ശബരിമലയില്‍ വ്യാജകാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വിലസുന്നു

Wednesday 6 January 2016 9:23 pm IST

ശബരിമല: അതീവ സുരക്ഷാ മേഖലയായ ശബരിമലയില്‍ വ്യാജ തിരിച്ചറിയല്‍കാര്‍ഡ്് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വിലസുന്നു. മുറികള്‍ മുന്‍കൂട്ടി വാടകക്ക് എടുക്കുകയും രാത്രിയില്‍ ആവശ്യക്കാര്‍ ഏറുമ്പോള്‍ അമിത നിരക്കില്‍ മറിച്ച് വില്‍ക്കുന്ന സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് സന്നിധാനത്ത് തങ്ങിയിരുന്നത്. പോലീസ് വേഷം ധരിച്ച് തിരക്ക് നിയന്ത്രിച്ചിരുന്ന വ്യാജ പോലീസുകാരനും പിടിയിലായിരുന്നു. നെയ്യഭിഷേകം നടത്താനെന്നുപറഞ്ഞ് തീര്‍ത്ഥാടകരെ സമീപിച്ച് പണം വാങ്ങി പാത്രത്തിലെ പകുതിയോളം നെയ്യ് തങ്ങളുടെ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ നിക്ഷേപിക്കുകയും പാത്രത്തിന് ചൂറ്റും നെയ്യ് പുരട്ടി അഭിഷേകം നടത്താതെ തീര്‍ത്ഥാടകരെ പറ്റിക്കുന്ന മാഫിയയും സന്നിധാനത്ത് ഉണ്ട്. വിശ്വാസത്തിന്റെ പേരില്‍ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീര്‍ത്ഥാടകരെ കൊണ്ട് നാളികേരം അടിപ്പിച്ച് അവ തന്ത്രത്തില്‍ കൈക്കലാക്കി ഹോട്ടലുകള്‍ക്ക് വില്‍ക്കുന്ന സംഘവും ഉണ്ട്. ആചാര പ്രകാരം പതിനെട്ടാം പടിക്ക് ഇരുവശവുമുള്ള കല്‍ഭിത്തികളിലാണ് നാളികേരം ഉടക്കേണ്ടത്.എന്നാല്‍ യൂടേണിലെ ഓവര്‍ ബ്രിഡ്ജിന് അടിവശവും വെര്‍ച്വല്‍ ക്യൂ ആരംഭിക്കുന്നിടത്തെ പടികെട്ടിലും വലിയ നടപന്തലിലെ സ്റ്റേജിന് സമീപവും മാളിക പുറത്തെ ദര്‍ശനം കഴിഞ്ഞ് ഇറങ്ങിവരുന്ന പടികെട്ട്, പാണ്ടിത്താവളം എന്നിവിടങ്ങളിലാണ് തീര്‍ത്ഥാടകരെ കൊണ്ട് നാളികേരം അടിപ്പിച്ച് അവ കൈക്കലാക്കുന്നത്. ക്യൂനില്‍ക്കാതെ ദര്‍ശന സൗകര്യം ഒരുക്കാമെന്ന് പറഞ്ഞ് വലിയ നടപന്തലില്‍ നിന്നും തീര്‍ത്ഥാടകരെ ഇറക്കികൊണ്ട് വന്ന് പണം വാങ്ങിയ ശേഷം വാവര്‍ നടയുടെ മുന്നിലെ വിഐപി ക്യൂവിലേക്ക് വ്യാജ ഐഡികാര്‍ഡ് കാണിച്ച് കടത്തിവിടുന്ന സംഘവും സന്നിധാനത്ത് ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.