അയ്യപ്പന്‍താര റോഡ് തുറക്കാതിരിക്കാന്‍ തത്പരകക്ഷികള്‍ വീണ്ടും രംഗത്ത്

Wednesday 6 January 2016 10:23 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ അയ്യപ്പന്‍താര റോഡ് തുറക്കാതിരിക്കാന്‍ തത്പരകക്ഷികള്‍ വീണ്ടും രംഗത്ത്. ഗ്രാമപഞ്ചായത്തിന്റെ റോഡ് രജിസ്റ്ററില്‍ പത്താം നമ്പരായി രേഖപ്പെടുത്തിയിട്ടുള്ള അയ്യപ്പന്‍താര വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമല തീര്‍ത്ഥാടകര്‍ കാനനയാത്രക്കായി ഉപയോഗിച്ചിരുന്നു. എരുമേലി പേട്ട കൊച്ചമ്പലം മുതല്‍ നേര്‍ച്ചപ്പാറ കുടുക്കവള്ളി എസ്റ്റേറ്റ് വഴി പേരൂര്‍ത്തോട്ടിലെത്തുന്ന അയ്യപ്പന്‍താരയില്‍ക്കൂടിയുള്ള സഞ്ചാരം കുറയുകയും പിന്നീട് ഒഴിവാക്കുകയുമായിരുന്നു. ഇതോടെ റോഡ് ചില സ്വകാര്യ വ്യക്തികള്‍ കയ്യേറി കൃഷിയിറക്കി സ്വന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അയ്യപ്പന്‍താരയുടെ വിശദവിവരങ്ങളും രേഖകളും വീണ്ടും കണ്ടെത്തിയതോടെയാണ് റോഡ് കയ്യേറിയ വിവരം പുറം ലോകമറിയുന്നത്. തുടര്‍ന്ന് നടന്ന സമരങ്ങളില്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂമി തിരിച്ചുപിടിച്ച് അയ്യപ്പന്‍താര തുറക്കാന്‍ ഗ്രാമപഞ്ചായത്തിനെ ഏല്‍പ്പിച്ചതോടെയാണ് പദ്ധതിതന്നെ അട്ടിമറിക്കപ്പെടുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്കായി സഞ്ചാരപാതയുണ്ടാക്കാന്‍ ശ്രമിക്കാതിരുന്ന പഞ്ചായത്ത് മരങ്ങള്‍ മുറിച്ചുമാറ്റി കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ തയ്യാറായില്ല. റവന്യു വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പോലും കാറ്റില്‍ പറത്തി അയ്യപ്പന്‍താര തുറക്കാനുള്ള ശ്രമങ്ങളെല്ലാം അട്ടിമറിക്കാനാണ് പഞ്ചായത്ത് പിന്നീട് ശ്രമിച്ചതെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു. അയ്യപ്പന്‍താരയിലെ കയ്യേറ്റം ഒഴിപ്പിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനു പകരം സാങ്കേതിക കാരണങ്ങള്‍ നിരത്തി പദ്ധതി തടസപ്പെടുത്താനും കയ്യേറ്റക്കാരെ സഹായിക്കാനുള്ള രഹസ്യനീക്കങ്ങളുമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് പേട്ട കൊച്ചമ്പലത്തിന്റെ കിഴക്ക് വശത്തെ മതില്‍ പൊളിച്ച് അയ്യപ്പന്‍താര തുറക്കാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിന്റെ പുതിയ ഭരണസമിതിക്കും സാധിക്കുന്നില്ലെന്ന് ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍. മോഹന്‍ലാല്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലി ടൗണില്‍ക്കൂടി പ്രധാന പാതയിലൂടെയാണ് തീര്‍ത്ഥാടകര്‍ പേരുര്‍ത്തോട് വരെ കടന്നുപോകുന്നത്. എന്നാല്‍ അയ്യപ്പന്‍താര യാഥാര്‍ത്ഥ്യമാകുന്നതോടെ ദൂരം കുറയുകയും എരുമേലി ടൗണിലേതടക്കം പ്രധാന റോഡിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നും ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന്റെ സമാപനത്തോടടുക്കുന്ന സമയത്ത് കഴിഞ്ഞ ദിവസം എരുമേലിയില്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ് അയ്യപ്പന്‍താര യാഥാര്‍ത്ഥ്യമാക്കുന്നതിനെതിരെ തടസവാദങ്ങളുമായി ചിലര്‍ രംഗത്തെത്തിയത്. ഈ വഴിയില്‍ വെളിച്ചമില്ലെന്നും അപകടങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും ഇപ്പോള്‍ നടന്നു പോകുന്ന പാത തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമാണെന്നും ചിലര്‍ വാദിച്ചതോടെ ഹൈന്ദവ സംഘടനാ നേതാക്കള്‍ പ്രതിഷേധിച്ചു. പാതക്കെതിരെയുള്ള നീക്കം അണിയറയില്‍ നടത്തുന്ന സാഹചര്യത്തില്‍ പാത അടിയന്തിരമായി തുറക്കാനുള്ള നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.