മ്ലാവ് ചത്ത സംഭവം: റിപ്പോര്‍ട്ട് തയ്യാറാക്കിയയാള്‍ ഹാജരാകണം

Friday 8 January 2016 10:24 pm IST

കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്ളില്‍ ചെന്ന് മ്ലാവ് ചത്ത സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ പെരിയാര്‍ വൈല്‍ഡ് ഡിവിഷനിലെ പ്രൊജക്ട് ടൈഗര്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനുവരി 11 ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മ്ലാവ് ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആവാസ വ്യവസ്ഥയിലെ മാറ്റം, നിലവിലെ സ്ഥിതി തുടങ്ങിയവ അറിയിക്കാനാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് ഹാജരാകാന്‍  നിര്‍ദേശിച്ചിരിക്കുന്നത്. സന്നിധാനം ഔട്ട്‌പോസ്റ്റിനു സമീപം ചത്ത നിലയില്‍ കണ്ടെത്തിയ മ്ലാവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ 4.7 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഭക്തര്‍ ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന കവറുകള്‍ അലക്ഷ്യമായി കാട്ടില്‍ ഉപേക്ഷിക്കുന്നത് മ്ലാവ് ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ഭക്ഷിക്കുന്നത് അവയുടെ ജീവഹാനിക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.