ശബരിമലയിലെ മാലിന്യങ്ങള്‍ വനത്തില്‍ ഉപേക്ഷിക്കരുത്

Wednesday 6 January 2016 8:34 pm IST

കൊച്ചി: പമ്പാതീരം, സന്നിധാനം, കാനനപാത എന്നിവിടങ്ങളില്‍ നിന്ന് നീക്കുന്ന മാലിന്യങ്ങള്‍ വനത്തില്‍ ഉപേക്ഷിക്കുന്നത് അനുവദിക്കാനാവില്ലെന്നും മാലിന്യ സംസ്‌കരണത്തിനുള്ള നടപടികളുടെ ഏകോപനത്തിനായി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കുന്ന ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി ജീവനക്കാര്‍ ഇവ വനത്തില്‍ ഉപേക്ഷിക്കുന്നുവെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. വനംവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണമെന്നും മാലിന്യ നീക്കം ഫലപ്രദമാക്കുന്നതിന് എന്തു ചെയ്തുവെന്നത് സ്‌പെഷ്യല്‍ കമ്മിഷണറും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സന്നിധാനം ഔട്ട് പോസ്റ്റിനടുത്ത് ചത്ത നിലയില്‍ കണ്ടെത്തിയ മ്ലാവിന്റെ വയറ്റില്‍ നിന്ന് 4.7 കിലോഗ്രാം പഌസ്റ്റിക് കണ്ടെടുത്തു എന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ടിന്മേലാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദ്ദേശം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.