സിപിഎമ്മിന്റെ സ്ത്രീപക്ഷ കേരളം കാപട്യം: കുമ്മനം

Thursday 7 January 2016 11:38 pm IST

തിരുവനന്തപുരം: സ്ത്രീപക്ഷ കേരളം സൃഷ്ടിക്കണമെന്നു പറയുന്ന  സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ അഭിപ്രായം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വനിതാ മുഖ്യമന്ത്രിയെ മുന്നോട്ടു വയ്ക്കാന്‍ സിപിഎം തയ്യാറാകുമോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചോദിച്ചു. സ്ത്രീപക്ഷ കേരളം സൃഷ്ടിക്കുമെന്ന സിപിഎമ്മിന്റെ വാദം കാപട്യമാണെന്നും കുമ്മനം പറഞ്ഞു. സ്ത്രീകളെ മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് വോട്ടിനു വേണ്ടി ഉയര്‍ത്തിക്കാട്ടിയ ചരിത്രം സിപിഎമ്മിനുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോള്‍ സ്ത്രീയെ അവഗണിക്കും. കേരം തിങ്ങും കേരള നാട്ടില്‍ കെ. ആര്‍. ഗൗരി ഭരിച്ചീടും എന്നായിരുന്നു ഒരു തെരഞ്ഞെടുപ്പിലെ സിപിഎം മുദ്രാവാക്യം. എന്നാല്‍ മുഖ്യമന്ത്രി ആകുമെന്ന് പ്രചരിപ്പിച്ച രണ്ട് തവണയും സിപിഎം കെ.ആര്‍.ഗൗരിയമ്മയെ തഴഞ്ഞു. മറ്റൊരു തെരഞ്ഞെടുപ്പില്‍ സുശീലാ ഗോപാലന്‍ മുഖ്യമന്ത്രി ആകുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നല്‍കി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇ.കെ.നായനാരെയാണ് മുഖ്യമന്ത്രിയാക്കിയത്. സ്ത്രീകള്‍ക്ക് വേണ്ടി പ്രസംഗിക്കുകയും വാദിക്കുകയും ചെയ്യുമ്പോഴും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ അവസരം വരുമ്പോള്‍ അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ് ഇക്കാലമത്രയും സിപിഎം സ്വീകരിച്ചു വന്നത്. വനിതകള്‍ക്ക് വേണ്ടി വാചാലമാകുന്ന സിപിഎം അവര്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഒരു വനിതയെ മുഖ്യമന്ത്രി ആക്കുമെന്നു പറയാനുള്ള തന്റേടം കാണിക്കുമോ എന്ന് കുമ്മനം പ്രസ്താവനയില്‍ ചോദിച്ചു. ആര്‍എസ്എസുകാരും മാര്‍ക്‌സിസ്റ്റുകാരും ആയുധം താഴെവയ്ക്കണമെന്നും രണ്ട് കൂട്ടരും അക്രമത്തിന്റെ കാര്യത്തില്‍ തുല്യരാണെന്നുമുള്ള വി.എം.സുധീരന്റെ പ്രസ്താവന സിപിഎമ്മിനെ വെള്ളപൂശുന്നതാണ്. സിപിഎമ്മാണ് കേരളത്തില്‍ അക്രമ രാഷ്ട്രീയത്തിനു വിത്തുപാകിയത്. അവര്‍ ആദ്യം അധികാരത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ത്ത് വിമോചന സമരം നടത്തി സര്‍ക്കാരിനെ പിരിച്ചുവിട്ടത് കമ്മ്യൂണിസ്റ്റുകാരുടെ അക്രമ രാഷ്ട്രീയത്തിന്റെ പേരിലാണ്. ആയുധ നിര്‍മ്മാണം രാഷ്ട്രീയത്തില്‍ വ്യവസായമാക്കി മാറ്റിയത് കമ്മ്യൂണിസ്റ്റുകാരാണ്. സിപിഎം കാരുടെ അക്രമണത്തിനു വിധേയരാകാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നു കേരളത്തിലില്ല. കെ.ടി.ജയകൃഷ്ണന്‍, ടി.പി.ചന്ദ്രശേഖരന്‍, കതിരൂരിലെ മനോജ്, തളിപ്പറമ്പിലെ ഷുക്കൂര്‍ എന്നിവരെയൊക്കെ അതിനിഷ്ഠൂരമായി വധിച്ചതുപോലെ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ചെയ്തിട്ടുണ്ടോ. എന്നിട്ടും ആര്‍എസ്എസും സിപിഎമ്മും അക്രമ രാഷ്ട്രീയത്തില്‍ ഒരുപോലെ എന്നു പറയുന്നത് അനീതിയാണ്. കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.