രാജകുടുംബാംഗത്തിന്റെ മരണം: തിരുവാഭരണ ദര്‍ശനം നിര്‍ത്തിവച്ചു

Friday 8 January 2016 10:23 pm IST

പന്തളം: പന്തളം കൊട്ടാരം കുടുംബാംഗം അന്തരിച്ചതിനെത്തുടര്‍ന്നുള്ള അശുദ്ധി കാരണം തിരുവാഭരണ ദര്‍ശനം നിര്‍ത്തിവെച്ചു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രവും അടച്ചു. പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ പന്തപ്ലാവില്‍ കൊട്ടാരത്തില്‍ കെ.രാമവര്‍മ്മരാജ (83) വ്യാഴാഴ്ച്ച രാത്രിയാണ് അന്തരിച്ചത്. സന്നിധാനത്തേക്ക് തിരുവാഭരണഘോഷയാത്രയെ അനുഗമിക്കാനുള്ള പന്തളം രാജപ്രതിനിധിയായി നിശ്ചയിച്ചിരുന്ന പി.ജി.ശശികുമാര്‍ വര്‍മ്മയുടെ മൂത്ത സഹോദരനാണ് പരേതന്‍. തിരുവാഭരണ ഘോഷയാത്ര 13ന് പുറപ്പെടുമെങ്കിലും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെ പതിവു ചടങ്ങുകളും ആഘോഷങ്ങളും ഉണ്ടായിരിക്കില്ല. തിരുവാഭരണം പുറപ്പെടുന്ന ദിവസം രാവിലെ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണദര്‍ശനത്തിനും ഭക്തര്‍ക്കവസരമില്ല. വലിയ തമ്പുരാന്റെ സാന്നിദ്ധ്യത്തില്‍ പ്രത്യേക പൂജകളോ ചടങ്ങുകളോ ഇക്കുറി ഇല്ല.  ഘോഷയാത്രയെ രാജ പ്രതിനിധി അനുഗമിക്കുകയുമില്ല. ഘോഷയാത്ര ദിവസം ഉച്ചയ്ക്ക് സ്രാമ്പിക്കല്‍ കൊട്ടാരത്തിന് സമീപമുള്ള പുത്തന്‍മേടയില്‍ വെച്ച് തിരുവാഭരണങ്ങള്‍ പേടകങ്ങളിലാക്കി ശബരിമലയിലേക്ക് പുറപ്പെടും. അശുദ്ധികാരണം അടച്ചിട്ട വലിയകോയിക്കല്‍ ക്ഷേത്രം ഇനി 18 നെ തുറക്കുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.