കുന്നത്തൂരില്‍ കോണ്‍ഗ്രസും ആര്‍എസ്പിയും ഏറ്റുമുട്ടലിലേക്ക്

Friday 8 January 2016 2:42 pm IST

കുന്നത്തൂര്‍: ആര്‍എസ്പിയുടെ സിറ്റിംഗ് സീറ്റായ കുന്നത്തൂരില്‍ അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത് ആര്‍എസ്പി ക്യാമ്പില്‍ അങ്കലാപ്പ് സൃഷ്ടിക്കുന്നു. കഴിഞ്ഞദിവസം ശാസ്താംകോട്ടയില്‍ കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജനരക്ഷാ യാത്രയുടെ മുന്നൊരുക്കങ്ങളെക്കുറിച്ച് നടന്ന യോഗത്തിലാണ് കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രമുഖനേതാവായ ശൂരനാട് രാജശേഖരന്‍ ഇത്തരത്തില്‍ ഒരു അവകാശവാദം മുന്നോട്ടുവച്ചത്. നമ്മുടെ നിയോജകമണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുക, സ്ഥാനാര്‍ത്ഥിയെ കെപിസിസി തീരുമാനിക്കും. ഗ്രൂപ്പ് വൈരങ്ങള്‍ മറന്ന് ആ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വിവാദത്തിലും തുടര്‍ന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ കാലുവാരിയതിനെ തുടര്‍ന്ന് കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്നും കോണ്‍ഗ്രസുമായി അകന്നുനില്‍ക്കുന്ന ആര്‍എസ്പിയെ ഈ പ്രസ്താവന കൂടുതല്‍ വെട്ടിലാക്കിയിട്ടുണ്ട്. അണികള്‍ മറ്റ് ഇടതുപാര്‍ട്ടികളിലേക്ക് പോകുകയാണ്. അതിനിടയില്‍ നിയമസഭാ സീറ്റ് കൂടി നഷ്ടപ്പെട്ടാല്‍ അത് ആര്‍എസ്പിയില്‍ പിളര്‍പ്പിനും ഇടയാക്കിയേക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്താണ് കോവൂരിനെയും കൂട്ടരെയും അനുനയിപ്പിച്ച് പാര്‍ട്ടി പിളര്‍പ്പ് ഒഴിവാക്കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേക്കും. കോവൂര്‍ കുഞ്ഞുമോനെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ സിപിഎം ചരടുവലികള്‍ സജീവമാക്കിയിട്ടുണ്ട്. അതേസമയം ആര്‍എസ്പിയുടെ സിറ്റിംഗ് സീറ്റായ കുന്നത്തൂരിനെ സംബന്ധിച്ച തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന് ആര്‍എസ്പിയിലെ മുതിര്‍ന്ന നേതാവ് പ്രതികരിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കുന്നത്തൂരില്‍ രാഷ്ട്രീയസമവാക്യം മാറിയേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.