മുന്നണികള്‍ ദേവസ്വം നയം വ്യക്തമാക്കണം: കുമ്മനം

Monday 11 January 2016 8:00 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇടത് വലത് മുന്നണികള്‍ ദേവസ്വം ഭരണത്തെക്കുറിച്ച് നയം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ക്ഷേത്ര സ്വത്ത്, വരുമാനം ഇവയെക്കുറിച്ച് സര്‍ക്കാര്‍ ധവള പത്രം ഇറക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ക്ഷേത്ര ഭരണം രാഷ്ട്രീയ മുക്തമാക്കുക, അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കള്‍ തിരികെ പിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ഭരണപരിഷ്‌ക്കാര കമ്മറ്റി ചര്‍ച്ച് ബോര്‍ഡ് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ഉമ്മന്‍ചാണ്ടിയും പിണറായിയും അടങ്ങുന്ന മുന്നണികള്‍ എതിര്‍ത്തത് എന്തിനെന്ന് ഹൈന്ദവ സമൂഹത്തോട് പറയണം. മതേതര സങ്കല്‍പത്തിനെതിരാണ് ക്ഷേത്രഭരണം സര്‍ക്കാര്‍ നടത്തുന്നത്. ക്ഷേത്ര ഭരണത്തില്‍ ജനാധിപത്യം കൊണ്ടുവരികയും ദേവസ്വം ആക്ട് ഭേദഗതി ചെയ്യുകയും വേണം ദേവസ്വം ബോര്‍ഡ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന എത്ര എംഎല്‍എമാര്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന് വ്യക്തമാക്കണം. ബോര്‍ഡ് പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ വേണ്ടി മാത്രം ഇവര്‍ ഹിന്ദു എംഎല്‍എമാരാകുന്നു. എന്നാല്‍ ക്ഷേത്രങ്ങളില്‍ പോലും ഇവര്‍ പോകാറില്ല. ക്ഷേത്രങ്ങളെ കറവപ്പശുക്കളാക്കുകയാണ് സര്‍ക്കാര്‍. ശബരി മല ക്ഷേത്രത്തില്‍ നട അടച്ചിരിക്കുമ്പോഴും പ്രതിമാസം 39 ലക്ഷത്തിധികം രൂപ വൈദ്യുതി ബില്‍ ഇനത്തില്‍ നല്‍കേണ്ടി വരുന്നു. പ്രകൃതിദത്തമായി ശബരിമലയില്‍ കുടിവെള്ളത്തിനായി ജലം ലഭിക്കുന്നുണ്ട്. കുന്നാര്‍ ഡാമിന്റെ ഉയരം രണ്ട് മീറ്റര്‍ വര്‍ദ്ധിപ്പിച്ചാല്‍ മാത്രം മതി. ഇതിനു മുതിരാതെ പമ്പയില്‍ നിന്നും മോട്ടാര്‍ വച്ച് പമ്പ് ചെയ്ത് ശബരിമലയില്‍ വെള്ളം എത്തിച്ച് വാട്ടര്‍ അതോറിറ്റിയും ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. കെഎസ്ആര്‍ടിസിയും അയ്യപ്പന്മാരെ ചൂഷണം ചെയ്യുന്നതില്‍ പിന്നിലല്ല. സര്‍ക്കാരിന്റെ ഒട്ടു മിക്ക വകുപ്പുകളുടെയും നിലനില്‍പ്പ് ശബരിമല വരുമാനത്തില്‍ നിന്നാണ്. മതേതര രാഷ്ട്രത്തില്‍ മതസ്വാതന്ത്ര്യം ഒരു വിഭാഗത്തിന് മാത്രം നിഷേധിക്കുന്നത് ശരിയല്ല. ഇത് മതവിവേചനമാണ്. ക്ഷേത്രഭരണം ഭക്തജനങ്ങളെ ഏല്‍പിക്കണമെന്നാണ് ബിജെപിയുടെയും ആവശ്യം. 25000 ഏക്കര്‍ ക്ഷേത്രഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എം.പി. ഗോവിന്ദന്‍നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതിയിരുന്നു. കേരളത്തിലെ റവന്യൂ വരുമാനത്തില്‍ 40 ശതമാനം ലഭിക്കുന്നത് ക്ഷേത്ര സ്വത്തുക്കളില്‍ നിന്നാണ്. അതുകൊണ്ട് ്പ്രതിവര്‍ഷം അമ്പത് കോടിയെങ്കിലും സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് നല്‍കണമെന്ന്. ഇത് ഔദാര്യമല്ല. ഭക്തജനങ്ങളുടെ അവകാശമാണ്. രാഷ്ട്രീയപാര്‍ട്ടിക്കാരോടല്ല, ഹൈന്ദവ സംഘടനകളോടാണ് ക്ഷേത്രകാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത്. ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായും മുസ്ലിം മതനേതാക്കളുമായും സര്‍ക്കാരിന് ചര്‍ച്ചയാകാം. ക്ഷേത്ര കാര്യങ്ങളെക്കുറിച്ച് ഹിന്ദു നേതാക്കളോട് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരിനു താല്പര്യമില്ല. നുണ പ്രചാരണങ്ങള്‍ നടത്തി വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ ഉണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടിയും പിണറായിയും ചേര്‍ന്ന് ശ്രമിക്കുന്നത്. മറ്റ് മതസ്ഥര്‍ ഇത് കരുതിയിരിക്കണമെന്നും കുമ്മനം പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷത വഹിച്ചു. ടി.ജി. മോഹന്‍ദാസ്, കദംബന്‍ നമ്പൂതിരിപ്പാട്, വി.കെ.വിശ്വനാഥന്‍, എം.ശ്രീധരന്‍, ഇ.എസ്.ബിജു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ശ്രീശങ്കരമഠം സ്വാമി അദ്വൈതാനന്ദപുരി, അഡ്വ.മോഹന്‍കുമാര്‍, പ്രൊഫ.വി.ടി.രമ, സി.കെ.കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.