പത്താന്‍കോട്ടും ഭാരത-പാക് സംഭാഷണവും

Thursday 7 January 2016 10:49 pm IST

ക്രിസ്തുമസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിറന്നാള്‍ ആഘോഷത്തിലും അദ്ദേഹത്തിന്റെ കൊച്ചുമകളുടെ വിവാഹത്തിലും പങ്കെടുത്തത് അദ്ഭുതാദരങ്ങളോടെയാണ് ലോകം കണ്ടത്. ഭാരത പ്രധാനമന്ത്രിയുടെ ധീരമായ നടപടിയെന്ന് ഈ ഉദ്യമം വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഭീകരാക്രമണത്തോടെ ഈ സന്ദര്‍ശനത്തിന്റെ ഫലപ്രാപ്തിയില്‍ സംശയത്തിന്റെ കരിനിഴല്‍ വീണിരിക്കുന്നു. ഇവിടെ ഉയരുന്ന ചില സംശയങ്ങളുണ്ട്. ഒന്ന്: 2014 സെപ്തംബര്‍ ആദ്യം നടത്താന്‍ നിശ്ചയിച്ചിരുന്ന ഭാരത-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച അവസാന നിമിഷം നടക്കാതെ പോയതിന്റെ പിന്നില്‍ ഭാരതത്തിന്റെ പിടിവാശിക്കും പങ്കുണ്ട്. ഈ സാഹചര്യത്തില്‍ മോദിയുടെ പാക്‌സന്ദര്‍ശനം അനാവശ്യമായിരുന്നില്ലേ? നയപരമായ ധാരണക്കുറവല്ലേ ഇത് കാണിക്കുന്നത്? രണ്ട്: നമ്മുടെ സൈനികരുടെ തലയറുക്കപ്പെടുമ്പോഴും പാക് പ്രധാനമന്ത്രിക്ക് ചിക്കന്‍ ബിരിയാണി നല്‍കുന്ന തിരക്കിലാണ് യുപിഎ സര്‍ക്കാരെന്ന് വിമര്‍ശിച്ച അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദി, ഇന്ന് പ്രധാനമന്ത്രിയായി അതേ പ്രവൃത്തിതന്നെയല്ലേ ചെയ്യുന്നത്? പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയുടെ ഭാഷ അവസാനിപ്പിക്കുകയും, തിരിച്ചടി നല്‍കുകയുമല്ലേ ഭാരതം ചെയ്യേണ്ടത്? പാകിസ്ഥാന് മനസ്സിലാകുന്ന ഭാഷയില്‍ പ്രതികരിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഉപദേശിച്ച  മോദിക്ക് അതിനുള്ള ഉത്തരവാദിത്തമില്ലേ? നെഹ്‌റുവിന്റെ വീഴ്ചകള്‍ മോദിയുടെ പാക് നയം മനസ്സിലാക്കണമെങ്കില്‍, ഭാരതം ഇത്രയും കാലം തുടര്‍ന്നുവന്നിരുന്ന നയമെന്തെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഭാരത- പാക് സംഘര്‍ഷത്തിന്റെ കാതല്‍ കശ്മീരാണെന്നും, കശ്മീര്‍ വിഷയം ഒരു അന്താരാഷ്ട്ര പ്രശ്‌നമാക്കിയത് നെഹ്‌റുവിന്റെ അബദ്ധമായിരുന്നെന്നും ഇന്നെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ അബദ്ധത്തിന്റെ വ്യാപ്തി പൊതുജനങ്ങള്‍ക്ക് അറിയുകയില്ല. നെഹ്‌റുവിന്റെ നീക്കം രണ്ടു രീതിയിലാണ് ഭാരതത്തെ വെട്ടിലാക്കിയത്. കശ്മീരിന്റെ അന്നത്തെ ഭരണാധികാരി ഹരിസിങ് 1947 ഒക്ടോബര്‍ 26-ന് ഒപ്പുവെച്ച ഇന്‍സ്ട്രുമന്റ് ഒഫ് അക്‌സഷന്‍ പ്രകാരം ലോകരാഷ്ട്രങ്ങളുടെ 'മധ്യസ്ഥ പ്രാര്‍ത്ഥന'യൊന്നും കൂടാതെ പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയോടിക്കുവാനുള്ള എല്ലാ അധികാരവുമുണ്ടായിരുന്നിട്ടും അതിനു മുതിരാതെ നെഹ്‌റു പകച്ചുനില്‍ക്കുകയായിരുന്നു.  ഇന്‍സ്ട്രുമന്റ് ഒഫ് അക്‌സഷന്‍ ഒപ്പിടുന്ന രാജ്യം ഭാരതത്തിന്റെ ഭാഗമാകുന്നത് 1947 ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ്. കശ്മീരിന്റെ മണ്ണില്‍നിന്ന് നുഴഞ്ഞുകയറ്റക്കാരെ അന്ന് പുറത്താക്കിയിരുന്നെങ്കില്‍ 1947 ലെ ഇതേ നിയമപ്രകാരം നിലവില്‍ വന്ന പാകിസ്ഥാന് അതിന്റെ നിയമ സാധുത ഐക്യരാഷ്ട്രസഭയില്‍ ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ടാകുമായിരുന്നു. എന്നാല്‍ ഭാരതം തന്നെ പരാതിയുമായി ഐക്യരാഷ്ട്രസഭയില്‍ ചെന്നത് പാകിസ്ഥാന് ഗുണകരമായി. അരുണാചല്‍ തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തെ പുച്ഛിച്ചുതള്ളാന്‍ സാധിക്കുന്നത് ആ ഭൂപ്രദേശത്തിന്റെ നിയന്ത്രണം നമ്മുടെ കൈകളില്‍ തന്നെയായതിനാലാണ്. ഐക്യരാഷ്ട്രസഭയില്‍ ഭാരതം പരാതിയുമായി പോയില്ലായിരുന്നെങ്കില്‍ പാക്കിസ്ഥാന്റെ ഒരു ആവലാതി മാത്രമായി കശ്മീര്‍ പ്രശ്‌നം ചുരുങ്ങിപ്പോയേനെ. ജമ്മുകശ്മീരിന്റെ 40% ഭാഗം പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ നല്‍കിയതും, ഭാരതത്തിന്റെ കൈവശമുള്ള ബാക്കി 60% ഭാഗം ഒരു പ്രശ്‌നപ്രദേശമായി നിര്‍ത്തേണ്ടിവന്നതുമാണ് നെഹ്‌റുവിന്റെ ആദ്യത്തെ തെറ്റ്. ഇവിടെ ഒരു തെറ്റിദ്ധാരണ തിരുത്തേണ്ടതുണ്ട്. ഭാരതത്തിന്റെ അന്നത്തെ ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ 1947 ഒക്ടോബര്‍ 27-ന് ഇന്‍സ്ട്രുമന്റ് ഒഫ് അക്‌സഷന്‍ അംഗീകരിച്ചുകൊണ്ട് ഹരിസിങ്ങിനെഴുതിയ കത്തില്‍ ജമ്മുകശ്മീരില്‍ ക്രമസമാധാനം മെച്ചപ്പെടുന്നതോടെയും കടന്നുകയറ്റക്കാരെ ഒഴിവാക്കുന്നതോടെയും സംസ്ഥാനത്തിന്റെ കൂടിച്ചേരല്‍ ജനഹിതം പരിശോധിച്ച് തീര്‍പ്പിലെത്തിക്കുമെന്നാണ് അറിയിച്ചത്. ഇതിന്‍ പ്രകാരം, ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശമൊന്നും ഇല്ലായിരുന്നെങ്കില്‍ പോലും ഹിതപരിശോധന നടത്താന്‍ ഭാരതം ബാധ്യസ്ഥമാകുമായിരുന്നു എന്നാണ് വിഘടനവാദികളുടേയും പാക്കിസ്ഥാന്റേയും വാദം. ഇത് തെറ്റാണ്. ഇന്‍സ്ട്രുമന്റ് ഒഫ് അക്‌സഷനോടെ കശ്മീര്‍ ഭാരതത്തിന്റെ ഭാഗമായി. അന്നുമുതല്‍ ഹിതപരിശോധന നടത്തിയോ ഇല്ലയോ എന്ന വിഷയം ഭാരതം എന്ന പരമാധികാര രാഷ്ട്രവും ഒരു സംസ്ഥാനവും തമ്മിലുള്ള വിഷയം മാത്രമാണ്. അത് നടപ്പാക്കുവാന്‍ ആവശ്യപ്പെടാനുള്ള ഒരധികാരവും പാക്കിസ്ഥാനില്ല. 1951 ല്‍ കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. 1954 ഫെബ്രുവരി 15-ന് പുതിയ നിയമസഭ ഭാരതത്തിന്റെ ഭാഗമായ നടപടിഒറ്റക്കെട്ടായി അംഗീകരിച്ചു. 1956-57 ല്‍ ജമ്മുകശ്മീര്‍ ഭരണഘടന നിലവില്‍ വന്നു. ആ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ മൂന്ന്  ജമ്മുകശ്മീര്‍ സംസ്ഥാനം ഭാരതത്തിന്റെ അവിഭാജ്യഘടകമായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ഗവര്‍ണര്‍ ജനറലിന്റെ വാക്കുകള്‍ ഭാരതം പാലിച്ചു. ഇത്ര ലളിതമായി തീരേണ്ടിയിരുന്ന ഒരു ആഭ്യന്തര വിഷയത്തില്‍ ലോകത്തിലെ സകലമാന രാജ്യങ്ങള്‍ക്കും കയറി ഇടപെടുവാനുള്ള അവസരം നല്‍കിയത് ഐക്യരാഷ്ട്രസഭയില്‍ ഭാരതം തന്നെ നല്‍കിയ പരാതിയാണ്! കശ്മീര്‍ വിഷയത്തില്‍ നെഹ്‌റുവിന്റെ രണ്ടാമത്തെ വീഴ്ച കൂടുതല്‍ ഗുരുതരമാണ്. ഐക്യരാഷ്ട്രസഭ രൂപീകൃതമായത് 1945 ല്‍ മാത്രമാണ്. ലീഗ് ഓഫ് നേഷന്‍സില്‍ നിന്ന് വിഭിന്നമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള കഴിവ് ഈ പുതിയ സഭക്കുണ്ട് എന്ന് നെഹ്‌റു തെറ്റിദ്ധരിച്ചു എന്ന് കരുതുക. അന്നത്തെ ആവേശത്തിലും ശുഭപ്രതീക്ഷയിലും കശ്മീര്‍ പ്രശ്‌നവുമായി അങ്ങോട്ടോടിയ നെഹ്‌റുവിന് മാപ്പുകൊടുക്കാം എന്ന് കരുതിയാലും, രണ്ടാമത്തെ വീഴ്ചക്ക് നെഹ്‌റുവിന്റെ കഴിവുകേട് എന്നല്ലാതെ ഒന്നും പറയാനാകില്ല. സുരക്ഷാ സമിതിയില്‍ കശ്മീര്‍ വിഷയത്തില്‍ പരാതിയുമായി ഭാരതം പോയത് ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ അദ്ധ്യായം ആറ് പ്രകാരം ''തര്‍ക്കത്തിന്റെ രമ്യമായ പരിഹാര''ത്തിനായിരുന്നു. അദ്ധ്യായം ഏഴ് പ്രകാരം 'കടന്നുകയറ്റം' എന്നുപറയേണ്ട യഥാര്‍ത്ഥ പരാതി പറയാതെ വെറും 'തര്‍ക്ക'മായി കശ്മീര്‍ വിഷയം ഉന്നയിച്ചതോടെ ഈ വിഷയത്തില്‍ പാക്കിസ്ഥാനും തുല്യ ഓഹരിയുള്ള കക്ഷിയാണെന്ന ധ്വനി ഭാരതം തന്നെ നല്‍കുകയായിരുന്നു. ദുരന്തനിവാരണപര്‍വ്വം ഒന്നാമത്തെ തെറ്റിലൂടെ പാക്കിസ്ഥാന്റെ ഒരു പരാതി മാത്രമായി അവശേഷിക്കേണ്ടിയിരുന്ന കശ്മീര്‍ വിഷയം നെഹ്‌റു ഭാരത- പാക് ഉഭയകക്ഷി പ്രശ്‌നമാക്കി തീര്‍ത്തു. രണ്ടാമത്തെ തെറ്റിലൂടെ ലോകരാഷ്ട്രങ്ങളുടെ മദ്ധ്യസ്ഥത ആവശ്യമുള്ള അന്താരാഷ്ട്ര വിഷയവുമാക്കി. കശ്മീര്‍ വിഷയത്തില്‍ ഭാരതത്തിന്റെ അബദ്ധങ്ങളുടെ പട്ടിക ഇവിടെയൊന്നും അവസാനിക്കുന്നില്ല. 1965 ലാണ് രണ്ടാമത്തെ ഭാരത- പാക് യുദ്ധമുണ്ടാകുന്നത്. 1948 നും 1965 നുമിടയില്‍ ഐക്യരാഷ്ട്രസഭയുടെ 23 പ്രമേയങ്ങള്‍ കശ്മീര്‍ വിഷയത്തിലുണ്ടായി. ഇവയില്‍നിന്നെങ്കിലും അന്താരാഷ്ട്ര വിഷയമല്ല, ഉഭയകക്ഷി പ്രശ്‌നം മാത്രമാണ് കശ്മീരെന്ന് പറയാന്‍ ഭാരതം പഠിച്ചിരിക്കും എന്നാണ് ആരും കരുതുക. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, ഈ യുദ്ധം അവസാനിപ്പിച്ച ശേഷമുണ്ടാക്കിയ ധാരണ സോവിയറ്റ് റഷ്യയുടെ പരസ്യമായ മദ്ധ്യസ്ഥതയിലായിരുന്നു; കൃത്യമായി പറഞ്ഞാല്‍ താഷ്‌കന്റ് പ്രഖ്യാപനത്തോടെ. ഇതിന്റെ അടുത്ത ദിവസമാണ് അവിടെവെച്ച് പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി മരണപ്പെടുന്നത്. ചുരുക്കത്തില്‍ നെഹ്‌റുവില്‍ നിന്ന് ശാസ്ത്രിയുടെ കാലമെത്തുമ്പോള്‍ ഭാരത- പാക് ചര്‍ച്ച കശ്മീരിന്റെ പേരുപറഞ്ഞ് വിദേശരാജ്യങ്ങള്‍ക്കുപോലും ഇടനിലക്കാരായി തലയിടാമെന്ന അവസ്ഥയിലാക്കിയിരുന്നു. തെറ്റിദ്ധാരണ ഒഴിവാക്കാന്‍ പറഞ്ഞുകൊള്ളട്ടെ, വിദേശകാര്യനയത്തിലെ പിഴവിനെക്കുറിച്ചു മാത്രമാണിവിടെ പ്രതിപാദിച്ചത്. യുദ്ധവും പ്രതിരോധവും അതിന്റെ നയങ്ങളും അവയുടെ ജയപരാജയങ്ങളും വേറെ വിഷയമാണ്. ഉദാഹരണത്തിന് 1965 ലെ യുദ്ധത്തില്‍ ശാസ്ത്രിയുടെ നേതൃത്വത്തിലുണ്ടായ വിജയവും താഷ്‌കെന്റ് പ്രഖ്യാപനത്തിലെ പരാജയവും രണ്ടാണ്. ഇന്ദിരാഗാന്ധിയുടെ കാലത്താണ്ഈ അബദ്ധങ്ങള്‍ ഒരുപരിധിവരെ തിരുത്തുന്നത്. ഐക്യരാഷ്ട്ര സഭ തീരുമാനമെടുക്കേണ്ടുന്ന വിഷയമാണ് കശ്മീര്‍ എന്ന അബദ്ധധാരണയില്‍ നിന്ന് ഭാരതം മോചിതമായി. മദ്ധ്യസ്ഥരെ ഒരുതരത്തിലും അനുവദിക്കില്ലെന്നും, പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞുതീര്‍ക്കുക മാത്രമേ പോംവഴിയുള്ളൂ എന്നും ഭാരതം കര്‍ക്കശ നിലപാട് സ്വീകരിച്ചു. ബംഗ്ലാദേശിന്റെ പിറവിക്ക് വഴിതെളിച്ച മൂന്നാമത്തെ ഭാരത-പാക് യുദ്ധത്തിനുശേഷം ഇന്ദിരാഗാന്ധിയും പാക് പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയും 1972 ല്‍ ഒപ്പുവെച്ച സിംല കരാറില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കും എന്ന് പരസ്പരം സമ്മതിച്ചു. നയതന്ത്രത്തിന്റെ കേന്ദ്രബിന്ദു എന്ത്? ഭാരത- പാക് നയതന്ത്രത്തിന്റെ കേന്ദ്രബിന്ദു എന്താകണം? കശ്മീര്‍ പ്രശ്‌നമാണ് എന്ന് തെറ്റിദ്ധരിക്കുന്നിടത്ത് ഭാരതത്തിന്റെ വീഴ്ച തുടങ്ങുന്നു. പാക് അധിനിവേശ കശ്മീര്‍ പ്രദേശത്തെക്കുറിച്ച് ചര്‍ച്ചകളൊന്നുമില്ലാതിരിക്കുകയും ഭാരത ഭൂപ്രദേശമായ ജമ്മുകശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാക്‌നേതൃത്വത്തെ ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ പാകിസ്ഥാന് നഷ്ടങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഭാരതത്തിന് യഥാര്‍ത്ഥത്തില്‍ തലവേദനയായ ഒരു പാക് നടപടിയുണ്ട്- ഭീകരവാദം. ദാവൂദിന്റെ നേതൃത്വത്തില്‍ 1993 ലുണ്ടായ മുംബൈ സ്‌ഫോടനം, 2000 ലെ റെഡ്‌ഫോര്‍ട്ട് ആക്രമണം, 2001 ലെ കശ്മീര്‍ നിയമസഭ ആക്രമണം, 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2002 ലെ അക്ഷര്‍ധാം ആക്രമണം, 2006 ജൂലൈയിലെ മുംബൈ സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനങ്ങള്‍, 2005 ല്‍ ദീപാവലി സമയത്ത് ദില്ലിയിലുണ്ടായ സ്‌ഫോടനങ്ങള്‍, 2006 ല്‍ വാരണാസിയിലെ ക്ഷേത്രത്തിലും റെയില്‍വേ സ്റ്റേഷനിലുമായുണ്ടായ സ്‌ഫോടനങ്ങള്‍, 2007 ല്‍ ഹൈദ്രബാദിലെ ട്രെയിന്‍ സ്‌ഫോടനങ്ങള്‍, 2008 മുംബൈ ആക്രമണം, 2015 ലെ ഗുര്‍ദാസ്പൂര്‍ ആക്രമണം എന്നിങ്ങനെ 2016 പത്താന്‍കോട്ട് വരെ ഭാരതത്തില്‍ ചെറുതും വലുതുമായി തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളുടെയെല്ലാം പ്രഭവസ്ഥാനം പാക്കിസ്ഥാനാണ്. ചര്‍ച്ചകള്‍ ഈ വിഷയത്തിലേക്ക് വരുന്നത് ഭാരതത്തിന് ഗുണകരവും പാക്കിസ്ഥാന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. വാജ്‌പേയിയുടെ ഭരണകാലത്താണ് ഭീകരവാദം ഭാരത- പാക് ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്. 1999 ഫെബ്രുവരിയിലെ ലാഹോര്‍ പ്രഖ്യാപനം ഇതിന് തുടക്കമിട്ടു. 2004 ജനുവരി  6 ന് പാക് പ്രസിഡന്റ് മുഷറഫുമായി ചേര്‍ന്ന് നല്‍കിയ സംയുക്ത പ്രസ്താവനയില്‍ പാക് മണ്ണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കില്ലെന്ന് മുഷറഫ് ഉറപ്പു നല്‍കി. പാക് മണ്ണ് ഭീകരവാദത്തിനുപയോഗിക്കുന്നുണ്ടെന്ന പരോക്ഷമായ ഈ കുറ്റസമ്മതം ഭാരതത്തിന് ലഭിച്ച വലിയ നയതന്ത്രവിജയമായിരുന്നു. പാവക്കൂത്തിന്റെ കാലം സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ നയിക്കാന്‍ പൂര്‍വ്വസൂരികളൊന്നുമില്ലാത്തതിനാല്‍ പറ്റിയ പരാജയങ്ങളെന്ന് നെഹ്‌റുവിന്റെ അബദ്ധങ്ങള്‍ക്ക്  തൊടുന്യായം നിരത്താം. എന്നാല്‍ ഒരു തരത്തിലും ന്യായീകരിക്കാനാകാത്തതായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ നയങ്ങള്‍- നയതന്ത്ര ബോധം ലവലേശമില്ലാത്ത, ഇന്ദിര മുതല്‍ വാജ്‌പേയി വരെ വര്‍ഷങ്ങള്‍കൊണ്ട് പിഴവുകള്‍ തീര്‍ത്തുവന്നിരുന്ന നയങ്ങള്‍ അടിതെറ്റിച്ച ഭരണകാലം. ഭരണമേറ്റ് അധികംവൈകാതെ, 2004 സെപ്റ്റംബറില്‍ 24 ന് മന്‍മോഹന്‍ സിങ് പാക് പ്രസിഡന്റ് മുഷറഫിനെ ന്യൂയോര്‍ക്കില്‍ വെച്ച് കാണുകയും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ വഴി ഗ്യാസ് പൈപ്‌ലൈന്‍ ഭാരതത്തിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും മറ്റും ഇതില്‍ പരാമര്‍ശമുണ്ടായിരുന്നെങ്കിലും പ്രസ്താവനയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പരാമര്‍ശം ഭീകരവാദമായിരുന്നു.  ജനുവരിയില്‍ വാജ്‌പേയിയോട് ഏറ്റുപറഞ്ഞ ഭീകരവാദം എന്ന വിഷയത്തില്‍ നിന്നങ്ങനെ പാക്കിസ്ഥാന്‍ വിദഗ്ദ്ധമായി തെന്നിമാറി. 2005 ഏപ്രില്‍ 18 ന് ദില്ലിയില്‍ ഭാരത- പാക് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ ഇതില്‍ നിന്നൊരു പടികൂടി മുന്നോട്ടുപോയി, ഭീകരവാദവും മറ്റ് സമാധാന ശ്രമങ്ങളും കൂട്ടിക്കുഴക്കില്ലെന്നായി സംയുക്ത പ്രസ്താവന! മന്‍മോഹന്‍ സിങ് 2009 ല്‍ രണ്ടാമൂഴം പ്രധാനമന്ത്രിയായശേഷം ജൂലൈ 16 ന് പാക് പ്രധാനമന്ത്രി യൂസഫ് ഗിലാനിയെ ഈജിപ്റ്റിലെ ഷാം-എല്‍-ഷേക്കില്‍ വെച്ച് കണ്ടുമുട്ടുകയുണ്ടായി. അന്ന് നടത്തിയ സംയുക്ത പ്രസ്താവന കേട്ട് എല്ലാവരും ഞെട്ടി. ഭാരതത്തെപ്പോലെ പാക്കിസ്ഥാനും ഭീകരവാദത്തിന്റെ ഇരയാണെന്ന് തുല്യംചാര്‍ത്തുന്ന ഈ പ്രസ്താവന പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലും മറ്റും ഭാരതം ഭീകരപ്രവര്‍ത്തനം നടത്തുന്നു എന്ന ധ്വനിയോടെയാണ് പൂര്‍ത്തിയായത്! അങ്ങനെ ചര്‍ച്ച പാക് ഭീകരവാദത്തില്‍ നിന്നുമാറി ഭാരതത്തിന്റെ ഭീകരവാദപ്രവര്‍ത്തനങ്ങളെക്കുറിച്ചായി! (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.