ഹിന്ദു അവകാശ പത്രിക: സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ഹിന്ദു ഐക്യവേദി

Wednesday 6 January 2016 10:46 pm IST

തിരുവനന്തപുരം: ഹിന്ദു അവകാശപത്രിക പരിഗണിക്കാമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമെന്നും  ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. രാഷ്ട്രീയക്കാരന്റെ പതിവ് വാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നത്തിയത്. അവകാശ പത്രിക സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍. മുന്നാക്കപിന്നാക്ക, പട്ടികജാതി പട്ടികവര്‍ഗ്ഗ, തീരദേശ, ക്ഷേത്ര,ആഭ്യന്തര സുരക്ഷാ വിഷയങ്ങളില്‍ 29 ഇനങ്ങളും 2013 ലെ ആദ്യഘട്ട ചര്‍ച്ചയില്‍ തീര്‍പ്പാകാത്ത കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ 2012ല്‍ നല്‍കിയ അവകാശ പത്രികയിലെ ഒരുകാര്യം പോലും മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍  വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ മാസങ്ങളോളം ചര്‍ച്ചചെയ്ത് സമര്‍പ്പിച്ച 200ല്‍ അധികം ആവശ്യങ്ങളടങ്ങിയ അവകാശപത്രികയെ അവഗണിച്ചതിലൂടെ ഹൈന്ദവ സമൂഹത്തെയാകെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണെന്നും ശശികല ടീച്ചര്‍ ആരോപിച്ചു. ഹിന്ദുസമൂഹത്തിന്റെ ആവശ്യങ്ങളില്‍ ചില വാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ലംപ്‌സം ഗ്രാന്റ് 1000 രൂപയാക്കുക, ഭൂരഹിതരുടെ സമരം ഒത്തു തീര്‍പ്പാക്കുക, വനവാസികള്‍ക്ക് പട്ടയം, മാറാട് കൂട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം, ക്ഷേത്ര ജീവനക്കാരുടെ ശമ്പളവും ഗ്രേഡും ഉയര്‍ത്തല്‍, പിന്നാക്ക ക്ഷേമ പദ്ധതികള്‍, അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികള്‍ വീണ്ടെടുക്കല്‍ എന്നീ വിഷയങ്ങളില്‍ തീരുമാനം പ്രഖ്യാപിക്കാന്‍ തയ്യാറാകാത്തത് ഹിന്ദുക്കളോടുള്ള തികഞ്ഞ അവഹേളനമാണ്. സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ മനോഭാവമാണ് ചര്‍ച്ചയില്‍ പ്രതിഫലിച്ചതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. ഹിന്ദു അവകാശപത്രിക സമര്‍പ്പിച്ച് മൂന്നു വര്‍ഷത്തിനകം നടന്ന രണ്ടു ചര്‍ച്ചകളിലും ഇന്ന് നടന്ന ചര്‍ച്ചയിലും സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടിയതെന്ന് നേതാക്കള്‍ ആരോപിച്ചു. ന്യൂനപക്ഷ സമൂഹത്തിന്റെ അന്തപ്പുരങ്ങളില്‍ ചെന്ന് ആവശ്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുകയും, നിയമനിര്‍മ്മാണം നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഹിന്ദുസമൂഹത്തിന്റെ പ്രശ്‌നങ്ങളോട് നീതിപുലര്‍ത്തിയില്ല. സര്‍ക്കാരിന്റെ ഹിന്ദുവഞ്ചന ചര്‍ച്ച ചെയ്യാന്‍ ഈമാസം അവസാനവാരം 144 ഹിന്ദുസംഘടനകളുടെ നേതൃയോഗം കോട്ടയത്ത് വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഇന്നലെ രാവിലെ 11 ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,  അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍,  കെ.സി. ജോസഫ്, കെ.പി. മോഹനന്‍,  കെ.ബാബു,  പി.കെ. ജയലക്ഷ്മി, എം.കെ. മുനീര്‍,  പി.കെ. അബ്ദുറബ്ബ്, വിവിധവകുപ്പ് തലവന്‍മാര്‍, ഹിന്ദുഐക്യവേദി  ജനറല്‍സെക്രട്ടറിമാരായ ഇ.എസ്. ബിജു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, കെ.പി.എം.എസ്. പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, ട്രഷറര്‍ തുറവൂര്‍ സുരേഷ്, മലയാള ബ്രാഹ്മണസമാജം പ്രസിഡന്റ് തോട്ടം നാരായണന്‍ നമ്പൂതിരി, വീരശൈവസഭ ജനറല്‍ സെക്രട്ടറി കെ.വി. ശിവന്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.പി. ഭാസ്‌ക്കരന്‍, കേരള കുഡുംബി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, പാണന്‍ സമുദായ സമിതി രക്ഷാധികാരി തഴവ സഹദേവന്‍, നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ഭാസ്‌കരന്‍, അഖില കേരള പണ്ഡിതര്‍ മഹാസഭ ജനറല്‍ സെക്രട്ടറി വി.എന്‍. അനില്‍കുമാര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി രജനീഷ് ബാബു, ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം ജ്യോതിന്ദ്രകുമാര്‍, കെ. പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.