കയര്‍മേളയ്‌ക്കെതിരെ കോണ്‍ഗ്രസ് എംപി

Tuesday 12 January 2016 8:19 pm IST

ആലപ്പുഴ: തകര്‍ച്ചയിലായ കയര്‍ മേഖലയെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് കയര്‍മേള നടത്തുന്നതിനെ വിമര്‍ശിച്ച് കെ.സി. വേണുഗോപാല്‍ എംപി രംഗത്ത്. സര്‍ക്കാരിന്റെ അലംഭാവം മൂലം കയര്‍ തൊഴിലാളികളും കയര്‍ സംഘങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. കയര്‍ മേഖല പൂര്‍ണമായും തകര്‍ച്ചയിലാണ്. ഈ സാഹചര്യത്തില്‍ കയര്‍മേളകള്‍ നടത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കയര്‍ മേളകളല്ല, കയര്‍ മേഖലയെ സംരക്ഷിക്കാനാവശ്യമായ അടിയന്തരനടപടിയാണ് വേണ്ടതെന്ന് എംപി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു. സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചു നടത്തുന്ന കയര്‍ മേളയ്‌ക്കെതിരെ കോണ്‍ഗ്രസ് എംപി തന്നെ രംഗത്തെത്തിയത് കൗതുകകരമായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി ജി. സുധാകരനാണ് കയര്‍മേളയ്ക്ക് തുടക്കമിട്ടത്. പിന്നീട് യുഡിഎഫ് സര്‍ക്കാരും ഇത് തുടരുകയായിരുന്നു. ഓരോ വര്‍ഷവും കോടികളാണ് കയര്‍മേളയ്ക്ക് ചെലവഴിക്കുന്നത്. എന്നാല്‍ ചെറുകിട കയര്‍ഫാക്ടറികള്‍ക്കോ സാധാരണ തൊഴിലാളികള്‍ക്കോ മേളകള്‍കൊണ്ട് യാതൊരു പ്രയോജനവും ഇതുവരെ ലഭിച്ചിട്ടില്ല. ഏതാനുംചില വന്‍കിട കയര്‍ കയറ്റുമതിക്കാര്‍ക്കുമാത്രമാണ് മേള നേട്ടമായത്. എന്നാല്‍ ഇടതു വലതു മുന്നണികള്‍ കയര്‍ മേളയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. പൊടുന്നനെ സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എംപിതന്നെ ഇതിനെതിരെ രംഗത്തെത്തിയത് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസമാണ് കാരണമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.