എരുമേലി പേട്ടതുളളല്‍ ഇന്ന്

Monday 11 January 2016 10:54 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാര അനുഷ്ഠാനങ്ങളില്‍ നിറകാഴ്ചയൊരുക്കി ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളല്‍ ഇന്ന് നടക്കും.അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളല്‍ എരുമേലിയെ ഭക്തി സാന്ദ്രമാക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദേവചൈതന്യമായി ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുളളല്‍ ആരംഭിക്കുന്നത്. പേട്ടതുളളല്‍ സംഘത്തോടൊപ്പം വാവരുടെ പ്രതിനിധിയും യാത്രയാകും. വിവിധ വര്‍ണ്ണങ്ങളിലുളള ചായങ്ങള്‍ ദേഹമാസഹലം വാരിപൂശി, പാണല്‍ ഇലകള്‍ കൊണ്ട് താളം പിടിച്ചും അസുരവാദ്യത്തിന്റെ താളക്കൊഴുപ്പില്‍ ആനന്ദനൃത്തം വെച്ചും അമ്പലപ്പുഴ സംഘം പേട്ടതുളളുമ്പോള്‍ അവതാര ലക്ഷ്യം പൂര്‍ത്തീകരിച്ച മണികണ്ഠ സ്വാമിയുടെ സ്മരണ ഇവിടെ പുതുക്കപ്പെടുന്നു. അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുളള തീര്‍ത്ഥാടക സംഘമാണ് എരുമേലയില്‍ പേട്ടതുളളുന്നത്. ഉച്ചക്ക് കൃഷ്ണചൈതന്യമായ പരുന്തിനെ കണ്ടാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്നും പേട്ടതുളളല്‍ ആരംഭിക്കുന്നത്. പിതൃസ്ഥാനീയരായ ആലങ്ങാട് ദേശക്കാരുടെ പേട്ടതുളളലാണ് രണ്ടാമതായി അരങ്ങേറുന്നത്. ഗുരുസ്വാമി എ കെ വിജയകുമിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘം എത്തുന്നത്.് .ഇരുപേട്ടതുളളല്‍ സംഘങ്ങളേയും വിവിധ സ്ഥലങ്ങളില്‍ സ്വീകരിക്കും. പേട്ടകൊച്ചമ്പലത്തില്‍ മേല്‍ ശാന്തിയും വലിയമ്പലത്തില്‍ മേല്‍ശാന്തി ജയരാജ് നമ്പൂതിരിയും പേട്ടതുളളല്‍ സംഘങ്ങള്‍ക്ക് പ്രത്യേക വഴിപാട് പ്രസാദം നല്‍കും.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍,ഡെപ്യൂട്ടി കമ്മീഷണര്‍ കെ ആര്‍ മോഹന്‍ലാല്‍ എ ഒ പത്ഭനാഭനുണ്ണി തുടങ്ങിയ സ്വീകരിക്കും.പേട്ടതുളളുന്ന സംഘങ്ങള്‍ക്ക് സേവാഭാരതിയും പൊലീസും സംയുക്തമായി സംരക്ഷണം ഒരുക്കും.ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,ശബരമില അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എസ് മനോജ്, അഖില ഭാരത അയ്യപ്പ സേവാസംഘംഎരുമേലി ക്യാമ്പ് ഓഫീസര്‍ പി പി ശശിധരന്‍നായര്‍ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍,കെ എസ് ആര്‍ ടി സി ,പൊലീസ്,പുത്തന്‍വീട്പ്രതിനിധി പി പി പെരിശേരി പിളള.എന്‍ എസ് എസ് എരുമേലി കരയോഗം പ്രസിഡന്റ് ടി അശോക് കുമാര്‍,കേരള വെളളാള മഹാസഭ ജില്ലാ പ്രസിഡന്റ് എന്‍ ബി ഉണ്ണികൃഷ്ണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മുജീബ് റഹുമാന്‍ ,ജമാഅത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ്,വിവിധ ജനപ്രതിനിധികള്‍ ,സര്‍ക്കാര്‍ വകുപ്പ്തല ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയ സംഘടനകള്‍ സ്വീകരിക്കും. പേട്ട സദ്യ നാളെ എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന്റെ ഭാഗമാകുന്നവര്‍ക്കും നാനഭാഗങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്കും പ്രദേശവാസികള്‍ക്കും വിഭവസമൃദ്ധമായ പേട്ട സദ്യ എരുമേലിയില്‍ നാളെ നടക്കും. കൊട്ടാരക്കര മാവടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹാവിഷ്ണു സേവാ സമിതി നേതൃത്വത്തില്‍ നടക്കുന്ന പേട്ടസദ്യ വലിയമ്പലത്തിനു സമീപം എരുമേലി ജന്മാകിച്ചണ്‍സില്‍ രാവിലെ 11ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. പേട്ടസദ്യയില്‍ 5000പേരെ പ്രതീക്ഷിക്കുന്നതായും പേട്ടസദ്യ തികച്ചും സൗജന്യമായി എല്ലാവര്‍ക്കും നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ ശബരിമല, പന്തളം, പമ്പാ, ചിറ്റാര്‍, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പേട്ടസദ്യനടത്തി വരുന്ന മഹാവിഷ്ണു സേവാ സമിതി സംഘടനാ ഇതാദ്യമായിയാണ് എരുമേലിയില്‍ സദ്യനടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.