എയിംസ് കൊച്ചിയില്‍: തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Friday 8 January 2016 11:04 pm IST

കൊച്ചി: നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പോലുമില്ലാത്ത എറണാകുളത്ത് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കണമെന്നതില്‍ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. എല്ലാ വശങ്ങളും പഠിച്ച് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ഉത്തരവ് കേരള സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനു വേണ്ടി കാബിനറ്റ് സെക്രട്ടറിക്കും അയച്ചു. രലു ജോണി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആര്‍സിസിയും ശ്രീ ചിത്രാ സെന്ററും തിരുവനന്തപുരത്തായതിനാല്‍ അതിന്റെ പ്രയോജനം കേരളമെമ്പാടുമുള്ളവര്‍ക്ക് കിട്ടുന്നില്ല. കളമശ്ശേരി എച്ച്എംടി കവലക്ക് സമീപം എയിംസിന് സ്ഥലം ലഭ്യമാണ്. കളമശ്ശേരി കൊച്ചിക്കും തൃശൂരിനും ഇടയിലായതിനാല്‍ വിവിധ സ്ഥലങ്ങളിലുള്ള ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നും പരാതിയില്‍ പറയുന്നു. കൊച്ചി മധ്യഭാഗമായതിനാല്‍ തിരുവനന്തപുരത്തുകാര്‍ക്കും മലബാറുകാര്‍ക്കും പ്രയോജനപ്പെടും. എയിംസ് കൊച്ചിയില്‍ വേണമെന്ന് ഫോണിലൂടെ പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് ജെ.ബി. കോശി നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തലസ്ഥാനത്ത് വേണമെന്ന് വാശിപടിക്കുന്നത് ഉദേ്യാഗസ്ഥരില്‍ ഭുരിപക്ഷവും തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയതു കാരണമാണെന്നും പരാതിയുണ്ട്. എയിംസ് എവിടെ തുടരങ്ങണമെന്ന് നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലാത്തതിനാല്‍ വേണ്ടവിധം പഠിച്ചും പരിശോധിച്ചും ജനങ്ങള്‍ക്ക് പ്രയോജനകരമായി തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് ജെ.ബി. കോശി ചൂണ്ടിക്കാണിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.