കോഴിക്കോട്: കോഴിക്കോടിന്റെ ഫുട്ബാള്‍ പ്രതാപം വീണ്ടെടുക്കാന്‍ 21 വര്‍ഷങ്ങള്‍ക്കുശേഷം നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്. കേരളത്തിലെ ആദ്യ അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്ണ്ണമെന്റുകൂടിയായ നാഗ്ജി കപ്പ് ഫുട്ബോളിന്റെ കിക്കോഫ് ഫെബ്രുവരി അഞ്ചിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കും. ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ മുഖ്യാതിഥായി ചടങ്ങില്‍ പങ്കെടുക്കും. റൊണാള്‍ഡിഞ്ഞോയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യ സന്ദര്‍ശനമാണ്. ഫെബ്രുവരി 21നാണ് ഫൈനല്‍. യൂറോപ്പിലെയും സൗത്ത്അമേരിക്കയിലെയും ഏഴ് പ്രമുഖ ക്ലബ്ബ് ടീമുകള്‍ക്ക് പുറമേ ഇന്ത്യന്‍ ക്ലബ്ബ് ടീമും കളിക്കളത്തിലിറങ്ങും.
ജില്ലാ ഫുട്ബാള്‍ അസോസിയേഷനും മൊണ്ടിയല്‍ സ്പോര്‍ട്സ് മാനേജ്മെന്റും സംയുക്തമായാണ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്. യുകെ ആസ്ഥാനമായുള്ള ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ ഫുട്ബാള്‍ ഫോര്‍ പീസ് സംഘടനയും സംരംഭത്തോട് സഹകരിക്കുന്നു. പാഷന്, പെയ്സ് ആന്റ് പീസ് എന്നതാണ് ടൂര്‍ണ്ണമെന്റിന്റെ മുദ്രാവാചകം. അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീം, ഇംഗ്ലണ്ടില്‍ നിന്നുള്ള വാറ്റ്ഫോര്‍ഡ് എഫ്സി (അണ്ടര്‍ 23), സ്പെയിനിലെ ലെവന്റെ യുഡി (അണ്ടര്‍ 23) (അണ്ടര്‍ 23), ബ്രസീലില്‍ നിന്നുള്ള ക്ലബ്ബ് അത്ലറ്റിക്കോ പരാനന്‍സ് (അണ്ടര്‍ 23), ജര്‍മ്മനിയില്‍ നിന്നുള്ള ടിഎസ്വി 1860 മ്യൂണിക്ക്, റൊമാനിയയുടെ റാപിഡ് ബുച്ചറെസ്റ്റ് മെയിന്‍ ടീം, ജര്‍മ്മനിയുടെ ഹെര്‍ത്താ ബെര്‍ലിന്‍ സ്പോര്‍ട്സ് ക്ലബ്ബ് ടീം (അണ്ടര്‍ 23) ഇന്ത്യയെ പ്രതിനിധീകരിച്ച് ഐ ലീഗിലെ ഒരു ടീമും കളത്തിലിറങ്ങും.
കോഴിക്കോടിന്റെ സ്വന്തം ഫുട്ബാള്‍ ടൂര്‍ണ്ണമെന്റായി നാഗ്ജി 1952ലാണ് ആരംഭിച്ചത്. കോഴിക്കോട് കുടിയേറി പാര്‍ത്ത വ്യാപാരിയായിരുന്ന സേട്ട്നാഗ്ജിയുടെ സ്മരണക്കായി മാനാഞ്ചിറയില്‍ യംഗ് ചലഞ്ചേഴ്സ് ക്ലബ്ബാണ് ആദ്യമായി ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. 1957ല്‍ കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാ ഫുട്ബാള്‍ അസോസിയേഷനും മത്സര നടത്തിപ്പ് ഏറ്റെടുത്തു. രാജ്യത്തെ ഒന്നാംകിട ടീമുകള്‍ക്ക് പുറമേ വിദേശ ടീമുകളും കളിച്ച പാരമ്പര്യം നാഗ്ജിക്കുണ്ട്. 1955ലും 56ലും പാക്കിസ്ഥാനിലെ കറാച്ചി കിക്കേഴ്സ് ആയിരുന്നു ജേതാക്കള്‍. 1989ല്‍ ധാക്കയില്‍ നിന്നുള്ള അബഹാനി ക്രീഡാചക്ര ചാമ്പ്യന്മാരായി. നാഗ്ജി ട്രോഫി കൂടുതല്‍ തവണ നേടിയത് കൊല്‍ക്കത്ത മുഹമ്മദന്‍സും ജെസിടി മില്‍സ് ഫഗ്വാരയുമാണ്. കേരളത്തില്‍ നിന്നും കുണ്ടറ അലിന്‍ഡ് ടീം മാത്രമാണ് ജേതാക്കളായത്. കണ്ണൂര്‍ ലക്കിസ്റ്റാര്‍, കണ്ണൂര്‍ ജിംഗാന, കെഎസ്ആര്‍ടിസി, ടൈറ്റാനിയം, കേരള ഇലവന് ടീമുകള്‍ റണ്ണറപ്പായിട്ടുണ്ട്. കോര്പ്പറേഷന് സ്റ്റേഡിയം നവീകരണത്തിനായി 1995ല്‍ നിര്‍ത്തിവെച്ച ടൂര്‍ണ്ണമെന്റാണ് 2016ല്‍ പുനരാരംഭിക്കുന്നത്.
സൗദിയിലെ മലയാളികളായ ഫുട്ബാള്‍ പ്രേമികളുടെ പിന്തുണയോടെയാണ് ടൂര്‍ണ്ണമെന്റിന്റെ പുനരാരംഭം. കേരള ഫുട്ബാള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് എ. പ്രദീപ്കുമാര്‍ എംഎല്‍എ, മൊണ്ടിയല്‍ സ്പോര്‍ട്സ് ചെയര്മാന് ഹിഫ്സു റഹ്മാന്, കെഡിഎഫ്എ സെക്രട്ടറി പി. ഹരിദാസ്, വൈസ് പ്രസിഡന്റ് കുട്ടിശങ്കരന്, മൊണ്ടിയാല്‍ സിഇഒ അംജദ് ഹുസൈന്, കെഡിഎഫ്എ ട്രഷറര്‍ പി. പ്രിയേഷ്കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി.പി. ദാസന്, മൊണ്ടിയല്‍ വൈസ് ചെയര്മാന് അബ്ദുല്റഹ്മാന്, ബേബി, റഫീഖ് കണ്ണൂര്‍, സന്ദീപ് മേത്ത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: