ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ആദ്യപാദ സെമിഫൈനലില്‍ ലിവര്‍പൂളിന് വിജയം. സ്റ്റോക്ക് സിറ്റിക്കെതിരെ നടന്ന എവേ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവര്‍പൂള്‍ വിജയം കണ്ടത്. കളിയുടെ 37-ാം മിനിറ്റില്‍ ജോര്‍ദാന്‍ ഇബെ വിജയഗോള്‍ നേടി.
ആക്രമണഫുട്ബോളിന്റെ സൗന്ദര്യം മുഴുവന്‍ നിറഞ്ഞു നിന്ന മത്സരമായിരുന്നു ലിവര്‍പൂളും സ്റോക്ക് സിറ്റിയും തമ്മില്‍ നടന്നത്.
പന്തടക്കത്തില്‍ സ്റ്റോക്ക് സിറ്റിക്കായിരുന്നു മുന്‍തൂക്കം. 64 ശതമാനവും പന്ത് കൈവശംവെച്ച അവര്‍ ആകെ പായിച്ചത് 15 ഷോട്ടുകള്‍. ഇതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് രണ്ടെണ്ണം. എന്നാല്‍ ലിവര്‍പൂള്‍ ഗോളിയെ ഒരിക്കല്‍ പോലും കീഴടക്കാന്‍ സ്റ്റോക്ക് സിറ്റി താരങ്ങള്‍ക്ക് കഴിഞ്ഞതുമില്ല. അതേസമയം ലിവര്‍പൂള്‍ താരങ്ങള്‍ ആകെ ഉതിര്‍ത്തത് 16 ഷോട്ടുകള്‍. ഇതില്‍ നാലെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി.
ഒരെണ്ണം വലയില്‍ കയറുകയും ചെയ്തു. കളിയുടെ 18-ാം മിനിറ്റില്‍ ഫിലിപ്പെ കൗടീഞ്ഞോക്ക് പകരക്കാരനായാണ് ഇബെ കളത്തിലിറങ്ങിയത്. 37-ാം മിനിറ്റില്‍ ജോ അല്ലന്റെ പാസില്‍ നിന്ന് ഇബെ ടീമിന്റെ വിജയഗോള്‍ നേടുകയും ചെയ്തു. രണ്ടാം പകുതിയിലും നിരവധി അവസരങ്ങള്‍ ഇരുടീമുകളും തുറന്നെടുത്തെങ്കിലും ലീഡ് ഉയര്‍ത്താന്‍ ലിവര്‍പൂളിനും സമനില നേടാന്‍ സ്റ്റോക്കിനും കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: