പൊടിശല്യത്തില്‍ വലഞ്ഞ് ഒരു നാട്

Thursday 7 January 2016 8:51 pm IST

എടത്വാ: തകഴി-നീരേറ്റുപുറം സംസ്ഥാനപാതയില്‍ പൊടിശല്യം രുക്ഷം. യാത്രക്കാരും സമീപവാസികളും കടുത്ത ദുരിതത്തില്‍. സ്ഥിരം യാത്രികരും പരിസരവാസികളും ശ്വാസതടസവും ആസ്തമയും മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കുട്ടികളില്‍ ശ്വാസംമുട്ടല്‍ വ്യാപകമായി കണ്ടുതുടങ്ങി. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ മസ്തിഷ്‌ക, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് വരെ ഇത് ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വാഹന യാത്രക്കാരും, കാല്‍നടയാത്രക്കാരും, മൂക്കും വായും അടക്കം മൂടിക്കെട്ടിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. കുടിവെള്ള പദ്ധതിക്കു വേണ്ടി കുഴിയെടുപ്പ് നടന്ന സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്കിന് പിന്നാലെയാണ് പൊടിശല്യം രൂക്ഷമായത്. ചെമ്മണ്ണും, മെറ്റല്‍ പൊടിയും വായുവില്‍ പരന്ന് റോഡ് കാണാന്‍ പറ്റാത്ത അവസ്ഥയിലെത്തി. കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹന ഡ്രൈവര്‍മാരും, കണ്ടക്ടര്‍മാരും മാസ്‌ക് ഉപയോഗിച്ചാണ് ജോലിക്ക് എത്തുന്നത്. പാതയോരത്തെ സ്ഥാപനങ്ങളുടെ മുമ്പില്‍ പ്ലാസ്റ്റിക്ക് പടുത മറച്ചാണ് കച്ചവടം നടത്തുന്നത്. സമീപവാസികളുടെ വീടിന്റെ വാതിലോ ജനാലയോ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. തകഴി-എടത്വാ സംസ്ഥാന പാതയില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ ഒന്നര വര്‍ഷം മുന്‍പാണ് തുടങ്ങിയത്. പച്ച ലൂര്‍ദ്മാതാ ഹോസ്പിറ്റലിന് മുന്‍വശം ഏകദേശം അമ്പത് മീറ്റര്‍ ഒഴിച്ചിട്ടാണ് പൈപ്പ് സ്ഥാപിക്കല്‍ നിര്‍ത്തിയത്. ഒരുമാസം മുമ്പാണ് ഇവിടുത്തെ പണി ആരംഭിച്ചത്. പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാകാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിര്‍മാണം ഒച്ചിഴയുന്ന വേഗതയിലാണ്. പൈപ്പ് കുഴിച്ചിട്ട സ്ഥലങ്ങളില്‍ മുക്കാലിഞ്ച് മെറ്റല്‍ നിരത്തി ടാറിങ് ചെയ്ത് മുകളില്‍ ചിപ്‌സും, മെറ്റല്‍ പൊടിയും വാരി വിതറി, റോഡ്പണി തല്‍കാലം നിര്‍ത്തിവെക്കുകയായിരുന്നു. റോഡില്‍ വിതറിയ മെറ്റല്‍ പൊടിയാണ് ജനങ്ങള്‍ക്ക് ദുരിതമായി തീര്‍ന്നത്. തിരക്കേറിയ പാതയില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്നതു മൂലം റോഡിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ പുക പോലെ പൊടികൊണ്ട് മൂടിക്കിടക്കുകയാണ്. നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്ത എടത്വാ-നീരേറ്റുപുറം റോഡിന്റേയും അവസ്ഥ വ്യത്യസ്തമല്ല. ഇവിടെ ചെമ്മണ്ണാണ് ജനജീവിതം ദുരിതത്തിലാക്കുന്നത്. കുഴിച്ചെടുത്ത ചെമ്മണ്ണ് റോഡില്‍ നിരന്ന് വാഹനങ്ങള്‍ സര്‍വീസ് നടത്തുമ്പോള്‍ പൊടിപടലം പ്രദേശമാകെ വ്യാപിക്കും. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജല അഥോറിറ്റി ഒരു ദിവസം മാത്രം റോഡില്‍ വെള്ളം തളിച്ചെങ്കിലും പിന്നീട് തുടര്‍ന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.