കൊച്ചി: ആധുനികത അനിവാര്യമാണെങ്കിലും സംസ്കാരത്തെ പുറന്തള്ളിയുള്ള ആധുനികത പാടില്ലെന്ന് ബോളിവുഡ് നടന് മുകേഷ് ഖന്ന. പാരമ്പര്യത്തിലും പഴമയിലും ഊന്നി നിന്ന് ആധുനികതയെ സ്വീകരിക്കണം. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ തപസ്യ സാംസ്കാരിക തീര്‍ത്ഥയാത്രക്ക് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശൈശവമില്ലാതെയാണ് ഇന്നത്തെ തലമുറ വളരുന്നത്. മൊബൈലും കമ്പ്യൂട്ടറുമാണ് കുട്ടികളുടെ കൂട്ടുകാര്‍. പഠിക്കാന്‍ മാത്രമാണ് മാതാപിതാക്കള്‍ കുട്ടികളോട് പറയുന്നതും. ഇത് മാറണം. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ 2500ഓളം സിനിമകള്‍ കുട്ടികള്‍ക്കായി പുറത്തിറക്കിയെന്ന് ചെയര്മാന് കൂടിയായ മുകേഷ് ഖന്ന പറഞ്ഞു. എന്നാല്‍ ഇതൊന്നും കുട്ടികളിലെത്തിയില്ല.
അവാര്ഡുകള്ക്കയക്കാന് മാത്രമാണ് ഉപകരിച്ചത്. ഇതിന് മാറ്റം വരുത്തും. കുട്ടികള്‍ക്ക് ഏത് ഭാഷയില്‍ നിര്‍മിക്കുന്ന ചിത്രവും രാജ്യം മുഴുവന്‍ കാണാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: അവാര്‍ഡുകള്‍ ഏറെ ലഭിച്ചിട്ടുണ്ടെങ്കിലും തപസ്യ നല്‍കിയത് സിനിമാ ജീവിതത്തിലെ ആദ്യത്തെ അംഗീകാരമാണെന്ന് നടന് മധു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള തപസ്യയുടെ ആദരം നിര്‍വ്വഹിക്കാന്‍ തന്നെ ഏല്‍പ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കലാകാരന്മാരെ ആദരിക്കുകയെന്നത് വലിയ കാര്യമാണെന്നും തന്നെ ചുമതലപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും മധു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: