രാജ്യാന്തര കാര്‍ഷിക ഗവേഷണ കേന്ദ്രം ഉദ്ഘാടനം ആറിന്

Thursday 7 January 2016 8:56 pm IST

ആലപ്പുഴ: സമുദ്രനിരപ്പിന് താഴെ കൃഷിചെയ്യുന്ന കുട്ടനാട്ടില്‍ ആരംഭിക്കുന്ന രാജ്യാന്തര കായല്‍നില കൃഷി ഗവേഷണ-പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥനും യോഗത്തില്‍ സംബന്ധിക്കും. കൃഷി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായിട്ടായിരിക്കും ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുക. സമുദ്രനിരപ്പില്‍ നിരപ്പിനു താഴെ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗവേഷണവും പരിശീലനവുമാണ് കേന്ദ്രത്തില്‍ നടക്കുക. രാജ്യത്തുതന്നെ ആദ്യമായാണ് കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിച്ച് കൃഷി ചെയ്യുന്നതിനുള്ള ഗവേഷണവും പരിശീലനവും പ്രോത്സാഹിപ്പിക്കുന്ന രാജ്യാന്തര സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ച് തുടങ്ങുന്നതെന്ന് ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ പറഞ്ഞു. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തെയും കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തെയും സഹകരിപ്പിച്ചുകൊണ്ടായിരിക്കും പുതിയ കായല്‍നില ഗവേഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോവുകയെന്ന് യോഗത്തില്‍ സംസാരിച്ച കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ. കെ.ജി. പദ്മകുമാര്‍ പറഞ്ഞു. കേരളത്തിലെ മൂന്നു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍മാര്‍ ഗവേണിങ് ബോഡിയില്‍ അംഗമായിരിക്കും. ഇതേദിവസം തന്നെ ഡോ. എം.എസ്. സ്വാമിനാഥന്റെ എം.പി. ഫണ്ട് ഉപയോഗിച്ച് മങ്കൊമ്പ് അവിട്ടം തിരുനാള്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച കാര്‍ഷിക പരിശോധനാകേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സാര്‍ക് പ്രതിനിധിസംഘം കുട്ടനാട് സന്ദര്‍ശിച്ചു കുട്ടനാട്: നിര്‍ദിഷ്ട രാജ്യാന്തര കാര്‍ഷിക പഠന ഗവേഷണകേന്ദ്രം സാര്‍ക് പ്രതിനിധി കുട്ടനാട് സന്ദര്‍ശിച്ചു. സമുദ്രനിരപ്പിനടിയിലെ കൃഷിരീതികളെക്കുറിച്ച് പഠിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും മറ്റ് രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുമായി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇന്റര്‍നാഷണല്‍ ആന്‍ഡ് ട്രെയിനിങ് സെന്റര്‍ ഫോര്‍ സീ ലോസ്‌ലെവല്‍ പ്രോജക്ടിന്റെ ഭാഗമായാണ് പ്രമുഖ കാര്‍ഷിക വിദഗ്ധനും സാര്‍ക് പ്രതിനിധിയുമായ തടാന്‍ ത്യാന്‍ രാജ് ഗുരുങ് കുട്ടനാട് സന്ദര്‍ശിച്ചത്. തോമസ് ചാണ്ടി എംഎല്‍എ, പദ്ധതി ഡയറക്ടര്‍ കെ.ജി പത്മകുമാര്‍, എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ദീപക് ദയാല്‍ എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം കൃഷിയും ഭക്ഷ്യസുരക്ഷയും കടുത്തവെല്ലുവിളി നേരിടുമെന്ന യുഎന്‍ഒയുടെ 2007ലെ എഫ്.എ.ഒ റിപ്പോര്‍ട്ടിനെ പ്രതിരോധിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കൃഷിക്കുപരി ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, ആരോഗ്യം ജൈവവൈവിധ്യസംരക്ഷണം എന്നീ മേഖലകളിലും പ്രത്യാഘാതമുണ്ടാക്കുന്നു. ഇവയെ സൂക്ഷ്മമായി പഠനവിധേയമാക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും സമുദ്രനിരപ്പിനടിയില്‍ രൂപപ്പെടുത്തിയുള്ള അതിസാഹസികമായ ഇവിടുത്തെ കര്‍ഷകരുടെ കൃഷിരീതികള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.