പാലിയം പുണ്യഭൂമിയില്‍ സാംസ്‌കാരിക വിളംബരമായി തപസ്യ തീര്‍ത്ഥയാത്ര

Saturday 9 January 2016 10:33 pm IST

കൊച്ചി: കൊച്ചിയില്‍ പാതി പാലിയം രണ്ട് നൂറ്റാണ്ട് മുമ്പ് ഇതായിരുന്നു പാലിയം. കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാര്‍ അധികാരാത്താലും, സമ്പത്താലും പ്രയോഗത്തെ അര്‍ത്ഥവത്താക്കി. ജന്മംകൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടതെന്ന് വിളംബരം ചെയ്ത് പാലിയം നാലുകെട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിന്റെ സാമൂഹ്യപരിഷ്‌കരരണരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. അതേ പാലിയത്തിന്റെ പുണ്യഭൂമിയിലേക്ക് തപസ്യ ഇന്നലെ എത്തിയത് മറ്റൊരു പ്രഖ്യാപനവുമായായിരുന്നു. വിട്ടുകൊടുക്കാനോ, വിസ്മരിക്കാനോ ഉള്ളതല്ല പാരമ്പര്യവും, സംസ്‌കാരവുമെന്ന് വിളംബരം ചെയ്താണ് തീര്‍ത്ഥയാത്ര പാലിയം കോവിലകത്ത് പ്രവേശിച്ചത്. ചരിത്രശേഷിപ്പുകള്‍ മടക്കി നല്‍കാതെ സര്‍ക്കാര്‍ കാണിക്കുന്ന അവഹേളനം ട്രസ്റ്റി കൃഷ്ണബാലന്‍ പാലിയത്ത് വിവരിച്ചു. പാലിയം നമ്മുടേത് അല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നു, ഇത് ചെറുത്തുതോല്പിക്കാനുള്ള പോരാളികളായി നാം മാറണമെന്ന് യാത്രാനായകനും തപസ്യ സംസ്ഥാന അദ്ധ്യക്ഷനുമായ എസ്.രമേശന്‍നായര്‍ പറഞ്ഞു. പാലിയം സംരക്ഷിക്കാന്‍ തപസ്യയുടെ പൂര്‍ണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഇന്നലെ യാത്രക്ക് തുടക്കം കുറിച്ചത്. ഗജവീരന്മാരുടെ തലപ്പൊക്ക മത്സരത്തിന് വേദിയാകുന്ന, ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ചെറായി ഗൗരീശങ്കരക്ഷേത്രത്തില്‍ യാത്രക്ക് നല്‍കിയ സ്വീകരണം തപസ്യയുടെ ഔന്നത്യം വ്യക്തമാക്കുന്നതായി. തുടര്‍ന്ന് നവോത്ഥാന നായകന്‍ സഹോദരന്‍ അയ്യപ്പന്റെ ജന്മഗൃഹത്തില്‍ എത്തിയ യാത്രാ സംഘത്തെ സൂപ്പര്‍വൈസര്‍ സി.ബി. ഷിബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അനീതിക്കെതിരെ പടവാളോങ്ങിയ പന്തിഭോജനത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിയ സന്ദര്‍ശനം പുതിയ കാലത്തോടും സമത്വത്തിന്റെ സന്ദേശം വിളിച്ചുപറഞ്ഞു. ടിപ്പുസുല്‍ത്താന്‍ മുച്ചൂടും നശിപ്പിച്ച കീഴ്തളി ശിവക്ഷേത്രം വൈദേശിക അടിമത്വത്തിന്റെ അപമാനഭാരം തുടച്ചുനീക്കേണ്ടതിന്റെ നേര്‍ചിത്രമായി മാറി. തുടര്‍ന്ന് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍ എത്തിയ യാത്രയെ ക്ഷേത്രഭാരവാഹികളായ കെ.ഡി.ജയദേവന്‍, രഘുനാഥന്‍ ഉണ്ണി, വിജയകുമാര്‍ നായര്‍ എന്നിവര്‍ സ്വീകരിച്ചു. ക്ഷേത്രദര്‍ശനത്തിന് ശേഷം ചേരമാന്‍ പെരുമാള്‍ ജുമാമസ്ജിദിലാണ് യാത്രസംഘം എത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസലിന്റെ നേതൃത്വത്തില്‍ യാത്രാംഗങ്ങള്‍ക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി. എളങ്കുന്നപ്പുഴ പള്ളിത്താന്‍കുളങ്ങര, പറവൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും യാത്രക്ക് സ്വീകരണം നല്‍കി. ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൗരസ്വീകരണത്തിന് ശേഷം ഇന്നലത്തെ യാത്ര സമാപിച്ചു. യാത്രാ ഉപനായകന്‍ പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍, ക്യാപ്റ്റന്‍ സി.സുരേഷ്, സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി എം.സതീശന്‍, ഡോ.അശ്വതി, സംസ്ഥാന സമിതിയംഗം പി.രമ, ജില്ല സെക്രട്ടറി എസ്. സജികുമാര്‍, ജോ.സെക്രട്ടറി പി.എന്‍.സന്തോഷ്‌കുമാര്‍ എന്നിവര്‍ യാത്രയോടൊപ്പം ഉണ്ടായിരുന്നു. തപസ്യ സാഗരതീരയാത്ര ഇന്ന് തപസ്യയുടെ സാഗരതീരയാത്ര ഇന്ന് ഇരിങ്ങാലക്കുടയില്‍ തുടങ്ങി കാട്ടൂര്‍, തൃപ്രയാര്‍, വാടാനപ്പള്ളി, ചാവക്കാട്, ഗുരുവായൂര്‍, പുന്നയൂര്‍ക്കുളം, പൊന്നാനി, കുമരനല്ലൂര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് എടപ്പാളില്‍ അവസാനിക്കും. നാളെ തവനൂരില്‍ ആരംഭിച്ച് താനൂരില്‍ അവസാനിക്കും. രമേശന്‍നായര്‍ മഹാകവി: തുറവൂര്‍ കൊടുങ്ങല്ലൂര്‍: പലരും പ്രസിദ്ധകവി എന്നു വിളിക്കുന്ന എസ്. രമേശന്‍നായര്‍ മഹാകവിയാണെന്ന് പ്രസിദ്ധ നിരൂപകന്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍. ലക്ഷണമൊത്ത മഹാകാവ്യമെഴുതി മഹാകവി പദവിക്ക് യോഗ്യനായ രമേശന്‍ നായരുടെ ഗുരുപൗര്‍ണ്ണമി മഹാകാവ്യം തന്നെയാണെന്ന് തുറവൂര്‍ പറഞ്ഞു. തപസ്യയുടെ സാഗരതീര സാംസ്‌കാരിക തീര്‍ത്ഥയാത്രയ്ക്ക് കൊടുങ്ങല്ലൂരില്‍ നല്‍കിയ സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തപസ്യയുടെ ആദ്യ തീര്‍ത്ഥയാത്ര നയിച്ചത് മഹാകവി അക്കിത്തമായിരുന്നു. ഇന്ന് ഈ യാത്ര നയിക്കുന്ന രമേശന്‍ നായര്‍ കേരളത്തിലെ മഹാകവിതന്നെയാണ് പ്രൊഫ. തുറവൂര്‍ പ്രസ്താവിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.