വിപ്ലവ വിളംബരത്തിന് വയസ്സ് 207

Sunday 10 January 2016 9:32 pm IST

കേരള ചരിത്രത്തിലെ സുപ്രധാനമായ അദ്ധ്യായമാണ് 1808-09 കാലത്ത് തിരുവിതാംകൂര്‍ ദളവയായിരുന്ന വേലുത്തമ്പി ദളവയുടെ ബ്രിട്ടീഷ് വിരുദ്ധ കലാപവും, കലാപസമയത്ത് തമ്പിയുടെ ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരവും. 1809 മകരം ഒന്നാം തീയതിയിലെ കുണ്ടറ വിളംബരത്തിന് 2016 ജനുവരിയില്‍ 207 വര്‍ഷം പൂര്‍ത്തിയാവുന്നു. സിനിമ, നാടകം, ചിത്രരചന, ആട്ടക്കഥ, പ്രതിമ, വില്ലടിച്ചാന്‍പാട്ട്, ചരിത്രഗ്രന്ഥങ്ങള്‍, ജീവചരിത്രങ്ങള്‍ എന്നിവയിലൂടെ വേലുത്തമ്പിയുടെ ഓര്‍മ്മ കേരള സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. കേരളത്തിനു പുറത്തുള്ളവരും വേലുത്തമ്പിയുടെ സംഭാവനകളെക്കുറിച്ച് നിരവധി പരാമര്‍ശങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ട്. മഹാന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ദക്ഷിണേന്ത്യയിലെ വീരനായകനായി വേലുത്തമ്പിയെ തന്റെ ആസാദ് ഹിന്ദ് താല്‍ക്കാലിക സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ (1943 ഒക്‌ടോബര്‍ രണ്ട് ) വാഴ്ത്തി. (ഡോ. ടി.പി. ശങ്കരന്‍ നായര്‍- വേലുത്തമ്പി ചരിത്രതാളുകളിലൂടെ). കേന്ദ്രസര്‍ക്കാര്‍ വേലുത്തമ്പിയോടുള്ള സ്മരണാര്‍ത്ഥം പോസ്റ്റല്‍ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. കേരള ചരിത്രത്തെക്കുറിച്ച് എഴുതിയിട്ടുള്ള ഏതാണ്ടെല്ലാ ചരിത്രകാരന്മാരും അഥവാ എല്ലാ കേരള ചരിത്ര ഗ്രന്ഥങ്ങളും വേലുത്തമ്പിയെ പരാമര്‍ശിക്കുന്നുണ്ട്. (കുണ്ടറ വിളംബരത്തിന്റെ പൂര്‍ണ്ണരൂപം പി. ശങ്കുണ്ണിമേനോന്റെ എ ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍ (1878) എന്ന ഗ്രന്ഥത്തില്‍ ലഭ്യമാണ്.) വേലുത്തമ്പിയുടെ നാല് പ്രതിമകള്‍ യഥാക്രമം കുണ്ടറയിലും, തിരുവനന്തപുരം സെക്രട്ടേറിയറ്റിലും തക്കലയിലെ വേലുത്തമ്പി മ്യൂസിയത്തിലും കാണാം. കുണ്ടറ വിളംബരം നടന്ന ഇളയന്നൂര്‍ ക്ഷേത്രപറമ്പിന് സമീപത്തായുള്ള വേലുത്തമ്പി സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ കെട്ടിടത്തില്‍, വേലുത്തമ്പി ദളവയുടെ പ്രതിമക്ക് ചുവട്ടിലായി കുണ്ടറ വിളംബരത്തിലെ പ്രസക്തഭാഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ബ്രിട്ടീഷ് ഭരണം പ്രത്യക്ഷമായോ പരോക്ഷമായോ സ്ഥാപിതമായതിനുശേഷം ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുടെ ഭാഗത്തുനിന്നും ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ പ്രാദേശിക നാടുവാഴികള്‍, ഉദ്യോഗസ്ഥര്‍, ഭൂവുടമകള്‍, ചെറുകിട കച്ചവടക്കാര്‍, കര്‍ഷകര്‍, മാപ്പിളമാര്‍, ആദിവാസികള്‍ എന്നിവരുടെ സാന്നിദ്ധ്യത്താല്‍ ശ്രദ്ധേയമായിരുന്നു ഈ കലാപങ്ങള്‍. ഇതിന് ഉത്തമ ഉദാഹരണങ്ങളായിരുന്നു പഴശ്ശിയുടെയും, വേലുത്തമ്പിയുടെയും കുറിച്യരുടെയും ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍. കുണ്ടറ വിളംബരം എ.ഡി. 14, 15 നൂറ്റാണ്ടുകളില്‍ കടല്‍വഴിയുള്ള കച്ചവടത്തിലൂടെ അറബികള്‍ നേടിയെടുത്ത ലാഭം യൂറോപ്യന്‍ ശക്തികളുടെ ശ്രദ്ധ ഭാരതത്തിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് തിരിയാന്‍ കാരണമായി. കേരളത്തിന്റെ കടല്‍വഴിയുള്ള വാണിജ്യകുത്തക നേടിയെടുക്കാനുള്ള യൂറോപ്യന്‍ ശക്തികളുടെ സംഘടിതശ്രമങ്ങള്‍ കേരളത്തിന്റെ കോളനിവല്‍ക്കരണത്തിലേക്ക് നയിച്ചു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും കോളനിവല്‍ക്കരണത്തില്‍ ഏറ്റവും വിജയിച്ചത് ബ്രിട്ടീഷുകാരായിരുന്നു. കേരളത്തിലെ കോളനിവല്‍ക്കരണത്തില്‍ വിജയിച്ച ബ്രിട്ടന്റെ വിഭവചൂഷണ രീതികളെക്കുറിച്ച് മനസ്സിലാക്കിയ വേലുത്തമ്പി അതിനെതിരെയുള്ള സമരത്തില്‍ ജനങ്ങളെ അണിനിരത്താന്‍ ശ്രമിച്ചു. ഈ തിരിച്ചറിവിന്റെയും ശ്രമത്തിന്റെയും ഫലമാണ് കുണ്ടറ വിളംബരം. (കൊല്ലവര്‍ഷം 987 മകരം ഒന്ന്, ക്രിസ്തുവര്‍ഷം 1809 ജനുവരി 11-ാം തീയതി കൊല്ലം ജില്ലയിലെ കൊറ്റക്കര ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുള്ള ഇളമ്പള്ളൂര്‍ ക്ഷേത്രത്തിനു മുന്നില്‍ വച്ചായിരുന്നു പ്രഖ്യാപനം. അപ്പോള്‍ ദളവയോടൊപ്പം അഭ്യാസികളായ ഊത്താമ്പള്ളി നീലമ്പി, ആരൂര്‍ ചന്തക്കാരന്‍, എലിഞ്ഞേലി മില്ലാക്കാരന്‍ എന്നീ അംഗരക്ഷകഉണ്ടായിരുന്നു- എസ്.കെ. വസന്തന്‍, കേരള സംസ്‌കാര ചരിത്രം നിഘണ്ടു). കുണ്ടറ വിളംബരത്തിന്റെ പ്രസക്തഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കിത് മനസ്സിലാവും. ''ഉപ്പുമുതല്‍ സര്‍വ്വസ്വവും കുത്തകയായിട്ടാക്കിത്തീര്‍ത്ത്, തരിശുകിടക്കുന്ന നിലവും പുരയിടവും ഇന്നുകൂടികുത്തകയാക്കിയിട്ടും കെട്ടി നിലവരി, തെങ്ങുവരി ഉള്‍പ്പെട്ട അധികാരങ്ങളും കുടികളില്‍ കൂട്ടിവെച്ച്...'' ഉപ്പു മുതല്‍ സര്‍വ്വ വസ്തുക്കളുടെ കുത്തകാവകാശവും, തരിശുഭൂമികളുടെയും, പുരയിടങ്ങളുടെയും കുത്തകാവകാശവും, നെല്‍പ്പാടങ്ങളുടെയും, തെങ്ങിന്‍തോപ്പുകളുടെയും അധികാരങ്ങളും ബ്രിട്ടീഷുകാര്‍ അവര്‍ക്ക് അധികാരം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് വേലുത്തമ്പി കുണ്ടറ വിളംബരത്തിലൂടെ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം ചെയ്യുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന കുണ്ടറ വിളംബരത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങള്‍ നിലനില്‍ക്കുന്നു. ഒരു ഭൗതിക വസ്തു എന്ന നിലയില്‍ ഉപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വേലുത്തമ്പിയെ മഹാത്മാഗാന്ധിക്ക് മുമ്പുള്ള ഉപ്പുസത്യാഗ്രഹിയായിട്ടാണ് എസ്. ഗുപ്തന്‍ നായര്‍ വിശേഷിപ്പിക്കുന്നത്. ''ഉപ്പു കുറുക്കുവാനുള്ള അവകാശം കുടികള്‍ക്കായിരുന്നുവെങ്കിലും ഉപ്പിന്റെ വിനിമയാധികാരം രാജാവില്‍ നിക്ഷിപ്തമായിരുന്നു.'' (ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. രാജന്‍ ഗുരുക്കള്‍, കേരളചരിത്രം). തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനങ്ങളിലൊന്ന് ഉപ്പിന്റെ വിനിമയാധികാരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് തമ്പി ഈ പ്രഖ്യാപനത്തിലൂടെ നടത്തുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളോട് സംഘടിക്കാന്‍ ആഹ്വാനം നല്‍കുന്ന വേലുത്തമ്പിയെ രാജ്യാഭിമാനത്തിന്റെ മഹനീയ മാതൃകയായിട്ടാണ് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ പരാമര്‍ശിക്കുന്നത്. കര്‍ഷകരുടെ അസ്വസ്ഥതകള്‍ പങ്കുവയ്ക്കുന്ന കുണ്ടറ വിളംബരത്തെയും, വേലുത്തമ്പിയുടെ കലാപത്തെയും തിരുവിതാംകൂറിലെ കാര്‍ഷിക കലാപമായിട്ടാണ് എ.കെ.ഗോപാലന്‍ വിശേഷിപ്പിക്കുന്നത്. വര്‍ത്തമാനകാലത്തെ ഇരുട്ടിനെ അകറ്റാന്‍ ഭൂതകാലത്തില്‍നിന്ന് വെളിച്ചം ശേഖരിക്കുമ്പോഴാണ് ചരിത്രപഠനം ഒരു സാമൂഹികശാസ്ത്രത്തിന്റെ പദവിയിലേക്കുയരുന്നത്. വിഭവചൂഷണത്തില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്ന കോര്‍പ്പറേറ്റുകളും, അവര്‍ക്ക് സ്തുതിപാടുന്ന ചില രാഷ്ട്രീയ നേതൃത്വവും നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് വേലുത്തമ്പിയുടെയും കുണ്ടറവിളംബരത്തിന്റെയും വര്‍ത്തമാനകാല പ്രസക്തി ഏറെയാണ്. (കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളെജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.