സംസ്ഥാനത്ത് കോടികളുടെ നികുതി തട്ടിപ്പ്

Saturday 9 January 2016 7:53 pm IST

കാസര്‍കോട്: സംസ്ഥാനത്തെ വിവിധ കച്ചവട സ്ഥാപനങ്ങള്‍ വില്‍പന വരുമാനത്തില്‍ കൃത്രിമം കാണിച്ചും ബില്ലുകളില്‍ തട്ടിപ്പ് നടത്തിയും വെട്ടിക്കുന്നത് കോടികളുടെ നികുതി. വാണിജ്യ നികുതി വകുപ്പ് കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ നടത്തിയ കട പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. 2015 ഡിസംബറിലെ മൂല്യവര്‍ദ്ധിത (കേരള വാറ്റ്) നികുതി പിരിവില്‍ കാര്യമായ കുറവ് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വാണിജ്യ നികുതി വകുപ്പിലെ ഡാറ്റാ മൈനിംഗ് സെല്‍ കെവാ റ്റിസ് v (K-VATIS) ഓണ്‍ലൈനില്‍ ലഭ്യമായ രേഖകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഇന്റലിജന്‍സ് വിഭാഗം ഡെപ്യുട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ആകെ 48 സ്ഥലങ്ങളില്‍ കടപരിശോധന നടത്തുകയുണ്ടായി. ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങള്‍, പ്ലൈവുഡ്, ഗ്ലാസ്സ്, സിമന്റ്, സ്റ്റീല്‍, ഫര്‍ണിച്ചര്‍, തടി, റെഡിമെയ്ഡ്, ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍, വാദ്യോപകരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉദ്ദേശം 425.73 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത വിറ്റുവരവ്, സ്‌റ്റോക്കിലെ വ്യതിയാനം എന്നീ ക്രമക്കേടുകള്‍ കണ്ടെത്തി. ഉപഭോക്താക്കളില്‍ നിന്നും നികുതി ഈടാക്കുന്നുണ്ടെങ്കിലും ആ തുക പലപ്പോഴും സര്‍ക്കാരില്‍ എത്താറില്ല. കാസര്‍കോട് ജില്ലയില്‍ മാത്രം 17.58 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. തിരുവനന്തപുരം മേഖലയില്‍ 201.40 ലക്ഷം, എറണാകുളം മേഖലയില്‍ 123.25 ലക്ഷം, കോഴിക്കോട് 101.08 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നടന്ന പരിശോധനകളില്‍ ഏകദേശം 1700 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത വിറ്റുവരവ് കണ്ടെത്തിയിരുന്നു. ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളിലാണു നികുതി വെട്ടിപ്പ് കൂടുതലായി നടക്കുന്നത്. സുതാര്യമായ നികുതി നിര്‍വഹണത്തിനു പൊതുജന പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് വാണിജ്യ നികുതി വകുപ്പ് അറിയിച്ചു. ബില്ലുകള്‍ ഉപഭോക്താവിന്റെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ് ചോദിച്ചു വാങ്ങണം. ചെറുതും വലുതുമായ ബില്ലുകള്‍ ഫേയ്‌സ്ബുക്കു വഴിയോ (fb.com/po-stbillshere) വാട്‌സാപ്പ് (9495653456)വഴിയോ വാണിജ്യവകുപ്പുമായി പങ്കുവെയ്ക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.