അറക്കുളത്ത് പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തില്‍ അഞ്ചര ലക്ഷത്തിന്റെ തിരിമറി

Wednesday 6 January 2016 8:36 pm IST

ഇടുക്കി:  അറക്കുളം പഞ്ചായത്തില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് നടത്തിയതില്‍ വന്‍ തിരിമറി. തിരിമറി കണ്ടെത്തിയത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍. 2012-13, 2013-14 സാമ്പത്തിക വര്‍ഷത്തിലാണ് അഞ്ചര ലക്ഷം രൂപ പഞ്ചായത്ത് സെക്രട്ടറിയും അക്കാലത്തെ ഭരണസമിതിയും ചേര്‍ന്ന് ദുരുപയോഗം നടത്തിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ കണ്ടെത്തിയിരിക്കുന്നത്. പട്ടിക വര്‍ഗ വിഭാഗത്തിലെ യുവതി-യുവാക്കള്‍ക്കളെ കമ്പ്യൂട്ടര്‍ പരിശീലിപ്പിക്കാന്‍ തൊടുപുഴയിലെ ഒരു സ്ഥാപനത്തെ ഏല്‍പ്പിച്ചു. പന്ത്രണ്ടാം പദ്ധതി മാര്‍ഗ രേഖയില്‍ കമ്പ്യൂട്ടര്‍ പരിശീലന പരിപാടി ഏറ്റെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഇത് അവഗണിച്ചാണ് പഞ്ചായത്ത് ഭരണ സമിതി ഈ പ്രോജക്ട് ഏറ്റെടുത്തത്. പഞ്ചായത്ത് തയ്യാറാക്കിയ പ്രോജക്ടില്‍ തന്നെ പരിശീലനം കൊടുക്കുന്ന സ്ഥാപനത്തിന്റെ പേര് എഴുതിച്ചേര്‍ത്തു. പിന്നീട് ക്വട്ടേഷന്‍ വിളിച്ചെങ്കിലും പ്രോജക്ടിലുള്ള സ്ഥാപനത്തെ തന്നെ പദ്ധതി ഏല്‍പ്പിച്ചു. ഇത് സംശയാസ്പദമാണ്. ഇതിന്റെ ഗുണഭോക്തൃ ലിസ്റ്റ് 2014 ജനുവരി 29നാണ് പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചത്. എന്നാല്‍ സ്ഥാപനം ഓഡിറ്റ് ഉദ്യോഗസന്മാര്‍ക്ക് മുന്നില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ 2014 ജനുവരി ഒന്നിന് തന്നെ പദ്ധതി ആരംഭിച്ചെന്നാണ് എഴുതിയിരിക്കുന്നത്. ഇത് പണം തിരിമറിയുടെ നേര്‍ ചിത്രമാണ് കാട്ടിത്തരുന്നത്. കൂടാതെ പരീശീലനം ലഭിച്ചവരുടെ ലിസ്റ്റും പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ചവരുടെ ലിസ്റ്റും തമ്മില്‍ പൊരുത്തക്കേടുണ്ട്. പരിശീലനം ലഭിച്ച അമ്പത് പേരുടെ പട്ടികയാണ് സ്ഥാപനം ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ 21 പേരുടെ പേരുകള്‍ പഞ്ചായത്ത് കമ്മറ്റി തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല. ക്രമക്കേട്  തിരിച്ചറിഞ്ഞ ഓഡിറ്റ് ടീം ഇത് സംബന്ധിച്ച് നേരിട്ട് അന്വേഷിച്ചു. ഈ അന്വേഷണത്തില്‍ സ്ഥാപനം ലഭ്യമാക്കിയ ഹാജര്‍ ലിസ്റ്റില്‍പ്പെട്ട ആര്‍ക്കും പരിശീലനം ലഭിച്ചില്ലെന്ന് വ്യക്തമായി. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച പണം തിരിമറി നടത്തിയ സംഭവത്തിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരും മുന്‍ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും അഴിക്കുള്ളിലാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.