പാലക്കാട്: ഭിന്നശേഷിയുള്ളവരെ മുഖ്യധാരയിലെത്തിക്കുകയെന്നത് ഓരോരുത്തരുടെയും കടമയാണെന്ന് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് പറഞ്ഞു.
ഭിന്നശേഷിയുള്ളവരെ എല്ലാം രംഗങ്ങളിലും മുന്നോട്ടു കൊണ്ടുവരേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ഭിന്നശേഷിയുള്ളവരുടെ ദേശീയ സംഘടനയായ സക്ഷമയുടെ കേരള ഘടകത്തിന്റെ ഏഴാം സംസ്ഥാനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമൂഹ്യബോധം, സ്നേഹം, വിശ്വാസ്യത, ലളിതജീവിതം എന്നിവ നയിക്കുന്നവരായിരുന്നു ഭാരതീയരെന്നും ഈ സവിഷേതകളാണ് വിദേശീയരെ ഭാരതത്തിലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദേശീയരുടെ കടന്നുകയറ്റം ഭാരതീയ സംസ്കാരത്തെ ബാധിക്കുകയും പലരെയും സ്വാര്‍ത്ഥരാക്കുകയും ചെയ്തു. ആ സംസ്കാരം പിന്തുടരാന് തുടങ്ങിയതോടെ സാമൂഹ്യ ചിന്തയും പ്രതിബദ്ധതയും ഇല്ലാതായി. വിദ്യാഭ്യാസ രീതിയില്‍ മാറ്റം വന്നു. സാമൂഹ്യപ്രശ്നങ്ങളൊന്നും നമ്മുടെ ചുമതലയല്ലെന്ന് ചിന്തിക്കുവാന്‍ തുടങ്ങി. എന്നാല്‍ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം.
ഒരു പ്രസ്ഥാനത്തിന്റെ വിജയമെന്നത് അതിനോടുള്ള പ്രതിബദ്ധതയും തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങളുമാണ്. ഓരോ പ്രവര്‍ത്തകനും ഇതു മനസ്സില്‍വച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ സമൂഹത്തില്‍ നല്ലൊരു മാറ്റത്തിന് വഴിയൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാപരമായ ഈ വളര്‍ച്ച സക്ഷമക്കുണ്ടായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. അവരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതില്‍ സംഘടന വിജയിച്ചിരിക്കുകയാണെന്നും ആ ശ്രമം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനം ജില്ലാ പോലീസ് മേധാവി എന്‍.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സക്ഷമ അധ്യക്ഷന്‍ കിഷോര്‍ ഡി.ഗിലാനി അധ്യക്ഷത വഹിച്ചു.
കടമ്പഴിപ്പുറത്ത് വര്‍ക്ക് ഫോര്‍ വിഷ്വലി ചാലഞ്ചഡ് എന്ന സ്ഥാപനം നടത്തുന്ന അന്ധദമ്പതികളായ ചന്ദ്രന്, ലീല എന്നിവരെയും, 20 വര്‍ഷമായി പത്രപ്രവര്‍ത്തനം നടത്തുന്ന ഭിന്നശേഷിയുള്ള ജഗദീശന്, കഴിഞ്ഞവര്‍ഷം സര്‍ക്കാരിന്റെ ഏറ്റവും മികച്ച വികലാംഗ അധ്യാപകനുള്ള അവാര്‍ഡ് നേടിയ എന്‍.ഗോപകുമാര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. സക്ഷമയുടെ പ്രവര്‍ത്തനവും ലക്ഷ്യവും എന്ന വിഷയത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി കാശിനാഥ് ലക്കരാജുവും, കോര്‍ണിയ അന്ധതാ മുക്തഭാരത് എന്ന വിഷയത്തില്‍ സക്ഷമ ദേശീയ സമിതി അംഗം കെ.ഗംഗാധരന് മാസ്റ്ററും ക്ലാസ്സെടുത്തു.
നഗരസഭാ ചെയര്മാന് പ്രമീള ശശിധരന് മുഖ്യാതിഥിയായി. വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ വി.നടേശന്, കെ.സുമതി, ആര്‍എസ്എസ് ജില്ലാ സംഘചാലക് മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സക്ഷമ ജനറല്‍ സെക്രട്ടറി പി.സുഭാഷ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.സുകുമാരന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: