ഗതാഗത കുരുക്കിന് പരിഹാരമായി കടുവാമൂഴി ബസ് സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുന്നു

Friday 8 January 2016 10:43 pm IST

ഈരാറ്റുപേട്ട: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹാരിക്കുന്നതിന്റെ ആദ്യഘട്ടമായി കടുവാമൂഴി ബസ് സ്റ്റാന്റ് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ നഗരസഭാധ്യക്ഷന്‍ ടി.എം റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. അടുത്ത നഗരസഭാ കൗണ്‍സില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ആര്‍ടിഎ ബോര്‍ഡ് അംഗീകാരത്തിനായി സമര്‍പ്പിക്കും. ഇതനുസരിച്ച് ഈരാറ്റുപേട്ടയില്‍ പത്തു മിനിറ്റില്‍ കുടുതല്‍ പാര്‍ക്കിംങ് സമയമുള്ള എല്ലാ ബസുകളും കടുവാമൂഴിയിലേക്ക് പോകേണ്ടതാണ്. തൊടുപുഴ കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നുമെത്തി ഈരാറ്റുപേട്ടയില്‍ സര്‍വ്വീസ് അവസാനിക്കുന്ന ബസുകള്‍ കടുവാമൂഴി സ്റ്റാന്‍ഡിലെത്തി യാത്ര അവസാനിപ്പിക്കും. ഇവിടെ നിന്നും സര്‍വ്വീസ് ആരംഭിക്കുന്ന ബസുകള്‍ ടൗണ്‍ സ്റ്റാന്റിലെത്തി നിലവിലുള്ള സമയത്ത് യാത്ര തുടങ്ങും. കടുവാമൂഴി സ്റ്റാന്റിനു മുന്‍പില്‍ക്കൂടി സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ബസുകളും സ്റ്റാന്റില്‍ കയറിയിറങ്ങിപ്പോകും. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് തൊടുപുഴ ഭാഗത്തേയ്ക്കും തൊടുപുഴയില്‍ നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേയ്ക്കുമുള്ള ദീര്‍ഘ ദൂര ബസുകള്‍ നിലവിലുള്ള രീതിയില്‍ ടൗണ്‍ സ്റ്റാന്‍ന്റില്‍ മാത്രം കയറിയാല്‍ മതി. കടുവാമൂഴിയിലെ പുതിയ സ്റ്റാന്റ് വരെ പോകുമ്പോഴുണ്ടാകുന്ന സമയത്തെച്ചൊല്ലി സ്വകാര്യ ബസുടമകള്‍ ആക്ഷേപമുന്നയിച്ചു. ടൗണ്‍ ബസ് സ്റ്റാന്‍ഡ് മാറ്റുന്നത് സംബന്ധിച്ച് ചില വ്യാപാരികള്‍ നല്‍കിയിരിക്കുന്ന കേസ് തീര്‍പ്പാക്കുന്നതിന് ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. പി.സി ജോര്‍ജ്, നഗരസഭാ ഉപാധ്യക്ഷ കുഞ്ഞുമോള്‍ സിയാദ്, ജോയിന്റ് ആര്‍ടിഒ ടോജോ തോമസ്, സിഐ സി.ജി സനല്‍കുമാര്‍, പി.എച്ച് ഹസീബ്, വി.കെ കബീര്‍. വി.എം സിറാജ്, ജോസ് മാത്യു, നിസാര്‍ കുര്‍ബാനി, സുബൈര്‍ വെള്ളാപ്പള്ളി, റാസി ചെറിയവല്ലം, കെ.ഐ നൗഷാദ്, ലത്തീഫ് വെള്ളൂപ്പറമ്പില്‍, വി.പി മജീദ്, എ.എം.എ ഖാദര്‍, മാത്യു മണ്ണാറകം, ഇ.കെ മുജീബ്, നിഷാദ് നടയ്ക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.