ട്രെയിന്‍ റെഡി; ഇനി പരീക്ഷണ ഓട്ടം

Sunday 10 January 2016 11:10 pm IST

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി നിര്‍മിച്ച ആദ്യ ട്രെയിനിന്റെ കോച്ചുകള്‍ ആലുവ മുട്ടത്തെ മെട്രോയാര്‍ഡില്‍ ഇറക്കി. ഇനി പരീക്ഷണ ഓട്ടത്തിനായുള്ള മുന്നൊരുക്കങ്ങള്‍ നടക്കും. ശനിയാഴ്ച വൈകിട്ട് പുളിഞ്ചോട് കവലയില്‍ എത്തിച്ചേര്‍ന്ന കോച്ചുകള്‍ ഇന്നലെ രാവിലെ 8.30 ഓടെയാണ് മുട്ടം യാര്‍ഡിലേക്ക് മാറ്റിയത്. തുടര്‍ന്ന് 10 മണിയോടെ കോച്ചുകള്‍ ടെസ്റ്റിന്‍ ഏരിയയിലേക്ക് മാറ്റി. തുടര്‍ന്ന് കെഎംആര്‍എല്‍, ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവിടെവച്ചാണ് കോച്ചുകള്‍ തമ്മില്‍ യോജിപ്പിക്കല്‍ നടന്നത്. ഇലക്ട്രിക്കല്‍ സംവിധാനങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇവിടെവച്ച് ഘടിപ്പിക്കും. ഒരാഴ്ചയോളം ഇതിന് വേണ്ടിവരും. 23 നാണ് പരീക്ഷണ ഓട്ടം നടക്കുക. ഒന്നര കിലോമീറ്റര്‍ ദൂരമാണ് പരീക്ഷണ ഓട്ടം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫഌഗ് ഓഫ്‌ചെയ്യും. ഫെബ്രുവരിയില്‍ മുട്ടം യാര്‍ഡ് മുതല്‍ കളമശേരി വരെ പരീക്ഷണ ഓട്ടം നടത്തും. ഇന്നലെ രാവിലെ വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് കോച്ചുകള്‍ മുട്ടം യാര്‍ഡില്‍ എത്തിയത്. തേങ്ങ ഉടച്ചും പടക്ക പൊട്ടിച്ചും പുഷ്പങ്ങള്‍ വിതറിയും ജനങ്ങള്‍ കോച്ചുകളെ വരവേറ്റു. മെട്രോ നിര്‍മാണ തൊഴിലാളികളും ഉദ്യോഗസ്ഥരും വലിയ ആഹഌദത്തിലായിരുന്നു. യാര്‍ഡില്‍ എത്തിയശേഷം പടുത നീക്കിയശേഷം കോച്ചുകള്‍ കാണാന്‍ നിരവധി ആളുകളാണ് എത്തിയത്. ജനത്തിരക്ക് മൂലം ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ജനുവരി 2 നാണ് ആന്ധ്രയിലെ ശ്രീസിറ്റിയില്‍നിന്നും മൂന്ന് കൂറ്റന്‍ ട്രെയ്‌ലറുകളിലായി കോച്ചുകള്‍ കൊച്ചിയിലേക്ക് തിരിച്ചത്. പ്രതീക്ഷിച്ചതിലും രണ്ടുദിവസം മുമ്പേ കോച്ചുകള്‍ കൊച്ചിയില്‍ എത്തിച്ചേര്‍ന്നു. ജൂണില്‍ മെട്രോ ഓട്ടം തുടങ്ങാനായിരുന്നു ലക്ഷ്യമെങ്കിലും 2016 അവസാനംവരെ നീളുമെന്നാണ് സൂചന. സ്‌റ്റേഷനുകളുടെയും പാളത്തിന്റെയും നിര്‍മാണം നീളുന്നതാണ് ഇതിന് കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.