അടിമാലി: വികസനത്തിന് കാതോര്‍ത്ത് ശ്രീനാരായണപുരം വെള്ളച്ചാട്ടം. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഇപ്പോള്‍ അധികം സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തുന്നില്ല. കുഞ്ചിത്തണ്ണിക്ക് സമീപമുള്ള ഉള്‍ഗ്രാമത്തിലാണ് വിസ്മയകാഴ്ച്ചയൊരുക്കുന്ന വെള്ളച്ചാട്ടം. അടിമാലി രാജാക്കാട് പ്രധാന വഴിയില്‍ നിന്ന് പന്നിയാര്‍ റൂട്ടില്‍ കുഞ്ചിത്തണ്ണി റോഡിലൂടെ സഞ്ചരിച്ചാല്‍ ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിലെത്താം. പ്രസിദ്ധമായ ശ്രീനാരായണപുരം ക്ഷേത്രത്തിന് സമീപമാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിനാലാണ് വെള്ളച്ചാട്ടത്തിന് ശ്രീനാരായണപുരമെന്ന് പേര് വന്നത്. മൂന്നാറിന് സമീപമുള്ള പോതമേടിന്റെ താഴ്വരയില് നിന്നാണ് ഈ വെള്ളച്ചാട്ടം ആരംഭിക്കുന്നത്. മൂന്നാര്‍ സഞ്ചരിച്ച് വരുന്നവര്‍ക്ക് കുഞ്ചിത്തണ്ണി തേക്കിന്‍കാനം വഴിയും ഇവിടെ എത്താം. ജനവാസമേഖലയായ ഇവിടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന റോഡ് അറ്റകുറ്റ പണികള്‍ നടത്തി ടാറിംഗ് ജോലി ഭാഗീകമായി പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും പിന്നീട് പൊട്ടിപൊളിഞ്ഞ് താറുമാറായികിടക്കാന് തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുവെങ്കിലും ടാറിംഗ് ജോലികള്‍ പൂര്ണ്ണാമാക്കി ഗതാഗതം സുഗമമാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല. ജനങ്ങളുടെ പ്രതിഷേധത്തിനൊടുവില്‍ റോഡ് പുനര്‍ നിര്‍മ്മണത്തിന് ടെണ്ടര്‍ നല്‍കിയിരുന്നുവെങ്കിലും അകാരണമായി വീണ്ടും നീണ്ടുപോകുകയാണ്. ഈ മേഖലയില്‍ രണ്ട് ആരാധനാലയങ്ങളും റിസോര്‍ട്ടുകളുമുണ്ട്.ഈ റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ മൂന്നാറില്‍ നിന്നും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ജില്ലാ ആസ്ഥാനത്തെത്താനാകും. ഇതോടൊപ്പം പൊന്മുടി ഡാം വിനോദസഞ്ചാര മേഖലയാക്കുകയും ചെയ്താല്‍ വന്വികസനാകും ഉണ്ടാകും. പന്നിയാര്‍കുട്ടിയില്‍ നിന്നും ഒരുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ പൊന്മുടി ഡാമിലെത്താം. പന്നിയാര്‍, പള്ളിവാസല്‍ പവ്വര്‍ സ്റ്റേഷനുകളും ഇതിന് സമീപമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: