സുഗ്രീവസ്തുതി

Tuesday 12 January 2016 7:37 pm IST

ശ്രീരാമന്‍ സാക്ഷാല്‍ നാരായണന്‍തന്നെയെന്ന് സുഗ്രീവനു ബോദ്ധ്യമായി. അയാള്‍ ഭഗവാനെ സ്തുതിക്കുന്നു. ''ഹേ ഭഗവന്‍, അങ്ങ് ജഗന്നാഥനും എല്ലാത്തിനും സാക്ഷിഭൂതനുമായ പരമാത്മാവു തന്നെയെന്നു നിശ്ചയമാണ്. ഞാന്‍ പണ്ടുചെയ്ത പുണ്യംകൊണ്ട് ഇപ്പോള്‍ അങ്ങയെ കാണാന്‍ എനിക്കു യോഗം വന്നു. ജനനമരണങ്ങളില്‍ നിന്നും മോചനം കിട്ടാന്‍ നിര്‍മ്മലഹൃദയന്മാര്‍ അങ്ങയെ ഭജിക്കുന്നു. മോക്ഷം നല്‍കുന്ന അങ്ങയെ ലഭിച്ചതുകാണ്ട് മോക്ഷമല്ലാതെ മറ്റൊന്നും ഞാന്‍ അപേക്ഷിക്കുന്നില്ല. പുത്രന്‍, ഭാര്യ, രാജ്യം തുടങ്ങിയവയെല്ലാം തവ മായാവിരചിതമായതിനാല്‍ വ്യര്‍ത്ഥമാണ്. ഹേ ദേവേശ എനിക്കിപ്പോള്‍ മറ്റ് ആഗ്രഹങ്ങളൊന്നുമില്ല. എന്നില്‍ പ്രസാദിക്കണമേ. ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ആനന്ദാനുഭൂതിയെ ഞാനിപ്പോള്‍ ഭാഗ്യകൊണ്ട് പ്രാപിച്ചിരിക്കുന്നു. ഹേ രഘുനാഥാ, മണ്ണെടുക്കാന്‍ ഭൂമി കുഴിച്ചപ്പോള്‍ നിധികിട്ടിയതുപോലെയായി എന്റെ അവസ്ഥ. ധര്‍മ്മം, ദാനം, വ്രതം, തീര്‍ത്ഥാടനം, തപസ്സ്, ആരാധന, സല്‍ക്കര്‍മ്മങ്ങള്‍ എന്നിവ കൊണ്ടോ, കിണറു കുഴിച്ചതുകൊണ്ടോ, ക്ഷേത്രം നിര്‍മ്മിച്ചതുകൊണ്ടോ ഒരാള്‍ക്കും സംസാരനാശം വരുന്നില്ല. അതിന് അവിടത്തെ പാദഭക്തിമാത്രം മതി. എനിക്കിപ്പോള്‍ അങ്ങയുടെ പാദപത്മങ്ങളുടെ ദര്‍ശനം കിട്ടിയതും അവിടത്തെ കൃപകൊണ്ടാണ.് ആരുടെ മനസ്സാണോ അങ്ങയുടെ തന്നെ മനസ്സുറപ്പിക്കാന്‍ കാല്‍ക്ഷമമെങ്കിലും ഉറച്ചിരിക്കുന്നുവോ, അവന് അനര്‍ത്ഥങ്ങളുണ്ടാക്കുന്ന അജ്ഞാനം നീങ്ങും. അങ്ങയില്‍തന്നെ മനസ്സുറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരമഭക്തിയോടെ രാമരാമയെന്നു ജപിച്ചാല്‍ മതി സര്‍വദുരിതങ്ങളും നീങ്ങി, നല്ലവനും ഏറ്റവും വിശുദ്ധനുമായിത്തീരും. മദ്യപാനിയോ, ബ്രഹ്മഹത്യ ചെയ്തവനോ ആകട്ടെ രാമരാമജപം കൊണ്ട് പെട്ടെന്ന് മുക്തനാകുന്നു. എനിക്കിപ്പോള്‍ ശത്രുജയമോ, ഭാര്യാസുഖമോ വേണമെന്നാഗ്രഹമില്ല. മുക്തികിട്ടാനായി അങ്ങയുടെ ഭക്തിയല്ലാതെ മറ്റൊന്നും എനിക്കുവേണ്ട. മൂന്നുലോകത്തിനും അധിപതിയായ അങ്ങയുടെ പാദഭക്തിമാര്‍ഗം ഉപദേശിച്ച് എന്റെ പാപമൊക്കെ നശിപ്പിച്ചാലും ശത്രു, മിത്രം, ഉദാസീനന്‍ എന്നിങ്ങനെയുള്ള ഭേദശ്രമം എന്റെ മനസ്സില്‍നിന്നുപോയിരിക്കുന്നു. അങ്ങയുടെ പാദപത്മങ്ങളുടെ ദര്‍ശനംകൊണ്ട് എനിക്കിപ്പോള്‍ യഥാര്‍ത്ഥ ജ്ഞാനമുദിച്ചിരിക്കുന്നു. അതിനാല്‍ പുത്രന്‍, ഭാര്യ തുടങ്ങിയ ബന്ധങ്ങളെല്ലാം അവിടത്തെ ശക്തിയായ മായയുടെ പ്രഭാവം മാത്രമാണ്. അതിനാല്‍ എപ്പോഴും എന്റെ മനസ്സ് അവിടത്തെ പാദപങ്കജത്തില്‍ തന്നെ ഉറയ്ക്കണം. എന്റെ നാവ് നാണംകൂടാതെ എപ്പോഴും അവിടത്തെ നാമസങ്കീര്‍ത്തനത്തിനുമാത്രമുള്ളതാകണം. എന്റെ കൈകള്‍ അവിടത്തെ പാദങ്ങളില്‍ അര്‍ച്ചന ചെയ്യാനുള്ളതാകണം. എന്റെ കണ്ണുകള്‍ നിരന്തരം അവിടത്തെ രൂപം ദര്‍ശിക്കാന്‍ മാത്രമാകണം. എന്റെ ചെവികള്‍ സദാ അവിടത്തെ മനോഹരകാഴ്ചകള്‍ കേള്‍ക്കാന്‍ മാത്രമാകണം. രഘുപതേ, എന്റെ കാലുകള്‍ ഭഗവാന്റെ ക്ഷേത്രങ്ങള്‍തോറും സഞ്ചരിക്കാനുള്ളതാകണം. ഹേ, ജഗല്‍പതേ, എന്റെ ശരീരം അവിടത്തെ പാദങ്ങളിലെ പൊടിയണിയാനുള്ളതാകണം. എന്റെ ശിരസ്സ് സദാ അവിടത്തെ പാദങ്ങളില്‍ നമസ്‌കരിക്കാന്‍ കഴിയണം. ഇങ്ങനെ സ്തുതിച്ച സുഗ്രീവനെ ഭഗവാന്‍ ആലിംഗനം ചെയ്ത് അവന്റെ പാപമെല്ലാം ശമിപ്പിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.