സന്നിധാനത്ത് നാലംഗ മോഷണ സംഘം പിടിയില്‍

Monday 11 January 2016 9:09 pm IST

ശബരിമല: ദര്‍ശനത്തിനെത്തിയ ഭക്തരില്‍ നിന്നും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ നാലംഗ മോഷണസംഘം പോലീസ് പിടിയിലായി.ചെന്നൈ വാസാര്‍പടി സ്വദേശികളായ മാരി (29) ,കാളിശെല്‍വന്‍ (27), മുരുകന്‍ (18), കാര്‍ത്തിക് (18) എന്നിവരെയാണ് സന്നിധാനം പോലീസ് പരാതി ലഭിച്ച് അരമണിക്കൂറിനുള്ളില്‍ പിടികൂടിയത്. കര്‍ണ്ണാടക സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ കളവുപോയതിനെ തുടര്‍ന്ന് സന്നിധാനം പോലീസിന് ലഭിച്ച പരാതിയാലാണ് തൊണ്ടി മുതല്‍ സഹിതം പ്രതികളെ അറസ്റ്റ് ചെയ്തത്. പരാതിക്കാരില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മാളികപ്പുറം ക്ഷേത്ര പരിസരത്തുനിന്നുമാണ് പ്രതികള്‍ പിടിയിലാകുന്നത്.ഇവരില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും ഏഴ് മൊബൈല്‍ ഫോണും വിവിധ രാജ്യങ്ങളുടെ വിദേശ കറന്‍സികളും കണ്ടെടുത്തു.ചെന്നൈയില്‍ നിന്നും ദര്‍ശനത്തിനെത്തിയ അമ്പതംഗ സംഘത്തോടൊപ്പമാണ് ഇവര്‍ കഴിഞ്ഞ ദിവസം ശബരിമലയിലെത്തുന്നത്. ആദ്യമായാണ് ഇവര്‍ ശബരിമല മോഷണകേന്ദ്രമായി തിരഞ്ഞെടുക്കുന്നത്. ക്യത്രിമമായ തിരക്ക് സ്യഷ്ടിച്ച് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും കവരുന്നതും ആളുകളെ ആക്രമിക്കുന്നതുമാണ് ഇവരുടെ രീതി.പ്രതികള്‍ തമിഴ്‌നാട്ടില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പങ്കാളികളാണെന്ന് സന്നിധാനം പോലീസ് തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ചെന്നൈ പുലയന്തോപ്പ് പോലീസ് പരിധിയില്‍ പ്രതികളിലൊരാളായ മാരിയുടെ പേരില്‍ രഞ്ജിത്ത് എന്നയാളെ കൊലപ്പെടുത്തിയ കേസും, ഏഴ് കൊലപാതക ശ്രമവും,ആറ് പിടിച്ചുപറിയും നിലനില്‍ക്കുന്നുണ്ട്. കാളി ശെല്‍വന്‍ ഒരു കൊലപാതകശ്രമവും,മൂന്ന് പിടിച്ചുപറിയും,ഒരു പീഡിപ്പിക്കല്‍ കേസിലും പ്രതിയാണ്.ഇവര്‍ ഗുണ്ടാ ആക്ട് പ്രകാരം ഒരു വര്‍ഷം തമിഴ്‌നാട്ടില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.കാര്‍ത്തിക്,മുരുകന്‍ എന്നീ പ്രതികള്‍ ഒരു വര്‍ഷമായി ഇവരുടെ കൂട്ടത്തില്‍ കൂടുകയും ഇവര്‍ക്കായി കളവിന് സാഹചര്യങ്ങള്‍ ഒരുക്കുകയുമാണ് ചെയ്യുന്നത്.സന്നിധാനം എസ്.െഎ.ബി വിനോദ്കുമാറിന്റെ നേത്യത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.പ്രസാദ്,പി.എ ഹരികുമാര്‍, വാസുദേവകുറുപ്പ്, കെ.സന്തോഷ്, വി.ബിജുകുമാര്‍,സി.പി.ഒ മാരായപി.കെ അജീഷ് കുമാര്‍,ബിജു മാത്യു,എ.എസ്. ഗിരിജേന്ദ്രന്‍, മനോജ് മുരളി, രവികുമാര്‍ എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.