സിബിഐ നടപടി; സിപിഎം പ്രതിരോധത്തില്‍

Thursday 7 January 2016 11:18 pm IST

പാനൂര്‍ (കണ്ണൂര്‍): കതിരൂര്‍ മനോജ് വധക്കേസില്‍ കൂടുതല്‍ തെളിവുകളുമായി സിബിഐ നടപടികള്‍ ആരംഭിച്ചതോടെ പ്രതിരോധത്തിലായ സിപിഎം കള്ളപ്രചാരണവുമായി രംഗത്ത്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനുമുളള സാധ്യത വര്‍ദ്ധിച്ചതോടെയാണ് സിപിഎം വ്യാപകമായ കളള പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൊലക്കേസില്‍ അകപ്പെടുന്നത് പാര്‍ട്ടിയില്‍ വന്‍പ്രതിസന്ധി സൃഷ്ടിക്കുമെന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തിലുളള ഭയമാണ് സിബിഐ ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഉടന്‍ പാര്‍ട്ടി നേതാക്കളും മുഖപത്രവും കളള പ്രചാരണവുമായി രംഗത്തെത്തിയതിന് പിന്നില്‍. കഴിഞ്ഞ ദിവസം സിബിഐക്ക് മുന്നില്‍ ഹാജരാകാതെ നിന്നതും കോഴിക്കോട് വെച്ച് സിബിഐയുടെ ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ ആര്‍എസ്എസ് തീരുമാനമാണെന്നും മറ്റുമുളള ജയരാജന്റെ പ്രസ്താവനയും, പാര്‍ട്ടി മുഖപത്രം ഇന്നലെ സിബിഐ നീക്കത്തിനെതിരെ രംഗത്തു വന്നതും സിപിഎം നേതൃത്വം ജയരാജന്റെ അറസ്റ്റിനെ ഭയക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി സിബിഐക്ക് മുന്നില്‍ ഹാജരാവാതിരുന്ന ജയരാജന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനെ കാണാന്‍ കോഴിക്കോട്ട് എത്തുകയും മാധ്യമ പ്രവര്‍ത്തകരെ കാണുകയും ചെയ്തിരുന്നു. ആര്‍എസ്എസ് നേതാവായ മനോജിനോടു വര്‍ഷങ്ങളായുളള പക തീര്‍ക്കാന്‍ പി. ജയരാജന്‍ നടപ്പാക്കിയ അരുംകൊലയായിരുന്നു 2014 സെപ്തംബര്‍ ഒന്നിന് കതിരൂരില്‍ നടന്നതെന്ന് ആദ്യം മുതലെ സംഘപരിവാര്‍ നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. കൊലയാളികളെ പിടികൂടിയ െ്രെകംബ്രാഞ്ച് സംഘം സിബിഐയ്ക്ക് കൈമാറിയ കേസ് ഫയലില്‍ പി. ജയരാജന്റെ പങ്ക് വ്യക്തമാകുന്ന സൂചനകള്‍ നല്‍കിയിരുന്നു. പാര്‍ട്ടി മുഖപത്രത്തിന്റെ കണ്ണൂരിലെ ചുമതലക്കാരനായ എം. സുരേന്ദ്രന്‍, കൂത്തുപറമ്പ് ഏരിയ സെക്രട്ടറി എന്‍. ധനഞ്ജയന്‍, എ. അശോകന്‍ എന്നിവരുടെ പേരുകളും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വളരെ ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ സിബിഐ സംഘം ഏറെ നാളുകളായി ശ്രമിച്ചു വരികയായിരുന്നു. സിബിഐയുടെ കണ്ണുകള്‍ തനിക്കുമേലുണ്ടെന്ന തിരിച്ചറിവിലാണ് യോഗയും, ഐആര്‍പിസിയുമൊക്കെ നടത്തി ജനപിന്തുണ നേടാന്‍ പി. ജയരാജന്‍ ശ്രമിച്ചത്. അറസ്റ്റിനെ ഭയമില്ലെന്ന് പറയുന്ന പി. ജയരാജന്‍ ഏതാനും മാസം മുമ്പ് പരിയാരത്ത് ചികിത്സക്കെന്ന പേരില്‍ കിടന്നത് ഏറെ ചര്‍ച്ചയായതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.