വളാഞ്ചേരിയില്‍ 10 കടകള്‍ കത്തി നശിച്ചു

Monday 2 January 2012 1:45 pm IST

മലപ്പുറം: മലപ്പുറത്ത് വളാഞ്ചേരിയിലുണ്ടായ തീപിടിത്തത്തില്‍ പത്തു കടകള്‍ കത്തി നശിച്ചു. ആളപായമില്ല. ഇന്നു പുലര്‍ച്ചെ അഞ്ചിനായിരുന്നു തീപിടിത്തം. രാവിലെ ഒമ്പതോടെയാണ്‌ തീ പൂര്‍ണ്ണമായും അണച്ചത്‌. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണം. മൂന്നു കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ ലക്ഷ്‌മി കൂള്‍ബാറില്‍ നിന്നാണ്‌ ആദ്യം പുകയുയര്‍ന്നത്‌. നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നു. തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന്‌ തീയണക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്‌ മലപ്പുറത്തുനിന്നും പെരിന്തല്‍മണ്ണയില്‍ നിന്നും ഫയര്‍ ഫോഴ്‌സ്‌ എത്തിയതോടെയാണ് തീ നിയന്ത്രണവിധേയമായത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെലക്‌ട്‌ ഹോട്ടല്‍, പെരിങ്ങാട്ടുതൊടി വൈദ്യശാല, മോട്ടോര്‍തൊഴിലാളി ഓഫീസ്‌, ശാന്ത ജ്വല്ലറി, സൈക്കിള്‍ഷോപ്പ്‌, മലബാര്‍ സിമന്റ്‌ ഏജന്‍സി ഓഫീസ്‌, ന്യൂസ്റ്റാര്‍ സലൂണ്‍ തുടങ്ങിയ കടകളാണ്‌ കത്തി നശിച്ചത്‌. വളാഞ്ചേരിയിലെ സി.എം. രാമക്കുറുപ്പിന്റെ ഉടമസ്ഥതയിലാണ്‌ കെട്ടിടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.