മാനവരാശിയുടെ ആശയക്കുഴപ്പം

Saturday 9 January 2016 7:44 pm IST

വിവേകബുദ്ധി നഷ്ടപ്പെട്ട മനുഷ്യന്‍ ഇന്ന് ആത്മാവിന് കൊടുക്കേണ്ടസ്ഥാനം ശരീരത്തിനും ശരീരത്തിന് നല്‍കേണ്ട സ്ഥാനം ആത്മാവിനുമാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ടുള്ള ആശയക്കുഴപ്പങ്ങളാണിന്നു ലോകത്തില്‍ കാണുന്നത്. അങ്ങനെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്തോ അതിനെ നമ്മള്‍ പൂര്‍ണമായും അവഗണിച്ച മട്ടാണ്. ഇതുപറയുമ്പോള്‍ അമ്മ ഒരു കഥയോര്‍ക്കുകയാണ്. ഒരാള്‍ക്ക് രണ്ടുതരം അസുഖങ്ങളുണ്ട്. അദ്ദേഹത്തിന് കണ്ണിനു സുഖമില്ല, കലശലായ ദഹനക്കേടുണ്ട്. ഒരു ഡോക്ടറെ കണ്ടു രോഗവിവരങ്ങള്‍ വിശദീകരിച്ചു പരിശോധിച്ചശേഷം ഡോക്ടര്‍ അയാള്‍ക്ക് കണ്ണിലൊഴിക്കാന്‍ തുള്ളിമരുന്നും ദഹനക്കേടു മാറാന്‍ മറ്റൊരു മരുന്നും നല്‍കി. നിര്‍ഭാഗ്യവശാല്‍ രോഗി ഡോക്ടറുടെ നിര്‍ദേശം തലതിരിച്ചാണ് മനസ്സിലാക്കിയത്. വീട്ടില്‍ ചെന്ന് കണ്ണിലൊഴിക്കാനുള്ള തുള്ളിമരുന്ന് ഒരു ഡോസെടുത്ത് അയാള്‍ കഴിച്ചു. ദഹനത്തിനു കഴിക്കാന്‍ കൊടുത്ത മരുന്ന് കണ്ണിലും ഒഴിച്ചു. അതുകൊണ്ടെന്തുപറ്റി? അസുഖം മാറിയില്ല എന്നു മാത്രമല്ല, രണ്ടു രോഗവും വര്‍ധിക്കുകയും ചെയ്തു. ഇതുപോലൊരു ആശയക്കുഴപ്പത്തിലാണ് മാനവരാശി ഇന്ന്. ജീവിതത്തിന്റെ എല്ലാ അംശങ്ങളെക്കുറിച്ചും മനുഷ്യനിന്ന് ആശയക്കുഴപ്പത്തിലാണ്. കാരണം, ബാഹ്യതയ്ക്ക് അമിതപ്രാധാന്യം നല്‍കുകയും ആന്തരികതയെ പരിപൂര്‍ണമായി അവഗണിക്കുകയും ചെയ്യുന്ന മനോഭാവമാണിന്നു മനുഷ്യന്‍ സ്വീകരിക്കുന്നത്. ശാരീരിക സുഖങ്ങള്‍ അനുഭവിക്കാനും ശരീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനുമുള്ള നമ്മുടെ ശ്രമങ്ങള്‍ അമിതമാവുകയാണ്. നമ്മുടെ ശ്രദ്ധയും ശക്തിയും സമയവുമൊക്കെ ശരീരത്തെ പോഷിപ്പിക്കാന്‍വേണ്ടി മാത്രമായിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ജീവിതത്തില്‍ ആധ്യാത്മികതയ്ക്കും ആത്മാവിനും നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് നമ്മള്‍ മറന്നുപോകുന്നു. തീര്‍ച്ചയായും ശരീരം ശ്രദ്ധിക്കണം. അതിനെ വേണ്ടവിധത്തില്‍ സംരക്ഷിക്കണം. പക്ഷേ, ആത്മശക്തിയാണ് ഇതിനെല്ലാം ആധാരം എന്ന പരമസത്യം നമ്മള്‍ വിസ്മരിക്കരുത്. ആ സത്യം മറക്കാതിരുന്നാല്‍ മാത്രമേ, നമുക്ക് യഥാര്‍ഥ മനുഷ്യരായി, മനുഷ്യത്വമുള്ളവരായി ജീവിക്കാന്‍ കഴിയൂ. എങ്കില്‍ മാത്രമേ നമുക്ക് നമ്മോടും ഈ ലോകത്തോടുമുള്ള ധര്‍മം വേണ്ടവിധത്തില്‍ അനുഷ്ഠിക്കാന്‍ കഴിയൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.