കുമ്മനം നയിക്കുന്നത് വിമോചനയാത്ര; വേറിട്ട മുദ്രാവാക്യം

Wednesday 6 January 2016 8:57 pm IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്തുന്നത് വിമോചനയാത്ര. വേറിട്ട മുദ്രാവാക്യങ്ങളുമായിട്ടാകും യാത്രയെന്ന് ജാഥാ കോ-ഓര്‍ഡിനേറ്ററും ബിജെപി സംസ്ഥാനവൈസ് പ്രസിഡന്റുമായ എം.ടി. രമേശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വികസന കേരളം, എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ,് തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യങ്ങളാണ് യാത്രയില്‍ ഉയര്‍ത്തുക. വികസിത കേരളത്തെ കുറിച്ച് ബദല്‍ വീക്ഷണം ബിജെപി അവതരിപ്പിക്കും. കേരളത്തിലെ ജീവല്‍ പ്രശ്‌നങ്ങള്‍ എന്ന നിലയിലാണ് അന്നം, വെള്ളം, മണ്ണ്, തൊഴില്‍ എന്നിവ വിഷയമാക്കിയിരിക്കുന്നത്. കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് തുല്യനീതി. ജനുവരി 20ന് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ നിന്നാരംഭിക്കുന്ന വിമോചനയാത്ര ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും യാത്രയ്ക്ക് സ്വീകരണം നല്‍കും. ബിജെപി ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.വൈസ് പ്രസിഡന്റ്പി.എം. വേലായുധന്‍, ജനറല്‍ സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണന്‍, കെ.പി. ശ്രീശന്‍, കെ. സുരേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും. ഭൂമിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ വിമോചനയാത്രയുമായി ബന്ധിപ്പിക്കുമെന്ന് എം.ടി. രമേശ് പറഞ്ഞു. ഭൂമിയ്ക്കുവേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങളില്‍ കേരളം മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ പുറം തിരിഞ്ഞുനില്‍ക്കുകയായിരുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനും കഴിഞ്ഞില്ല. ആ സാഹചര്യത്തിലാണ് ഇരുമുന്നണി രാഷ്ട്രീയത്തിനും ബദലായി രാഷ്ട്രീയ ശക്തിയാകുക എന്ന ലക്ഷ്യത്തോടെ ബിജെപി യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. രമേശ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.