ശബരിമലയില്‍ മരാമത്ത് തൊഴിലാളികള്‍ക്ക് നരകജീവിതം

Wednesday 6 January 2016 9:21 pm IST

ശബരിമല: സന്നിധാനത്ത് താമസകേന്ദ്രങ്ങള്‍ ശുചീകരിക്കുന്ന തൊഴിലാളികള്‍ക്ക് നരകജീവിതം. മകരവിളക്ക് ഉത്സവത്തോടെ തീര്‍ത്ഥാടനം അവസാനിക്കുന്ന അവസരത്തിലും മണ്ഡലകാലത്ത് കിട്ടേണ്ട അഡ്വാന്‍സൊ മറ്റ് ആനുകൂല്യങ്ങളൊ ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം താമസസ്ഥലം ശുചീകരണ കരാര്‍ എടുത്തിട്ട് തൊഴിലാളികള്‍ക്ക് പൂര്‍ണമായി പണംകൊടുക്കാത്തതിന്റെ പേരില്‍ ആരോപണ വിധേയനായ അതേ കരാറുകാരന് തന്നെയാണ് ഇത്തവണയും കരാര്‍ നല്‍കിയിരുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാളുടെ കീഴില്‍ 54 പേരാണ് സന്നിധാനത്തെ വിവിധ ഇടങ്ങളിലായി പണിയെടുക്കുന്നത്. ദേവസ്വം വാടകയ്ക്ക് കൊടുക്കുന്ന സന്നിധാനത്തെ പത്ത് കെട്ടിടങ്ങളും മൂന്ന് ഗസ്റ്റ് ഹൗസുകളുമാണ് കരാര്‍ പ്രകാരം വൃത്തിയാക്കേണ്ടത്. സേലം, മധുര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മണ്ഡല കാലം കഴിഞ്ഞാല്‍ സാധാരണ ആകെ ശമ്പളത്തിന്റെ പകുതിയോളം അഡ്വാന്‍സ് നല്‍കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ രണ്ട് മണ്ഡലകാലവും ഇയാള്‍ തൊഴിലാളികള്‍ക്ക് ശമ്പളംകൊടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആളാണ്. ഇതുസംബന്ധിച്ച് സന്നിധാനംപോലീസില്‍ പലതവണ തൊഴിലാളികള്‍ ഇയാള്‍ക്കെതിരെ പരാതിനല്‍കിയിട്ടുണ്ട്. ശമ്പളം ഇല്ലാത്തതിന് പുറമെ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇയാള്‍ നല്‍കിയിട്ടില്ല. താമസത്തിന് ടെന്റുകള്‍ പോലും ഇല്ലാത്തതിനാല്‍ പണിയെടുക്കുന്ന കെട്ടിടത്തിന്റെ വരാന്തയിലും നിരത്തിലുമാണ് പലപ്പോഴും ഇവര്‍ അന്തി ഉറങ്ങുക. ഭക്ഷണം കഴിക്കാന്‍ പാസുകളോ മറ്റ് സൗകര്യങ്ങളൊ ഒന്നും തന്നെ ഇവര്‍ക്ക് അനുവദിച്ചിട്ടില്ല. സന്നിധാനത്ത് നടക്കുന്ന അന്നദാനങ്ങളില്‍ നിന്നുമാണ് ഇവര്‍ ഭക്ഷണംകഴിക്കുന്നത്. എല്ലാവരും ഏജന്റ് മുഖാന്തിരമാണ ്പമ്പയില്‍ എത്തിയിരിക്കുന്നത്. കിട്ടുന്ന തുശ്ചമായ വരുമാനത്തിന്റെ നല്ലൊരുഭാഗവും ഏജന്റിന് ഇവര്‍ നല്‍കണം. മൂന്നൂറ് രൂപ ഇവര്‍ക്ക് പ്രതിദിനം വരുമാനം വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ അതും കൃത്യമായി ലഭിക്കാതിരിക്കുന്നതിനാല്‍ നരക തുല്യമായ ജീവിതം. ദേവസ്വം ബോര്‍ഡ് കൃത്യമായി തരേണ്ട തുക നല്‍കുന്നില്ല എന്ന കാരണമാണ് കരാറുകാരന്‍ നിരത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.