സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതിക്ക് അംഗീകാരം

Wednesday 6 January 2016 8:21 pm IST

തിരുവനന്തപുരം :സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ കുടുംബങ്ങളും പദ്ധതിയുടെ കീഴില്‍ വരും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യും. പദ്ധതിയുടെ നിയന്ത്രണത്തിനും നടത്തിപ്പിനുമായി മുഖ്യമന്ത്രി അധ്യക്ഷനായുള്ള സമ്പൂര്‍ണ ആരോഗ്യ കേരളം ട്രസ്റ്റ് രൂപീകരിക്കും. 20 കോടി രൂപയുടെ ഒരു കോര്‍പസ് ഫണ്ട് സ്വരൂപിക്കുകയും പ്രതേ്യക ഹെഡ് ഓഫ് അക്കൗണ്ട് രൂപീകരിക്കുകയും ചെയ്യും. വിവിധ വകുപ്പുകളുടെ കീഴിലുള്ള ധനസഹായ പദ്ധതികള്‍ ഏകോപിപ്പിച്ച് ഒരു സ്മാര്‍ട്ട് കാര്‍ഡിന്റെ സഹായത്തോടെ ഗുണഭോക്താവിന് രണ്ടുലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. രാഷ്ട്രീയ സ്വയം ബീമാ യോജന, സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, ചിസ് പ്ലസ്, ആരോഗ്യ കിരണം, കാരുണ്യ ബനവലന്റ് ഫണ്ട്, താലോലം, കാന്‍സര്‍ സംരക്ഷണ പദ്ധതി, വിവിധ ക്ഷേമബോര്‍ഡുകളുടെ പദ്ധതികള്‍ എന്നിവയിലൂടെയാണ് ഇപ്പോള്‍ ചികിത്സാ ധനസഹായം ലഭിക്കുന്നത്. സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമം ഓരോന്നിലും വ്യത്യസ്തമാണ്. ഈ പദ്ധതികളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. ആര്‍എസ്ബിവൈ, കാരുണ്യ ബനവലന്റ് ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആശുപത്രികളുടെ ശൃംഖലയുമായി കരാറില്‍ ഏര്‍പ്പെട്ടാകും പദ്ധതി നടപ്പാക്കുക. ആര്‍എസ്ബിവൈ, ചിസ്, ചിസ് പ്ലസ് തുടങ്ങിയ പദ്ധതികളിന്‍ കീഴില്‍ വരുന്ന 32 ലക്ഷം കുടുംബങ്ങള്‍ ഒഴികെയുള്ളവര്‍ ഒറ്റത്തവണ നടപടി എന്ന നിലയില്‍ റവന്യൂ വകുപ്പില്‍ നിന്നും ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഗുണഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. അര്‍ഹതപ്പെട്ട ഓരോ കുടുംബത്തിനും ഒന്നരലക്ഷം രൂപ ഓരോ വര്‍ഷവും സാമ്പത്തിക ആനൂകൂല്യം നല്‍കും. അസാധാരണ കേസുകളില്‍ അധികമായി അന്‍പതിനായിരം രൂപ പ്രതേ്യക അനുമതി നല്‍കും. 18 വയസുവരെയുള്ള സൗജന്യ കാന്‍സര്‍ ചികിത്സാ സഹായം, വിവിധ പദ്ധതികളുടെ കീഴിലുള്ള നിലവിലെ സാമ്പത്തിക സഹായം എന്നിവ രണ്ടുലക്ഷം കഴിഞ്ഞാലും തുടരും. കിടപ്പുരോഗികളുടെ ചികിത്സ ചെലവുകള്‍ ഡിസ്ചാര്‍ജ് ചെയ്താലും തുടര്‍ന്ന് പത്ത് ദിവസം വരെയും സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ 30 ദിവസം വരെയും വഹിക്കും. സൗജന്യ ഒപി പരിശോധന, രോഗിക്കും കൂട്ടിരിപ്പുകാരനുമുള്ള ആഹാരം, മരുന്നുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.