ആക്രമണത്തിനു പിന്നില്‍ ഐഎസ്‌ഐ?

Wednesday 6 January 2016 8:56 pm IST

വാഷിങ്ടണ്‍: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ തന്നെയാണെന്ന് മുന്‍വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍. പത്താന്‍കോട്ടും അഫ്ഗാനിസ്ഥാനിലെ മസാരെ ഷെരീഫിലും ആക്രമണം നടത്തിയത് ഐഎസ്‌ഐ 15 വര്‍ഷം മുന്‍പ് രൂപീകരിച്ച ജെയ്‌ഷെ മുഹമ്മദാണ്. ബില്‍ ക്ലിന്റണ്‍ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗം കൂടിയായിരുന്ന ബ്രൂസ് റിഡല്‍ ഡെയ്‌ലി ബീസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നല്‍ സന്ദര്‍ശനത്തിനു ശേഷം ഭാരത-പാക് ബന്ധത്തില്‍ വന്ന പുരോഗതി തകര്‍ക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അദ്ദേഹം തുടര്‍ന്നു. ഐഎസ്‌ഐ ജനറലിന്റെ നേതൃത്വത്തിലാണ്. കരസേനാ ഉദ്യോഗസ്ഥരാണ് അതിനെ നിയന്ത്രിക്കുന്നത്. കരസേനയ്ക്കാണ് അതിന്റെ നിയന്ത്രണം. സര്‍ക്കാരിന് അതിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സൂചിപ്പിച്ച് ലേഖനത്തില്‍ അദ്ദേഹം പറയുന്നു. ഭാരതത്തിന്റെ ഭീഷണിയുണ്ടെന്നു പറഞ്ഞാണ് അവര്‍ വന്‍ തോതില്‍ ബജറ്റ് വിഹിതം വാങ്ങുന്നത്. ആണവ പദ്ധതി തുടരുന്നത്. ഭാരത പാക് സംഘര്‍ഷം കുറഞ്ഞാല്‍ പാക് സുരക്ഷാ നയത്തില്‍ സൈന്യത്തിനുള്ള നിയന്ത്രണം കുറയും, അദ്ദേഹം തുടര്‍ന്നു. ജെയ്‌ഷെ മുഹമ്മദും ലഷ്‌ക്കര്‍ ഇ തൊയ്ബയും നല്ല ഭീകരര്‍ ആണെന്നാണ് പാക് സൈന്യം പറഞ്ഞുകൊണ്ടിരിക്കുന്നത്. കാലങ്ങളായി സൈന്യത്തിന് പ്രധാനമന്ത്രി നവാസ് ഷെരീഫില്‍ വിശ്വാസമില്ല. 99ല്‍ സൈന്യം നടത്തിയ അട്ടിമറിയെത്തുടര്‍ന്ന് ഷെരീഫിന് സൗദിയില്‍ അഭയം തേടേണ്ടിവന്നു. അദ്ദേഹം ക്രിസ്മസ് തലേന്ന് മോദിയെ ഊഷ്മളതയോടെ ആലിംഗനം ചെയ്തത് ജനറല്‍മാരെ രോഷാകുലരാക്കി. ജെയ്‌ഷെ മുഹമ്മദിനെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയില്‍ പെടുത്തിയിരുന്നു. പക്ഷെ പാക് പട്ടാളത്തിന് ജെയ്‌ഷെ പ്രിയപ്പെട്ടവരാണ്, അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.