കൊല്ലൂരില്‍ സംഗീതാരാധനയും പുരസ്‌കാര സമര്‍പ്പണവും

Friday 8 January 2016 10:28 pm IST

കാസര്‍കോട്: ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ.യേശുദാസിന്റെ 76-ാം പിറന്നാള്‍ ദിനമായ നാളെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ സംഗീതാരാധനയും, കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് മികച്ച പ്രതിഭക്കുള്ള 'സൗപര്‍ണികാമൃതം' സംഗീത പുരസ്‌കാര സമര്‍പ്പണവും നടക്കും. യേശുദാസിന്റെ ഷഷ്ഠിപൂര്‍ത്തി വേളയില്‍ 'മൂകാംബികാ സംഗീതാരാധനാ സമിതി'യാണ്  ക്ഷേത്രസന്നിധിയില്‍ എല്ലാ ജനുവരി 10-നും സംഗീതാരാധനയ്ക്ക് തുടക്കം കുറിച്ചത്. ഇത്തവണ 16-ാം വാര്‍ഷികത്തിന്റെ ഭാഗമായി 'മൂകാംബികാ സംഗീതാരാധനാ സമിതി'യുടെ ആഭിമുഖ്യത്തിലുള്ള 'സൗപര്‍ണികാമൃതം സംഗീത പുരസ്‌കാരം' സമ്മാനിക്കും.  കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സര്‍ഗാത്മക മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് 10,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും പൊന്നാടയും ഉള്‍പ്പെട്ട 'സൗപര്‍ണികാമൃതം സംഗീത പുരസ്‌കാരം' സമര്‍പ്പിക്കുന്നത്. നാളെ രാവിലെ ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം സജ്ജമാക്കുന്ന സംഗീതാര്‍ച്ചനാ വേദിയില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ആണ് കൈതപ്രത്തിന് പുരസ്‌കാരം സമ്മാനിക്കുക. പുലര്‍ച്ചെ മുതല്‍ വൈകുന്നേരം വരെ നീളുന്ന സംഗീതാരാധനയില്‍ യേശുദാസും, കൈതപ്രവും, കാഞ്ഞങ്ങാട് രാമചന്ദ്രനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീത കലാകാരന്മാരും പങ്കുചേരും. പത്രസമ്മേളനത്തില്‍ സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍, മൂകാംബികാ സംഗീതാരാധനാ സമിതി ജനറല്‍ കണ്‍വീനര്‍ വി.വി. പ്രഭാകരന്‍, സമിതിയംഗം സന്തോഷ് കമ്പല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.