പകല്‍-രാത്രി ടെസ്റ്റ് ഇന്ത്യയിലേക്ക്

Tuesday 5 January 2016 10:43 pm IST

മുംബൈ: പകല്‍-രാത്രി ടെസ്റ്റുകള്‍ ഇന്ത്യയിലേക്കും. ആഭ്യന്തര ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റ് ദുലീപ് ട്രോഫിയില്‍ പകല്‍-രാത്രി മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നു. ഇക്കാര്യം പരിഗണിക്കാന്‍ ടെക്‌നിക്കല്‍ കമ്മിറ്റിയോട് ടൂര്‍ ആന്‍ഡ് ഫിക്‌സ്ചര്‍ കമ്മിറ്റി നിര്‍ദേശിച്ചു. ഈ വര്‍ഷം മത്സരക്രമങ്ങള്‍ തീരുമാനമായതിനാല്‍ അടുത്ത സീസണില്‍ പരിഗണിക്കാനാണ് നിര്‍ദേശം. എന്നാല്‍, ഇന്ത്യയിലെ ആദ്യ പകല്‍-രാത്രി ഫസ്റ്റ് ക്ലാസ് മത്സരമാകില്ല അത്. 1996-97 സീസണിലെ രഞ്ജി ട്രോഫി ഫൈനല്‍ പകലും രാത്രിയുമായാണ് നടന്നത്. ഏപ്രിലില്‍ നടന്ന മത്സരത്തില്‍ അന്ന് വെള്ളപ്പന്തുകളാണ് ഉപയോഗിച്ചത്. അടുത്ത വര്‍ഷം ഇന്ത്യ നാട്ടില്‍ 13 ടെസ്റ്റുകള്‍ കളിക്കും. ദുലീപ് ട്രോഫിയില്‍ വിജയമായാല്‍ രാജ്യാന്തര മത്സരങ്ങള്‍ നടത്തുന്ന കാര്യവും ബിസിസിഐ ആലോചിക്കുന്നു. കൃത്യമായ തയാറെടുപ്പുകള്‍ വേണമെന്നതിനാലാണത്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും അഡ്‌ലെയ്ഡിലാണ് ആദ്യ പകല്‍-രാത്രി ടെസ്റ്റ് കളിച്ചത്. വന്‍ വിജയമായതോടെ മറ്റു രാജ്യങ്ങളും അതിനുള്ള തയാറെടുപ്പില്‍. രാത്രി മത്സരം നടത്താന്‍ യോഗ്യമായ നിരവധി രാജ്യാന്തര വേദികള്‍ ഇന്ത്യയിലുണ്ടെന്നതും ബിസിസിഐയുടെ ശ്രമങ്ങള്‍ക്ക് പ്രേരണ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.