അസം സ്വദേശിയുടെ കൊലപാതകം; അറസ്റ്റില്‍

Thursday 7 January 2016 3:28 pm IST

മലപ്പുറം: മുണ്ടുപറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അസം സ്വദേശി കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്റ്റില്‍.മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനിലെ ബേക്കറി ജോലിക്കാരനായിരുന്ന ഇമ്രാദുല്‍ ഹുസൈന്‍ എന്ന ഇമ്രാദുല്‍ഹഖ്(22) കൊല്ലപ്പെട്ട കേസിലാണ് തമിഴ്‌നാട് ആമ്പത്തൂര്‍ തിരുവള്ളൂര്‍ ജില്ലയിലെ സുരേഷ്(29) മലപ്പുറത്ത് അറസ്റ്റിലായത്. കൊല്ലപ്പെട്ട അസം സ്വദേശിയുടെ കൂടെ രണ്ടുമാസത്തോളം ജോലി ചെയ്ത സുരേഷ് കഴിഞ്ഞ ഡിസംബര്‍ 30ന് രാത്രി ഇമ്രാദുല്‍ ഹുസൈന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെത്തി ഹുസൈന്റെ മൊബൈലില്‍ വീഡിയോ ദൃശ്യങ്ങള്‍ കാണുകയും പുലര്‍ച്ചെ 1.30ന് തോര്‍ത്തുമുണ്ടു കഴുത്തില്‍ മുറുക്കി ഹുൈസനെ കൊലപ്പെടുത്തുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു സുരേഷെന്ന് പൊലീസ് പറഞ്ഞു. ഹുസൈന്റെ മൊബൈല്‍ ഫോണും പണവും കൈക്കലാക്കി ഇവിടെനിന്നും കടക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. കോഴിക്കോടും മലപ്പുറത്തും മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു സുരേഷ്. ഇയാളെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മലപ്പുറം എസ് പി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തില്‍പ്പെട്ട മലപ്പുറം എസ് ഐ റിച്ചാര്‍ഡ് വര്‍ഗീസ്, എ എസ് ഐ ഉമര്‍ മേമന, അബ്ദുല്‍ ജബ്ബാര്‍, എസ് സി പി ഒ സാബുലാല്‍, മലപ്പുറം അഡീഷണല്‍ എസ് ഐ സദാനന്ദന്‍, എസ് സി പി ഒമാരായ ഷാജു ഉദയന്‍, സി പി ഒമാരായ അബ്ദുള്ള, ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.