മന്നം ജയന്തി അവധി എടുത്തവര്‍ ജാതി സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ ഉത്തരവ്‌

Tuesday 3 January 2012 12:34 pm IST

ചാരുംമൂട്‌ (ആലപ്പുഴ): മന്നം ജയന്തി ദിനമായ ഇന്നലെ നിയന്ത്രിത അവധിയുടെ ഭാഗമായി ജോലിക്ക്‌ ഹാജരാകാതിരുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ഹാജര്‍ബുക്കില്‍ ഡിഇഒ അവധി രേഖപ്പെടുത്തിയത്‌ വിവാദമായി. അധ്യാപകര്‍ സര്‍വീസ്‌ ബുക്കുമായി ചൊവ്വാഴ്ച ഡിഇ ഓഫീസില്‍ ഹാജരാകാണമെന്നും നിര്‍ദ്ദേശം നല്‍കി. ചാരുംമൂട്‌ ചത്തിയറ വിഎച്ച്‌എസ്‌എസിലാണ്‌ സംഭവം. ഇന്നലെ വൈകിട്ട്‌ 4 മണിയോടെ പരിശോധനയ്ക്കെത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സോമസുധയാണ്‌ വിവാദ ഉത്തരവിറക്കിയത്‌. മന്നം ജയന്തിദിനത്തില്‍ നിയന്ത്രിത അവധിയായതിനാല്‍ 51 അധ്യാപക-അനധ്യാപക ജീവനക്കാരില്‍ നായര്‍ വിഭാഗത്തില്‍ പെടുന്ന 44 പേരും അവധിയെടുത്തിരുന്നു. അധ്യാപികയായ എസ്‌.സുബൈദക്കായിരുന്നു പ്രഥമാധ്യാപികയുടെ ചാര്‍ജ്‌. എന്നാല്‍ ഡിഇഒ എത്തിയപ്പോള്‍ ഇവരുള്‍പ്പെടെ ഹാജര്‍ബുക്കില്‍ ഒപ്പിട്ടിരുന്ന 9 പേരും സ്ഥലത്തുണ്ടായിരുന്നില്ല. ഇവര്‍ സ്കൂളിലെ ഡ്രൈവര്‍ രാജന്‍പിള്ളയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. പ്യൂണും ഒരധ്യാപകനും മാത്രമായിരുന്നു സ്കൂളിലുണ്ടായിരുന്നത്‌. ഇതോടെ അവധിയിലായ ജീവനക്കാരുടെ ഹാജര്‍ബുക്കില്‍ അവധി രേഖപ്പെടുത്തി ഡിഇഒ മടങ്ങുകയായിരുന്നു. ജാതി തെളിയിക്കുന്നതിനായി സര്‍വീസ്‌ ബുക്കുമായി ഓഫീസില്‍ ഹാജരാകുവാനാണ്‌ ഉത്തരവിട്ടിരിക്കുന്നത്‌. ഭൂരിഭാഗം അധ്യാപകരും ഇല്ലാതിരുന്നതിനാല്‍ ഉച്ചക്ക്‌ സ്കൂളിന്‌ അവധി നല്‍കിയിരുന്നു. ഉച്ചഭക്ഷണത്തിലെ ക്രമക്കേട്‌ അന്വേഷിക്കാന്‍ രാവിലെ 11ന്‌ എത്തുമെന്നറിയിച്ചിരുന്നെങ്കിലും ഡിഇഒ വൈകിട്ട്‌ നാലിനാണ്‌ എത്തിയത്‌. കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രതിയമ്മയും കൂടെയുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.