്ട്, ജില്ലാ പ്രസിഡന്റ് പി. ഡി. കേശവന് നമ്പൂതിരി, സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് അനില്‍ ഹരിശ്രീ, വിദ്യാധിരാജ വിദ്യാപീഠം പ്രിന്‍സിപ്പല്‍ നാരായണക്കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: