റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു

Friday 8 January 2016 10:47 pm IST

കോട്ടയം: 28-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം സമ്മാനദാന ചടങ്ങുകളോടുകൂടി തിരശ്ശീലവീണു. ഏഴായിരത്തോളം വിദ്യാര്‍ത്ഥി പ്രതിഭകള്‍ മാറ്റുരച്ച മത്സരവേദികളില്‍ കൗമാര കലാഹൃദയങ്ങളില്‍നിന്ന് പ്രമേയത്തിലൂടെയും അവതരണത്തിലൂടെയും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയും വരും തലമുറയ്ക്കുവേണ്ടി ജീവജാലങ്ങളും ആവാസവ്യവസ്ഥകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യം കലാ ആസ്വാദകരേയും മാനവലോകത്തേയും ഓര്‍മ്മപ്പെടുത്തിയെന്നുള്ളത് പ്രാധാന്യമര്‍ഹിക്കുന്നു. കലയെന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കൗമാരഹൃദയം വേദനിക്കുകയും പ്രതീകരിക്കുകയും ചെയ്യുന്നുണ്ട്. കലകള്‍ മാനസിക ഉല്ലാസത്തിനുവേണ്ടിയുള്ളതാണെങ്കിലും വര്‍ത്തമാനകാലഘട്ടത്തിലുള്ള അപചയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ നടന്ന സമാപനസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന മുഖ്യപ്രഭാഷണവും സി.ജെ. ഫിലിപ്പോസ് ഫലപ്രഖ്യാപനവും നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം കമ്മറ്റി അദ്ധ്യക്ഷന്മാര്‍, മെമ്പര്‍മാര്‍, ഡിഇഒ, നഗരസഭാ അംഗം ടി.എന്‍. ഹരികുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. യുപി വിഭാഗത്തില്‍ പാലാ സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 36 പോയിന്റോടെ ഒന്നാമതും കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 35 പോയിന്റോടെ രണ്ടാം സ്ഥാനവും വെട്ടിമുകള്‍ സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ 33 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 103 പോയിന്റോടെ ക്രോസ് റോഡ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനവും 95 പോയിന്റോടെ കുമാരനല്ലൂര്‍ ദേവീവിലാസം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനവും 89 പോയിന്റോടെ ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എംജിഎം എന്‍എസ്എസ് ളാക്കാട്ടൂര്‍ 165 പോയിന്റുമായി ഒന്നാമതും ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 110 പോയിന്റുമായി രണ്ടാമതും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 96 പോയിന്റുമായി മൂന്നാമതുമെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.