തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

Monday 11 January 2016 11:31 pm IST

പന്തളം: മകരവിളക്കിന് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള പുത്തന്‍ മേടയില്‍നിന്നും പുറപ്പെടും.രാജകുടുംബത്തിലെ ഒരംഗം അന്തരിച്ചതിനെ തുടര്‍ന്നുള്ള അശൂലം കാരണം വലിയകോയിക്കല്‍ ക്ഷേത്രം അടച്ചിരിക്കുന്നതിനാല്‍ ഇക്കുറി രാവിലെ തിരുവാഭരണദര്‍ശനം ഉണ്ടായിരിക്കില്ല.

കൊട്ടാരം സ്‌ട്രോംഗ് റൂമിലുള്ള തിരുവാഭരണങ്ങള്‍ പന്തളംകൊട്ടാരംശിവക്ഷേത്രം മേല്‍ശാന്തി ചെങ്കിലാത്ത് കേശവന്‍പോറ്റി 13ന് കാലത്ത് 6.15 ന് ശുദ്ധിവരുത്തും. ശബരിമലയ്ക്കു കൊണ്ടു പോകുന്ന തിരുവാഭരണങ്ങളുടെ ലിസ്റ്റ് ദേവസ്വം അധികൃതരെ ബോദ്ധ്യപ്പെടുത്തി പേടകങ്ങള്‍ അടച്ച് 7.15ഓടെ അശുദ്ധിയില്ലാത്ത ബന്ധുജനങ്ങള്‍ പുത്തന്‍മേട തിരുമുറ്റത്തേക്ക് എഴുന്നള്ളിക്കും. പൂപ്പന്തലില്‍ പേടകങ്ങള്‍ ഭക്തജന ദര്‍ശനത്തിനു വയ്ക്കും. രാവിലെ 7.30 മുതല്‍ 12.30 വരെ തിരുവാഭരണ പേടകങ്ങള്‍ ദര്‍ശിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുമെങ്കിലും തിരുവാഭരണപ്പെട്ടി തുറന്ന് ദര്‍ശനമുണ്ടായിരിക്കില്ല.

അതിനുശേഷം വലിയകോയിക്കല്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നീലിമല ഇല്ലത്ത് എന്‍. ഈശ്വരന്‍ നമ്പൂതിരി കര്‍പ്പൂരദീപവും നീരാജനവും ഉഴിഞ്ഞശേഷം ലിസ്റ്റും താക്കോലും ദേവസ്വം അധികാരികള്‍ക്കു കൈമാറും. ഒരുമണിയോടെ തിരുവാഭരണ പേടകങ്ങള്‍ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഉള്ള തിരുവാഭരണപേടകവാഹകരുടെ ശിരസ്സില്‍ ബന്ധുജനങ്ങള്‍ എടുത്തുനല്‍കുന്നതോടെ ഘോഷയാത്ര ആരംഭിക്കും.

പുത്തന്‍മേടയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര മണികണ്ഠന്‍ ആല്‍ത്തറ വഴി കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലൂടെ കുളനട ദേവി ക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് ഇവിടെ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പേടകങ്ങള്‍ തുറന്നുവയ്ക്കുംഘോഷയാത്രയില്‍ തിരുവാഭരണപേടകം തുറന്നു വെക്കുന്ന ആദ്യക്ഷേത്രമാണ് കുളനട ദേവി ക്ഷേത്രം. വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം ഇല്ലാത്തതിനാല്‍ കുളനട ദേവിക്ഷേത്രത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സമയം ദര്‍ശനത്തിന് അവസരമുണ്ട്.

തുടര്‍ന്ന് ഉള്ളന്നൂര്‍ ദേവിക്ഷേത്രം, കുറിയാനിപ്പള്ളി, കിടങ്ങന്നൂര്‍, ആറന്മുള ക്ഷേത്രം വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ എത്തി ആദ്യദിവസത്തെ യാത്ര അവസാനിക്കും. 14നു പുലര്‍ച്ചെ ആരംഭിക്കുന്ന രണ്ടാംദിന യാത്ര റാന്നി, വടശ്ശേരിക്കര, പെരുനാട് വഴി ളാഹ സത്രത്തില്‍ വിശ്രമിക്കും. 15ന് ളാഹയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര നിലക്കല്‍, അട്ടത്തോട്, പാണ്ടിത്താവളംവഴി മരക്കൂട്ടത്തില്‍ എത്തും അവിടെനിന്ന് ദേവസ്വം ഭാരവാഹികളും അയ്യപ്പസേവാസംഘവും ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തില്‍ എത്തിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.