നെയ്യാറ്റിന്‍കര: ജില്ലാ കലോത്സവവേദികളില്‍ മലയാള ഭാഷയ്ക്ക് അവഗണന. ഭരണ ഭാഷ മലയാളം ആക്കിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷയുടെ പ്രാധാന്യം പറഞ്ഞ് പഠിപ്പിക്കേണ്ട അധ്യാപകര്‍ ഭാഷയെ അവഗണിക്കുന്നു. പ്രധാന വേദി ഒഴികെയുള്ള എല്ലാ വേദികളിലും ഇംഗ്ലീഷിലാണ് ഫഌക്സുകള്‍ കര്‍ട്ടനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
സ്റ്റേജിന പരിപാടികള്‍ ആരംഭിച്ചതോടെയാണ് മലയാളഭാഷയെ അവഗണിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടത്. വേദികള്‍ കണ്ടാല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കലോത്സവമാണോ എന്ന് തോന്നുംവിധമാണ് ബാനറുകള്‍. തിരുവനന്തപുരം റവന്യൂ കലോത്സവം, സ്കൂളുകളുടെ പേരുകള്‍, നെയ്യാറ്റിന്‍കര, ജനുവരി എന്നീ വാക്കുകളും ലോഗോയിലെ വാക്കുകളുമാണ് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ മലയാളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ‘വേദി’ എന്ന് ഫഌക്സിനുമുകളില് ഒട്ടിച്ചിരിക്കുന്നത് മാത്രമാണ്.
ജില്ലാ വിദ്യാഭ്യാസ വകുപ്പ് തലവന്റെ നേതൃത്വത്തില്‍ നടത്തുന്ന കലോത്സവത്തിലാണ് ഭാഷയെ ഈ വിധത്തില്‍ അവഹേളിച്ചിരിക്കുന്നത്. ഭാഷാ സ്നേഹികളെന്ന് നടിക്കുന്ന അധ്യാപകരും മലയാളഭാഷ വളര്‍ത്താന്‍ തുനിഞ്ഞിറങ്ങിയ രചയിതാക്കളും ഭാഷാസ്നേഹികളുമെല്ലാം ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇവരാണ് വരും തലമുറയെ മാതൃഭാഷയുടെ പ്രാധാന്യം പഠിപ്പിച്ചുനല്കേണ്ടവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: