മദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Wednesday 4 January 2012 10:23 am IST

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ബംഗളുരുവില്‍ മദനിക്ക്‌ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും കേസിന്റെ വിചാരണ വേഗത്തിലാക്കാനും പ്രത്യേക കോടതിയോട്‌ ജസ്റ്റീസുമാരായ ചെലമേശ്വര്‍, സദാശിവം എന്നിവര്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാല്‍ മദനിക്ക്‌ ജാമ്യം അനുവദിക്കണമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കര്‍ണാടക സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തു. ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ മദനിയുടെ പങ്ക്‌ തെളിഞ്ഞിട്ടുണ്ടെന്നും കേസ്‌ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മദനി പുറത്തിറങ്ങിയാല്‍ തെളിവ്‌ നശിപ്പിക്കാന്‍ ശ്രമിച്ചേക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചില്ലെങ്കില്‍ മദനിക്ക്‌ മലപ്പുറത്ത കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്ന വാദത്തെയും സര്‍ക്കാര്‍ എതിര്‍ത്തു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ശാഖകള്‍ ബംഗളുരുവില്‍ ഉണ്ടെന്നും മദനിക്ക്‌ അവിടെ ചികിത്സ ലഭ്യമാക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി മ‌ദനിയുടെ ജാമ്യാപേക്ഷ തള്ളിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.